കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കര്‍ശനമായി തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ കഴിയില്ല. മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്ക് മാത്രമായിരിക്കും.
വിജ്ഞാപനത്തിന്റെ പേരില്‍ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആര്‍.ടി.സി ബസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് ക്യാരേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തു വരുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കാനാവില്ല. നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആര്‍ടിഒമാരുടെയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെയും നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധര്‍, ഗതാഗത വകുപ്പിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
also read; ‘നിപ പരിശോധനാഫലം ലഭിച്ചിട്ടില്ല; കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു’: മന്ത്രി വീണാ ജോര്‍ജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here