യൂറോകപ്പും കോപ്പ അമേരിക്കയുമൊക്കെ കഴിഞ്ഞു.കാൽപ്പന്ത് കളിയിൽ ഇനി ക്ലബുകളുടെ പോരാട്ടം. പ്രധാന ലീഗുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനും സ്പാനിഷ് ലീഗിനും തിരിതെളിഞ്ഞു. ഇത്തവണത്തെ യൂറോകപ്പ് ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച ഒരുപിടി യുവതാരങ്ങളുടെ കളി കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെയുടെ വരവാണ് ഇത്തവണ സ്പാനിഷ് ലീഗിനെ ശ്രദ്ധേയമാക്കുന്നത്. എംബാപ്പെയുടെ ചിറകിലേറി മറ്റൊരു കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്. ബാഴ്സലണോയും അത്ലറ്റിക്കോ മാഡ്രിഡും കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. ഏറ്റവും ആവേശകരമായ പോരാട്ടങ്ങളുമായി മറ്റൊരു സീസൺ കൂടി എത്തുമ്പോൾ സ്പാനിഷ് ലീഗിൽ എന്താകും സംഭവിക്കുക?
റയൽ മാഡ്രിഡ്
ഫ്രീ ട്രാൻസ്ഫറായി പിഎസ്.ജിയിൽനിന്ന് എംബാപ്പെ റയലിലേക്ക് വന്നത് തന്നെയാണ് ഇത്തവണ സ്പാനിഷ് ലീഗിലെ ഏറ്റവും ചൂടൻ വാർത്ത. ഫ്രീ ട്രാൻസ്ഫറായാണ് എംബാപ്പെയുടെ വരവ്. എംബാപ്പെയെ കൂടാതെ എഡ്വേർഡോ കാമവിംഗ, ഔറേലിയൻ ചൗമേനി, ഫെഡറിക്കോ വാൽവെർഡെ, വിനീഷ്യസ് ജൂനിയർ എന്നിവർ കൂടി ഉൾപ്പെടുന്ന റയൽ മാഡ്രിഡ് ഈ സീസണിൽ ഏറ്റവും അപകടകാരികളായ സംഘമായി മാറുന്നു. ഇവരെ കൂടാതെ യൂറോ 2024ൽ തുർക്കിക്കുവേണ്ടി കളിച്ച അർദ ഗുലർ എന്ന യുവ സൂപ്പർതാരവും ബ്രസീലിൻ്റെ 18-കാരനായ വണ്ടർകിഡ് എൻഡ്രിക്കും ബർണബുവിൽ ഉണ്ട്. ഇതോടെ താരബാഹുല്യം എങ്ങനെ കൈകാര്യം ചെയ്യാൻ പരിശീലകൻ കാർലോസ് അഞ്ചലോട്ടിക്ക് കഴിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാൽ താരസമ്പന്നമെങ്കിലും റയൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ചില വെല്ലുവിളികളുണ്ട്. അതിൽ പ്രധാനം മധ്യനിരയിൽ ടോണി ക്രൂസിനെപ്പോലെയുള്ള ഒരു താരത്തിന് ആര് പകരക്കാരനാകുമെന്നതാണ്. അതുപോലെ നാച്ചോ ഫെർണാണ്ടസ് എന്ന താരത്തിന്‍റെ നേതൃപാടവവും ഇത്തവണ റയലിനുണ്ടാകില്ല. റിസർവ് ബെഞ്ചിന്‍റെ കരുത്ത് കൂട്ടുന്ന ജോസലുവിന്‍റെ അഭാവവും ലൂക്ക മോഡ്രിച്ചിന്‍റെ പ്രായക്കൂടുതലും റയലിന് വെല്ലുവിളിയാകും. എന്നാൽ എംബാപ്പെയുടെ കരുത്തിൽ ഇതെല്ലാം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ് ക്യാംപ്.
