കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം: സ്പീക്കർ എ എൻ ഷംസീർ

പ്രവാസി നയ രൂപീകരണത്തിന് ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു ലോക കേരള സഭയിലൂടെ കേരളം ലോകത്തിനു കാണിച്ചു കൊടുക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിൽ നാലാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തെ ബാധിച്ച അഗാധമായ ദുരന്തത്തിന്റെ നിഴലിലാണ് ഈ ഒത്തുചേരലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടിയേറ്റ തൊഴിലാളിയും കേവലം വ്യക്തികൾ മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പരിപാലകർ കൂടിയാണ്. നയരൂപ കർത്താക്കൾ എന്ന നിലയിൽ ഈ ദുരന്തം കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന അടിയന്തര ആവശ്യത്തെ അടിവരയിടുന്നു. കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും വിദേശത്തു മികച്ച തൊഴിൽ സാഹചര്യം നടപ്പാക്കുന്നതിനും കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും ലോക കേരള സഭയുടെ കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി നടത്തേണ്ടതുണ്ട്.

ഓരോ മലയാളിയും പലതരം വെല്ലുവിളികൾ അതിജീവിച്ചാണ് കേരളത്തിന് പുറത്ത് സ്വന്തമായി ഒരിടം കണ്ടെത്തുന്നത്. ഓരോ സ്ഥലത്തും അവർ ഒരു കേരളം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി മലയാളികളാണ് ഇത്തവണത്തെ ലോകകേരള സഭയുടെ ഭാഗമാകുന്നത്.

ALSO READ: ‘വീണാ ജോർജ് കേരളത്തിൻ്റെ ആരോഗ്യമന്ത്രിയാണ്, നിങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത് മിസ്റ്റർ’, രാജീവ് ചന്ദ്രശേഖറിനെതിരെ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ

ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം

ആഗോള പ്രവാസികളുടെ ഉത്സവസംഗമമായ ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 3.45ന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയാണ് നാലാമത് ലോക കേരള സഭയ്ക്ക് തുടക്കമായത്.

2018 ൽ 35 രാജ്യങ്ങളിലെ മലയാളി പ്രവാസികളുമായി ആരംഭിച്ച ലോകകേരള സഭ 2020 ൽ എത്തിയപ്പോൾ 48 രാജ്യങ്ങളാകുകയും പിന്നീട് 2022ലെത്തിയപ്പോൾ അത് 63 രാജ്യങ്ങളിലായി വളരുകയും ചെയ്തുവെന്നും നാലാമത് സമ്മേളനത്തിൽ എത്തുമ്പോൾ 100 ലധികം എന്ന നിലയിലേക്ക് രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുകയും ചെയ്തത് ഈ ആശയത്തിന്റെ വിജയമാണ് വെളിവാക്കുന്നതെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. പ്രവാസി സമൂഹത്തിനൊപ്പം വളരുന്ന നാടായി കേരളവും അഭിവൃദ്ധിയിലേക്ക് നടക്കുകയാണ്. സംസ്ഥാനത്തെ നിലവിലെ നിയമസഭാ അംഗങ്ങളും പാർലമെൻറ് അംഗങ്ങളും ആയ 169 പേരും പ്രവാസികളായ 182 പേരും അടങ്ങുന്ന 351 ഇന്ത്യൻ പൗരന്മാരാണ് ലോക കേരള സഭയിൽ അംഗങ്ങളായിട്ടുള്ളത്. രാജ്യത്തിന് പുറത്തുള്ള 104 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 36 പേരും പ്രവാസത്തിനുശേഷം തിരിച്ചെത്തിയ 12 പേരും പ്രവാസികളായ 30 പേരും ലോക കേരള സഭയിൽ ഉൾപ്പെടുന്നു എന്നത് പ്രവാസികളിലെ തന്നെ വിവിധ മേഖലകളിലെ പ്രാതിനിധ്യം വെളിവാക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

