‘മലയാളത്തിൻ്റെ മമ്മൂട്ടിക്കാലങ്ങൾ’, അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൻ്റെ കഥ

സാൻ

അഭിനയം അഭിനിവേശം

തെരഞ്ഞെടുപ്പുകളാണ് ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ നിലനിൽപ്പ് തീരുമാനിക്കുന്നത്. അത്തരത്തിൽ സമീപകാലത്ത് സിനിമകൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം തീർത്തും വ്യത്യസ്തരായ മനുഷ്യരുടെ മനോവികാരങ്ങളെ പ്രേക്ഷകന്റെ സിനിമാ സ്വപ്നങ്ങളിലേക്ക് കോറിയിട്ടു. വെള്ളിത്തിരയിൽ തെളിയുന്ന അയാളുടെ വിഷാദ ഭാവങ്ങൾ സിനിമാ പ്രേമികൾ തങ്ങളുടെ ഓർമകളിൽ സങ്കടങ്ങളിലാത്ത വറുതിക്കാലത്തേക്ക് വേണ്ടി സൂക്ഷിച്ചു വെച്ചു. അഭിനയത്തിൽ വേഷങ്ങളുടെ ദൈർഘ്യമോ പ്രാധാന്യമോ നോക്കാതെ ആഗ്രഹങ്ങളുടെ പിറകെ മമ്മൂട്ടി എന്ന നടൻ സഞ്ചരിച്ചു.

ഏത് വേഷവും ചെയ്യാനുള്ള മമ്മൂട്ടിയുടെ തീരുമാനങ്ങൾ തന്നെയായിരുന്നു എല്ലാക്കാലവും സിനിമയിൽ ആ മനുഷ്യനെ വേറിട്ട് നിർത്തിയത്. താരപദവിയിൽ നിന്ന് താഴെയിറങ്ങാത്ത തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്ന് പല നിരൂപകരും പറഞ്ഞിരുന്നു. വാറുണ്ണി, പുട്ടുറുമീസ്, ഭാസ്‌കര പട്ടേൽ, പൊന്തൻ മാട, മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി, കുട്ടൻ തുടങ്ങിയ നെഗറ്റീവ് ഷേഡുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങൾ കൊണ്ട് മമ്മൂട്ടി നേടിയ നിരൂപക പ്രശംസയും സ്റ്റേറ്റ് നാഷണൽ അവാർഡുകളും അതിന്റെ തിരുശേഷിപ്പുകളാണ്.

ALSO READ: ‘അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

ആൾക്കൂട്ടത്തിലൊരാൾ, പിന്നീട് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ

മമ്മൂട്ടിയുടെ ആദ്യ സിനിമ ഏതെന്ന് ചോദിച്ചാൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന്‌ എല്ലായിടത്തും കാണാം. വേഷമെന്താണെന്ന് തിരഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റെന്നും, സഖാവ് കെ എസ് എന്നും കാണാം. ഒരുപാട് കഥാപാത്രങ്ങളിൽ ഒരാൾ മാത്രമായി 1971 ൽ അദ്ദേഹം തുടങ്ങിയ യാത്ര ഇന്ന് ആൾക്കൂട്ടങ്ങൾക് നടുവിലെ ഒരേയൊരാൾ മാത്രമായി തുടരുകയാണ്. കൃത്യമായി ഓർത്തുവെക്കാൻ കഴിയുന്ന പേരോ അടയാളമോ ഇല്ലാത്ത ഒരു കഥാപാത്രത്തിൽ നിന്നും ഊരും പേരും മേൽവിലാസവുവുമുള്ള കഥാപാത്രങ്ങളിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര മടങ്ങിപ്പോക്കുകളുടെയും അതിഗംഭീര തിരിച്ചുവരവുകളുടേതും കൂടിയാണ്.

1973ൽ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ് മമ്മൂട്ടിക്ക് സംഭാഷണമുള്ളരൊരു വേഷം ലഭിക്കുന്നത്. അന്നത് ഒരു കടത്തുകാരന്റെ വേഷം മാത്രമായിരുന്നെങ്കിലും ഇന്നത് താരോദയത്തിന് മുൻപുണ്ടായ ഒരു കൊള്ളിയാൻ വെട്ടമാണ്. അഭിനയമെന്ന സ്വപ്നം അദ്ദേഹത്തിന് പിന്നീട് എം ടി യുടെ ചിത്രത്തിലൂടെ നായക വേഷം സമ്മാനിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. 1980ൽ ആസാദ് സംവിധാനം നിർവഹിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് പിന്നീട് മമ്മൂട്ടിക്ക് ഒരു പ്രധാന വേഷം ലഭിക്കുന്നത്.അതേവർഷം തന്നെ പുറത്തിറങ്ങിയ കെ ജി ജോർജിന്റെ ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അഭിനയ ജീവിക്കാത്തതിലെ നാഴികക്കല്ലായി മാറിയത്. ആദ്യമായി ഒരു മുഴുനീള വേഷത്തിൽ മമ്മൂട്ടിയെത്തിയ ചിത്രം കൂടിയായിരുന്നു മേള.