ബാഴ്സലോണ
നഷ്ടപ്പെട്ട കിരീടം വീണ്ടും നൌകാംപിൽ എത്തിക്കുകയെന്നതിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഇത്തവണ ബാഴ്സലോണയ്ക്ക് ഉണ്ടാകില്ല. സാവിക്ക് പകരക്കാരനായി മുൻ ബയേൺ മ്യൂണിക്ക് പരിശീലകൻ ഹാൻസി ഫ്ലിക്ക് മാനേജരായി എത്തുന്നുവെന്നതാണ് ഈ സീസണിലെ മുഖ്യ സവിശേഷത. ഫ്ലിക്കിന്‍റെ വരവ് ബാഴ്സയുടെ ഫോർമേഷനിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് കണ്ടറിയേണ്ടത്. പരമ്പരാഗതമായി 4-3-3 എന്ന രീതിയിലാണ് കറ്റാലൻ ക്ലബിന്‍റെ താരവിന്യാസം. എന്നാൽ ഇത്തവണ പ്രീസീസൺ മൽസരങ്ങളിൽ 4-2-3-1 എന്ന ഫോർമേഷനാണ് ഫ്ലിക്ക് പരീക്ഷിച്ചത്.
Also Read- ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ; അല്‍ നസര്‍ കിങ്ങ്സ് കപ്പ് ഫൈനലിൽ
ലയണൽ മെസിയെന്ന ഇതിഹാസം ക്ലബ് വിട്ടുപോയതിന് സാക്ഷിയായ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ലാലിഗ കിരീടം മാത്രമാണ് ബാഴ്‌സലോണയ്ക്ക് സ്വന്തമാക്കാനായത്. റൊണാൾഡ് അരൗജോ, പെഡ്രി, ഗാവി, ഫ്രെങ്കി ഡി ജോംഗ് എന്നിവരെ മുൻനിർത്തിയാകും ഈ സീസണിൽ ബാഴ്സ കളത്തിൽ ഇറങ്ങുക. എന്നാൽ സ്‌പെയിനിൻ്റെ യൂറോകപ്പ് വിജയത്തിൽ മുഖ്യപങ്ക് വഹിച്ച ലാമിൻ യമാൽ എന്ന യുവപ്രതിഭ ഇത്തവണ ബാഴ്സയുടെ തുറുപ്പുചീട്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഫോർവേഡ് ഡാനി ഓൾമോയുടെ വരവും ബാഴ്സയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. യൂറോയിലെ മറ്റൊരു യുവ സെൻസേഷനായ നിക്കോ വില്യംസിനെ ടീമിലെത്തിക്കുന്നതിൽ ചർച്ചകൾ നടന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഓഗസ്റ്റ് 24-ന് ബാഴ്സയും അത്ലറ്റിക്കോയും ഏറ്റുമുട്ടുമ്പോൾ നിക്കോ വില്യംസ് ആർക്കുവേണ്ടി കളിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അത്‌ലറ്റിക്കോ മാഡ്രിഡ്
പതിവുപോലെ വമ്പൻമാരായ റയൽമാഡ്രിഡിനും ബാഴ്സലോണയ്ക്കും വെല്ലുവിളി ഉയർത്താൻ പോന്ന സംഘവുമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വരുന്നത്. വമ്പൻ കളിക്കാരെ എത്തിച്ചാണ് ഇത്തവണ അത്ലറ്റിക്കോ ഇറങ്ങുന്നത്. ഇതിൽ പ്രധാനം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അർന്‍റീനൻ ഫോർവേഡ് ജൂലിയൻ അൽവാരെസിനെ എത്തിച്ചുവെന്നതാണ്. പ്രതിരോധം ശക്തിപ്പെടുത്താൻ റയൽ സോസിഡാഡിൽ നിന്ന് സ്പെയിനിന്‍റെ സെൻ്റർ ബാക്ക് റോബിൻ ലെ നോർമണ്ടിനെയും എത്തിച്ചിട്ടുണ്ട്. 2014ലെയും 2022ലെയും കിരീടനേട്ടം ആവർത്തിക്കുകയാണ് സിമിയോണിയും സംഘവും ലക്ഷ്യമിടുന്നത്.
Spanish League Real Madrid Barcelona Mbappe Lamin Yamal
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here