പ്രവാസി പ്രമുഖർ അടങ്ങുന്ന വിവിധ മേഖലകളിലെ 200 ഓളം പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യവും ഇത്തവണത്തെ ലോക കേരള സഭയെ അർത്ഥവത്താക്കുന്നതായി ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം ചീഫ് സെക്രട്ടറി സഭാ നടപടികൾ ആരംഭിക്കാനായി മുഖ്യമന്ത്രിയെയും സ്പീക്കറെയും വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് സ്പീക്കർ കുവൈറ്റ് അപകടത്തെ സംബന്ധിച്ച ലോക കേരള സഭയുടെ അനുശോചനം അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചു. അനുശോചന പ്രമേയത്തിനുശേഷം സ്പീക്കർ പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു. റവന്യൂ മന്ത്രി കെ. രാജൻ, ജോൺ ബ്രിട്ടാസ് എം.പി, കെ.ടി. ജലീൽ എം.എൽ.എ, നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കെ.ജി സജി, ജോയിറ്റാ തോമസ്, ബാബു സ്റ്റീഫൻ, വിദ്യാ അഭിലാഷ്, ഗോകുലം ഗോപാലൻ, കെ.വി. അബ്ദുൾഖാദർ എന്നിവരായിരുന്നു പ്രിസീഡിയം അംഗങ്ങൾ. വ്യവസായികളായ എം.എ യൂസഫലി, രവിപിളള, ആസാദ് മൂപ്പൻ എന്നിവർക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തുടർന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ബാബു സ്റ്റീഫൻ, സിവി റപ്പായി, ഗോകുലം ഗോപാലൻ, അനീസ ബീവി, കെ പി മുഹമ്മദ് കുട്ടി, ജുമൈലത്ത് ആദം യൂനുസ്, ഇ വി ഉണ്ണികൃഷ്ണൻ, എ വി അനൂപ്, പുത്തൂർ റഹ്‌മാൻ, ജൈ കെ മേനോൻ, ബിജുകുമാർ വാസുദേവൻ പിള്ള എന്നിവർ ലോക കേരള സഭയ്ക്ക് ആശംസകൾ അർപ്പിച്ചു.

ALSO READ:പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

അമേരിക്കൻ കുടിയേറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കണം

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് ലോക കേരള സഭ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അമേരിക്കയുമായി ബന്ധപ്പെട്ട മേഖലാ ചർച്ചയിലാണ് ഈ നിർദേശം. പല തരത്തിലുള്ള വിദ്യാഭ്യാസ തൊഴിൽ തട്ടിപ്പുകൾക്കും വ്യക്തികൾ ഇരയാകുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാക്കാം. ഗാർഹിക മേഖലയിൽ പണിയെടുക്കാനെത്തുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഗൗരവകരമായി കാണണം. മലയാള ഭാഷയെ പ്രചരിപ്പിക്കുന്നതിനാവശ്യമായ നടപടികളിലൂടെ മാത്രമേ കേരളവുമായുള്ള ബന്ധം പുതു തലമുറക്ക് നിലനിർത്താൻ കഴിയൂ. നോർക്ക മാതൃകയിൽ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക ഹെൽപ്പ് ഡസ്‌ക് എന്ന ആശയവും സർക്കാർ പരിഗണിക്കണമെന്ന് പ്രതിനിധികൾ നിർദേശിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച സെഷനിൽ എം എൽ എ മാരായ പി മമ്മിക്കുട്ടി, സച്ചിൻ ദേവ്, പി പി സുമോദ് ലോക കേരള സഭ ഡയറക്ടർ കെ ആസിഫ്, സുര്യ എസ് ഗോപിനാഥ് എന്നിവർ പാനലിസ്റ്റുകളായി.

ALSO READ:പെരുന്നാളിനും വേതനമില്ല; കോഴിക്കോട് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് ചന്ദ്രിക ജീവനക്കാര്‍

വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ ചർച്ച ചെയ്ത് ലോകകേരള സഭ

വിദേശങ്ങളിൽ മലയാളികൾക്ക് സുരക്ഷിതമായ തൊഴിൽ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതും സംബന്ധിച്ച് ലോക കേരള സഭയിൽ ചർച്ച സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

നിലവിൽ നടക്കുന്ന കുടിയേറ്റങ്ങളുടെ ട്രെൻഡ് മനസ്സിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. തങ്ങളുടെ രാജ്യങ്ങളിൽ വലിയ ജോലി സാധ്യതകൾ ഇപ്പോൾ വളർന്നുവരുന്നതായി ജോർദാൻ, ജർമ്മനി, യുകെ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിർത്തിയ പ്രതിനിധികൾ പറഞ്ഞു. സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് എംഎൽഎമാരായ കെ. ബാബു, എംഎം മണി, എം എസ് അരുൺകുമാർ, ഇ. ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു. ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ നാളെ (ജൂൺ 15) ലോക കേരളസഭയിൽ അവതരിപ്പിക്കും. നോർക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി മോഡറേറ്ററായി. നോർക്ക റൂട്ട്‌സ് സെക്രട്ടറി കെ. വാസുകി പങ്കെടുത്തു.

ALSO READ: ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News