നിറയെ സിനിമകൾ അതിനൊത്ത വെല്ലുവിളികളും

നിലനിൽക്കുക എന്നത് സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. തുടക്കകാലം മുതൽക്കേ മമ്മൂട്ടി ഇടവേളകളില്ലാതെ കിട്ടിയ വേഷങ്ങൾ എല്ലാം തന്നെ ഏറ്റെടുത്തിരുന്നതും അതുകൊണ്ട് തന്നെയാണ്. 1982 മുതൽ 87 വരെയുള്ള കാലയളവിൽ മാത്രം മമ്മൂട്ടി 150-ഓളം സിനിമകളിലാണ് അഭിനയിച്ചത്. അതിൽ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാറ്റി നിർത്തിയാൽ മറ്റെല്ലാം നായക വേഷങ്ങൾ തന്നെയായിരുന്നു. നിറയെ സിനിമകൾ ചെയ്ത് മമ്മൂട്ടി മലയാള സിനിമയുടെ മുൻനിരയിലേക്ക് കടന്നുവന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്.

നിരവധി നായകൻ നടന്മാർക്കിടയിലാണ് അന്ന് മമ്മൂട്ടി തന്റേതായ ഒരു ലോകം പടുത്തുയർത്തുന്നത് പദ്മരാജനും ഭരതനും ഐ വി ശശിയുമെല്ലാം അന്ന് മമ്മൂട്ടിയിലെ നടനെ കൃത്യമായി ഉപയോഗപ്പെടുത്തി. ഐ വി ശശിയുടെ നിരവധി സിനിമകളിൽ മമ്മൂട്ടി സുപ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ശബ്ദം ഭംഗിയില്ലെന്നും ജൂനിയർ ആര്ടിസ്റ്റാണെന്നുമുള്ള പല സിനിമാ പ്രവർത്തകരുടെയും കുത്തുവാക്കുകളിൽ നിന്നാണ് എൺപത്തിരണ്ട്‍ കാലഘട്ടത്തിലേക്ക് മമ്മൂട്ടി കടന്നു വരുന്നത്.

ALSO READ: ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

പുതിയ ദില്ലിയും പുതിയ മമ്മൂട്ടിയും

മമ്മൂട്ടിയെന്ന നടന്റെ താരോദയത്തെക്കുറിച്ചു സംസാരിക്കുന്ന ഓരോ മനുഷ്യരും തുടങ്ങുന്നത് ജോഷിയുടെ ന്യൂ ഡൽഹിയിൽ നിന്നാണ്. അവിടെ വച്ചാണ്, പുതിയ ഡൽഹിയിൽ വച്ചാണ് പുതിയ മമ്മൂട്ടിയും ജനിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമൊരുക്കി കാത്തിരുന്ന ഡെന്നിസ് ജോസഫിനും ജോഷിക്കും നായക സ്ഥാനത്തേക്ക് രണ്ടാമതൊരു മുഖമുണ്ടായിരുന്നില്ല. ന്യൂഡൽഹി മമ്മൂട്ടിക്ക് നൽകിയത് സ്വപ്നതുല്യമായ ഒരു രണ്ടാം വരവായിരുന്നു. സിനിമ ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ നേടുകയും സിനിമക്ക് മാത്രമായി ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയും ചെയ്തു. ജി കെ എന്ന പേര് വരെ അന്ന് ട്രെൻഡായി മാറുകയും നടന്റെ ആരാധകരുടെ എണ്ണം വർധിക്കുകയും ചെയ്തു.

ന്യൂ ഡൽഹി റിലീസായ അതേവർഷം തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, തനിയാവർത്തനം തുടങ്ങിയ രണ്ട് ഹിറ്റുകൾ കൂടി മമ്മൂട്ടിക്ക് ലഭിച്ചു. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ മമ്മൂട്ടിയുടെ മികച്ച പ്രണയ സിനിമകളിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലും ഇടം പിടിച്ചു.

