ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിന് മേൽ പഞ്ചാരിമേളം നടത്തി സ്പാനിഷ് സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായി ബാഴ്സലോണ. രണ്ടെണ്ണം കിട്ടിയപ്പോൾ അഞ്ചെണ്ണം തിരിച്ചടിച്ചാണ് ബാഴ്സ വിജയം കൊത്തിപ്പറന്നത്. 22ാം മിനുട്ടിൽ ലാമിനി യമാൽ തുടങ്ങിവെച്ച ഗോൾവേട്ട 48ാം മിനുട്ടിൽ റാഫിഞ്ഞ പൂർത്തിയാക്കുകയായിരുന്നു. ആദ്യ ഗോൾ നേടിയതിന് ശേഷം 26 മിനുട്ട് പിന്നിട്ടപ്പോഴേക്കും അഞ്ച് ഗോളുകൾ ബാഴ്സ നേടിയെന്നതും ശ്രദ്ധേയമാണ്.
ഇരട്ട ഗോളുകളും അസിസ്റ്റുകളും നേടി സൂപ്പർ പ്രകടനം കാഴ്ചവെച്ച റാഫിഞ്ഞ മാന്‍ ഓഫ് ദ മാച്ചായി. റോബർട്ട് ലെവൻഡോസ്കിയ്ക്കാണ് ഒരു ഗോൾ. 22, 36, 39, 45+10, 48 മിനുട്ടുകളിലായിരുന്നു ഗോളുകൾ. അഞ്ചാം മിനുട്ടില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ബാഴ്സയുടെ വല കുലുക്കി റയലിനായി ആദ്യ ഗോള്‍ നേടിയെങ്കിലും തുടർ പ്രത്യാക്രമണങ്ങൾ ചെറുക്കാൻ സാധിച്ചില്ല. 56ാം മിനുട്ടിൽ ബോക്‌സിലേക്ക് പന്തുമായെത്തിയ എംബാപ്പെയെ വീഴ്ത്തിയതിന് ബാഴ്‌സ ഗോള്‍കീപ്പര്‍ വോയ്‌സെച് ഷെസ്‌നി റെഡ് കാര്‍ഡ് കണ്ടതോടെ കറ്റാലൻ പോരാളികളുടെ എണ്ണം പത്തായി ചുരുങ്ങിയെങ്കിലും ആ അവസരവും മുതലാക്കാൻ റയലിന് സാധിച്ചില്ല.
Read Also: ജെമീമയ്ക്ക് സെഞ്ചുറി; അടിച്ചുകയറി മന്ദാനയും റാവലും ഡ്യോളും, കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ
60-ാം മിനിറ്റില്‍ തന്നെ റോഡ്രിഗോയിലൂടെ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചത് ആശ്വാസമായി. ബാഴ്സയുടെ ഈ വര്‍ഷത്തെ ആദ്യ കിരീട കിരീടനേട്ടമാണിത്. 15-ാം തവണയാണ് ബാഴ്‌സ സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്. യൂറോപ്യന്‍ സൂപ്പര്‍ കപ്പും ഇന്റര്‍നാഷണല്‍ കപ്പും സ്വന്തമാക്കി ഫുള്‍ പവറിലാണ് എംബാപ്പെയും വിനീഷ്യസും അടങ്ങിയ റയല്‍ സംഘമെത്തിയതെങ്കിലും കറ്റാലന്‍ വീര്യത്തിന് മുന്നില്‍ നിഷ്പ്രഭരാകുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയെന്ന നേട്ടവും ബാഴ്‌സ നിലനിര്‍ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here