തലസ്ഥാനത്തിന് പുറത്ത് ആദ്യമായി പ്രത്യേക മന്ത്രിസഭാ യോഗം; പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

തലസ്ഥാനത്തിന് പുറത്ത് ആദ്യമായി മുഴുവന്‍ മന്ത്രിമാരും പങ്കെടുത്ത് നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തലശ്ശേരിയില്‍ ചേര്‍ന്നു. നവകേരള സദസ് പര്യടനം തുടര്‍ന്നതിനിടെയാണ് അപൂര്‍വ്വ മന്ത്രിസഭ യോഗം ചേര്‍ന്നത്. ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭ അനുമതി നല്‍കി.

ജനങ്ങളുമായി സംവദിച്ച് ജനകീയ സര്‍ക്കാരിന്റെ മണ്ഡല പര്യടനം തുടരുന്നതിനിടെയാണ് അപൂര്‍വ്വ ചരിത്രമെഴുതി പ്രത്യേക മന്ത്രിസഭാ യോഗത്തിന് തലശ്ശേരി വേദിയായത്. തലശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു നവകേരള സദസിനിടെയുള്ള ആദ്യ മന്ത്രിസഭ ചേര്‍ന്നത്.. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവരുടെ സുരക്ഷയിലായിരുന്നു തലസ്ഥാനത്തിന് പുറത്തെ മന്ത്രിസഭ യോഗം.

Also Read : ജീവന്‍ പോയാലും നവ കേരള സദസില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് അംഗീകാരം നല്‍കിയ തലശ്ശേരി മന്ത്രിസഭ യോഗം കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ പദ്ധതിക്കായി കൈമാറാന്‍ തീരുമാനിച്ചു. 150 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം 15 മാസത്തിനകം പൂര്‍ത്തിയാക്കും.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 387 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് ദിവസം ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിച്ചു. സംസ്ഥാന സഹകരണ യൂണിയനിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചതിനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകള്‍ക്ക് സാധൂകരണവും നല്‍കി.

അടിയന്തിര സാഹചര്യങ്ങളില്‍ തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭ യോഗങ്ങള്‍ മുമ്പ് ചേര്‍ന്നിട്ടുണ്ടെങ്കിലും മുഴുവന്‍ മന്ത്രിമാരുടെയും പ്രാതിനിത്യമുണ്ടായിരുന്നില്ല. കൊവിഡ് പ്രതിസന്ധി കാലത്ത് ഓണ്‍ ലൈന്‍ വഴി മന്ത്രിസഭ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. നവകേരള സദസിനിടയില്‍ വിവിധ ജില്ലകളിലായി അഞ്ച് മന്ത്രിസഭ യോഗങ്ങളാണ് ചേരുന്നത്.

Also Read : നവകേരള സദസ്സിനിടെ തലസ്ഥാനത്തിനു പുറത്ത് മന്ത്രി സഭാ യോഗം നടത്തി

രാജ്യത്ത് തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം തുടര്‍ച്ചയായി വ്യത്യസ്ത ജില്ലകളില്‍ മന്ത്രി സഭായോഗങ്ങള്‍ ചേരുന്നത്… അടുത്ത മന്ത്രിസഭ സഭായോഗം 28ന് വള്ളിക്കുന്നിലാണ്. ഡിസംബര്‍ 6ന് തൃശൂരിലും, ഡിസംബര്‍ 12 ന് ഇടുക്കി പീരുമേട്ടിലും, 20ന് കൊല്ലത്തും മന്ത്രിസഭായോഗങ്ങള്‍ ചേരും.

ജനങ്ങളെ കണ്ടും കേട്ടും ജനകീയ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ച് മുന്നോട്ട് പോവുന്ന സര്‍ക്കാര്‍ യാത്രക്കിടെ മന്ത്രിസഭാ യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനങ്ങളെടുത്ത് എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News