സി ബി ഐ സീരീസുകൾ

കുറ്റാന്വേഷണ സിനിമകൾ പൊതുവെ കുറവായിരുന്ന മലയാള സിനിമക്ക് എസ് എൻ സ്വാമി നൽകിയ സി ബി ഐ സീരീസുകൾ വലിയ പ്രതീക്ഷയായിരുന്നു സമ്മാനിച്ചത്. 1988 ൽ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പിൽ സേതുരാമൻ അയ്യരായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ സിനിമയുടെ പുതിയ പരീക്ഷണങ്ങൾ കൂടിയായിരുന്നു വിജയം കണ്ടത്. നൂറിലധികം ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ച സി ബി ഐ ഡയറിക്കുറിപ്പിന് തൊട്ടടുത്ത വര്ഷം തന്നെ എസ് എൻ സ്വാമി രണ്ടാം ഭാഗവും പുറത്തിറക്കി. ജാഗ്രതയെന്ന് പേരിട്ട ചിത്രത്തിൽ സേതുരാമൻ അയ്യരായി മമ്മൂട്ടി വീണ്ടും എത്തുകയും അന്വേഷങ്ങളുടെ തുടർക്കഥയെന്നോണം ആ സീരീസുകൾക്ക് അഞ്ച് ഭാഗങ്ങൾ വരെ ഉണ്ടാവുകയും ചെയ്തു. മമ്മൂട്ടിയെന്ന നടന്റെ കഥാപാത്ര നിർമ്മിതിയിലാണ് എസ് എൻ സ്വാമിയുടെ സി ബി ഐ സീരീസുകൾ മികച്ച വിജയം കൈവരിച്ചത്. സേതുരാമന്റെ സ്വഭാവ സവിശേഷതകളും, ഭാവങ്ങളുമെല്ലാം മമ്മൂട്ടി എന്ന നടനിലൂടെ അത്രത്തോളം കൃത്യമായിട്ടാണ് പ്രേക്ഷകന് ലഭിച്ചത്.

ALSO READ: മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

മികച്ച കഥാപാത്രങ്ങളിലൂടെ

മൃഗയ ( വാറുണ്ണി )

ഐ വി ശശിയുടെ മൃഗയയിൽ മമ്മൂട്ടി അവതരിപ്പിച്ച വാറുണ്ണി എന്ന കഥാപാത്രം അതുവരെക്കണ്ട വാർപ്പ് മാതൃകകളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു. പല്ലുന്തിയ മുടി ചീകാത്ത സമൂഹം കല്പിച്ചുകൊടുത്ത യാതൊരുവിധ പരിഗണകളും ലഭിക്കാത്ത ഒരു വേട്ടക്കാരനെ മികച്ച രീതിയിലാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കുളക്കടവിൽ ഒളിഞ്ഞു നോക്കുന്ന വാറുണ്ണി, മറ്റൊരുത്തന്റെ ഭാര്യക്കൊപ്പം കിടക്ക പങ്കിടുന്ന വാറുണ്ണി, കാക്കയെ തിന്നുന്ന വാറുണ്ണി തുടങ്ങി തീർത്തും വ്യത്യസ്തനായ ആ കഥാപാത്രത്തിന്റെ യാത്ര പ്രേക്ഷകന് ജീവിതം പോലെ അനുഭവിപ്പിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു.

മതിലുകൾ ( വൈക്കം മുഹമ്മദ് ബഷീർ )

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ അടൂർ സിനിമയാക്കിയപ്പോൾ ചിത്രത്തിലെ എഴുത്തുകാരനായ ബഷീറിനെ മികച്ച രീതിയിലാണ് മമ്മൂട്ടി അവതരിപ്പിച്ചത്. രാഷ്ട്രീയ തടവുകാരനായി ജയിലിലെത്തുന്ന ബഷീറിന്റെ ഓരോ മാനറിസങ്ങളും മമ്മൂട്ടി അവതരിപ്പിച്ചത് കണ്ട വൈക്കം മുഹമ്മദ് ബഷീർ തന്നെ ആ അഭിനയത്തെ വർണ്ണിച്ചിരുന്നു. ജയിലിലേക്കെത്തുമ്പോൾ ബഷീറിൽ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ മുതൽ അതിനെ അതിജീവിക്കാനുള്ള അയാളുടെ ശ്രമങ്ങളും നാരായണിയുമായി ഉണ്ടാകുന്ന പ്രണയവുമെല്ലാം മമ്മൂട്ടി മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

വിധേയൻ ( ഭാസ്‌കര പട്ടേൽ )

നെഗറ്റീവ് ഷേഡുള്ള വേഷങ്ങളോട് ഒരിക്കലും നോ പറയാത്ത നടനാണ് മമ്മൂട്ടി. വിധേയൻ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ ഭാസ്കര പട്ടേലിനെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അത് വ്യക്തമാക്കിയത്. അധികാരമുളവന്റെ എല്ലാ നീച നടപടികളും പെരുമാറ്റങ്ങളും മമ്മൂട്ടി വളരെ കൃത്യമായിട്ടാണ് വിധേയൻ സിനിമയിൽ വരച്ചിട്ടത്.

