ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച്

യുഎഇയില്‍ നടക്കുന്ന COP28 ആഗോള ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രശസ്തമായ സെയ്ദ് ബിസിനസ് സ്‌കൂളും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ കമ്പനികളായിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്സും സംയുക്തമായാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഓക്സ്ഫോര്‍ഡ് സെയ്ദ് കാലാവസ്ഥാ വ്യതിയാന ചലഞ്ച്’ മത്സരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ലോകമെമ്പാടുമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. ചാലഞ്ചിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികള്‍ സമര്‍പ്പിക്കാന്‍ അധ്യാപകര്‍ക്കും അവസരമുണ്ടാകും. ചാലഞ്ചില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ വര്‍ഷം അവസാനം ദുബായില്‍ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. അടുത്ത വര്‍ഷം ഓക്‌സ്‌ഫോര്‍ഡില്‍ നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയില്‍ പങ്കെടുക്കാനും വിജയികള്‍ക്ക് അവസരം ലഭിക്കും.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പങ്കാളിത്തം ചര്‍ച്ച ചെയ്യാനായി ബുര്‍ജീല്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചു. മത്സരത്തിന്റെ കൂടുതല്‍ വിശാദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശി നേരിടുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ഭീഷണിയാണെന്നും യുവ വിദ്യാര്‍ത്ഥികള്‍ അതിന്റെ പ്രത്യാഘാതത്തിലാണെന്നും ഓക്സ്ഫോര്‍ഡ് സെയ്ദിലെ പീറ്റര്‍ മൂര്‍സ് ഡീന്‍ സൗമിത്ര ദത്ത പറഞ്ഞു. ഈ സാഹചര്യത്തില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സുമായുള്ള പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ പ്രതിസന്ധിയും മറ്റ് വെല്ലുവിളികളും നേരിടാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെയും ലോകമെമ്പാടുമുള്ള സംരംഭക നേതാക്കളെയും സജ്ജരാക്കുന്ന ഓക്സ്ഫോര്‍ഡ് സെയ്ദിലെ ലോകപ്രശസ്ത സ്‌കോള്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പാണ് കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പരിപാടിക്ക് പിന്തുണ നല്‍കുക.

യുഎഇയില്‍ COP28 കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെ കാലാവസ്ഥാ വ്യതിയാന സംരംഭത്തിനായി ഓക്സ്ഫോര്‍ഡ് സെയ്ദുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. സമൂഹത്തിന്റെ ക്ഷേമവും പരിസ്ഥിതിയുടെ ആരോഗ്യവും ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നുവെന്നാണ് ആരോഗ്യ സംരക്ഷണ ദാതാക്കളെന്ന നിലയില്‍ ഞങ്ങളുടെ വിശ്വാസം. കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ കൂട്ടായ ആഗോള പരിശ്രമം നിര്‍ണായകമാണ്. പുതു തലമുറയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അതിന് പരിപോഷിപ്പിക്കുകയാണ് ചാലഞ്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തെക്കുറിച്ച് വിശദമായി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് competition@sbs.ox.ac.uk എന്ന ഇമെയിലില്‍ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News