രാജമാണിക്യം ( രാജമാണിക്യം)

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെക്കുറിച്ചു പറയുമ്പോൾ പലരും വിട്ടുപോകുന്ന ഒരു കഥാപാത്രമാണ് രാജമാണിക്യമെന്ന അൻവർ റഷീദ് ചിത്രത്തിലെ രാജമാണിക്യം എന്ന കഥാപാത്രം. ഒരേ സമയം പല തരത്തിലുള്ള ഭാവ ഭേദങ്ങളെ രാജമാണിക്യം എന്ന കഥാപാത്രം സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. തന്നെ ഉപേക്ഷിച്ച അമ്മയെ വീണ്ടും കണ്ടുമുട്ടുമ്പോൾ, ബെല്ലാരിലെ പോത്ത് കച്ചവടക്കാരനാകുമ്പോൾ, ജേഷ്ഠനാകുമ്പോഴെല്ലാം കഥാപാത്രത്തിൽ മമ്മൂട്ടി വരുത്തിയ ഒരു സൂക്ഷ്മതയുണ്ട് അത് സമാനതകളില്ലാത്തതാണ്.

ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, അമരത്തിലെ അച്ചൂട്ടി , പേരൻപിലെ അമുദവൻ, കണ്ടുകൊണ്ടേനിലെ ക്യാപ്റ്റൻ ബാല, കയ്യൊപ്പിലെ ബാലചന്ദ്രൻ, ഉണ്ടയിലെ എസ് ഐ മണികണ്ഠൻ തുടങ്ങി മമ്മൂട്ടി ചെയ്തതെല്ലാം മികച്ച കഥാപാത്രങ്ങളാണ്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ജീവിച്ചിട്ടേയുള്ളൂ അന്നും ഇന്നും എന്നും

വെള്ളിത്തിരയിൽ മമ്മൂട്ടി എന്ന നടൻ ഒരിക്കലും അഭിനയിക്കുന്നതായി പ്രേക്ഷന് തോന്നിയിട്ടേയില്ല. ഓരോ കഥാപാത്രങ്ങളും നേരിട്ട് പ്രത്യക്ഷപ്പെടുന്നത് പോലെയാണ് അനുഭവപ്പെടാറുള്ളത്. അത്രത്തോളം ശരീര ഭാഷകൊണ്ടും സംസാര ഭാഷകൊണ്ടും മമ്മൂട്ടി കഥാപാത്രങ്ങളായി മാറാറുണ്ട്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ തുടങ്ങി ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച നടൻ ലോക സിനിമകളിൽ തന്നെ സമാനതകൾ ഇല്ലാത്ത പ്രതിഭയാണ്.

മൂന്നു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡും ആറ് തവണ സംസ്ഥാന സർക്കാരിന്റെ അവാർഡും സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടി 11 ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്. 1998ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ 2010ൽ കേരള യൂണിവേർസിറ്റി അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നൽകി. എപ്പോഴും പുതുമകൾ ജീവിതത്തിലും സിനിമയിലും കൊണ്ടുവരുന്ന മമ്മൂട്ടി കേരളത്തിന്റെ ഒരു ട്രെൻഡിങ് സ്റ്റാർ കൂടിയാണ്. എല്ലാ പൊതുവേദികളിലുമെത്തി മനുഷ്യരോട് സംസാരിക്കാനും, പുസ്തകങ്ങൾ വായിക്കാനും, സിനിമകൾ കാണാനുമെല്ലാം തിരക്കുകൾക്കിടയിലും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.

അയാൾക്ക് സാധിക്കാത്ത വേഷങ്ങൾ ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു, അവ രൂപപ്പെടുമ്പോൾ അതും ചെയ്യാൻ പാകപ്പെട്ട നടനായി മമ്മൂട്ടി സ്വയം പുതുക്കുമെന്നത് മറ്റൊരു യാഥാർഥ്യം.

മലയാളത്തിൻ്റെ മഹാനടന് പിറന്നാൾ ആശംസകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News