തീരദേശ, പുഴ, കനാല്‍ പുറമ്പോക്ക് പട്ടയം പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും:  മന്ത്രി കെ.രാജന്‍

തീരദേശവാസികളുടേയും നദി, കനാല്‍ എന്നിവയുടെ പുറമ്പോക്കുകകളില്‍ താമസിക്കുന്നവരുടേയും പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. നിയമസഭയില്‍ ആലപ്പുഴ എംഎല്‍എ പി.ചിത്തരജ്ഞന്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങള്‍” കേരള മുനിസിപ്പല്‍ – കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നല്‍കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം കടല്‍, കനാല്‍, തോട്, റോഡ് മുതലായവയുടെ പുറമ്പോക്കുകളും അവയോട് ചേര്‍ന്ന് വരുന്ന മറ്റ് പുറമ്പോക്കുകളും പതിച്ച് നല്‍കുന്നതിന് നിയമപരമായ ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആ തടസ്സങ്ങള്‍ നീക്കുന്നതിനായുള്ള ശ്രമങ്ങള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. പട്ടയ വിതരണം സുഗമവും വേഗതയിലും ആക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള പട്ടയമിഷനില്‍ ഇത്തരം വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.

തുറമുഖ പരിധിക്കുള്ളിലെ സ്ഥലങ്ങള്‍, ജലപാതകളുടെ വശങ്ങളില്‍ നിന്നും 3.017 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, തടങ്ങളില്ലാത്ത ജലസേചന പതാകളില്‍ നിന്നും 20.117 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, തടങ്ങളില്ലാത്ത അപ്രധാന ജലസേചന മാര്‍ഗ്ഗങ്ങളിലെ 4 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, തടങ്ങളുളള ജലസേചന മാര്‍ഗ്ഗങ്ങളുടെ 3.017 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍, കടല്‍ത്തീരത്തിനടുത്ത് സമുദ്രത്തിലെ ഉയര്‍ന്ന ജലനിരപ്പിൽ നിന്നും 30.480 മീറ്ററിനുള്ളിലുള്ള സ്ഥലങ്ങള്‍ എന്നിവ 1964 ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങള്‍ 11(2)(v) പ്രകാരവും, 1995-ലെ കേരള മുനിസിപ്പല്‍ – കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നല്‍കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ 6(2)(v) പ്രകാരവും പതിച്ച് നല്‍കുവാന്‍ പാടില്ലാത്തതാണ്. അതായത് മേല്‍പറഞ്ഞ ദൂരപരിധിക്ക് പുറത്തുള്ള പുറമ്പോക്കുകള്‍ പതിച്ചു നല്‍കാവുന്നതാണ്. ഇത് കണക്കിലെടുത്തുകൊണ്ട് കടല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരികയാണ്.

ALSO READ:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 240 രൂപ കൂടി

മേല്‍പറഞ്ഞ ദൂരപരിധിക്കു പുറത്തുള്ള സ്ഥലങ്ങള്‍ സര്‍വ്വെ ചെയ്ത് കടല്‍ പുറമ്പോക്കുകള്‍ എന്ന വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടം അനുഗ്രഹ നഗര്‍, സെഞ്ച്വറി നഗര്‍ എന്നിവിടങ്ങളിലെ കടല്‍ പുറമ്പോക്കില്‍ താമസിച്ച് വന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള പട്ടയ പ്രശ്നം ഇത്തരത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 250 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്ത നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കും. ഇതേ മാതൃക മറ്റു കടല്‍ പുറമ്പോക്കുകളിലും സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

1994-ലെ പഞ്ചായത്ത് രാജ് ആക്ടിലെ 218-ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ 9 പ്രധാന നദികൾ ഒഴികെ എല്ലാ ജലസ്രോതസ്സുകളും, അവയ്ക്ക് അനുബന്ധമായ പുറമ്പോക്കുകളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്. അപ്രകാരം നിക്ഷിപ്തമാക്കിയിട്ടുള്ള ജലസ്രോതസ്സുകളുടെ സമീപത്തുള്ള സ്ഥലങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പുനർനിക്ഷിപ്തമാക്കി മാത്രമേ പതിച്ച് നൽകുവാൻ സാധിക്കയുള്ളൂ.

മറ്റൊരു പ്രധാന വിഷയം CRZ മേഖലയുമായി ബന്ധപ്പെട്ടതാണ്. CRZ മേഖലയില്‍ പെട്ടു എന്നുള്ളതുകൊണ്ട് ഭൂമി പതിച്ചു നല്‍കുന്നതിന് നിയമ തടസ്സമില്ല. എന്നാല്‍‌ ഇത്തരം സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ CRZ നിബന്ധനകള്‍ ബാധകമാകും എന്നതാണ് പ്രശ്നം. CRZ മേഖലയിലെ നിര്‍മ്മിതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ഇളവുകള്‍ വരുത്താന്‍ ഇതു സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആയത് നടപ്പിലാവുന്നതോടു കൂടി ഇത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരമാവും.

എന്നാല്‍ ഇത്തരത്തില്‍ നിക്ഷിപ്തമാക്കപ്പെട്ട ഭൂമി പുനര്‍നിക്ഷിപ്തമാക്കാന്‍ നിയമത്തില്‍ വ്യക്തമായ വ്യവസ്ഥ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഒരു നിയമഭേദഗതിയുടെ ആവശ്യകത ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റവന്യൂ – നിയമ – തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിമാരുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ഒരു യോഗം 21/06/2024 -ല്‍ ബഹു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ വിഷയം പരിഹരിക്കുന്നതോടെ പതിറ്റാണ്ടുകളായി തീര്‍പ്പാക്കാനാകാത്ത ആയിരക്കണക്കിന് പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും.
സംസ്‌ഥാനത്ത് ഭൂരഹിതരായ ആയിരക്കണക്കിന് പേർ പതിവിന് വിധേയമല്ലാത്ത പുറമ്പോക്ക് ഭൂമികളിൽ ദീർഘകാലമായി വീടു വച്ചു താമസിക്കുന്നുണ്ട്. ഇത്തരം ഭൂമികള്‍ കാലങ്ങൾക്കു മുമ്പു തന്നെ, പ്രകൃതിയുടെ കാലാനുസൃതമായ പരിവർത്തനത്താൽ സ്വാഭാവികമായി നികന്നതോ അല്ലെങ്കില്‍ നികത്തപ്പെട്ടതോ ആണ്. അപ്രകാരം വളരെ കാലങ്ങൾക്ക് മുമ്പു തന്നെ നികന്നതോ നികത്തപ്പെട്ടതോ ആയ ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത് ദുഷ്‌കരമായിരിക്കും.
കേരള സർവ്വെ അതിരടയാള നിയമം പ്രകാരം നടത്തുന്ന റീസർവെ അനുസരിച്ച് തയ്യാറാക്കുന്ന രേഖകൾ കേരള ഭൂനികുതി നിയമം വകുപ്പ് 4 പ്രകാരം ഒരു റവന്യൂ സെറ്റിൽമെന്റായി കണക്കാക്കാവുന്നതാണ്.

എന്നാൽ ഇത്തരത്തിൽ റീസർവ്വെ നടത്തുമ്പോൾ സെറ്റിൽമെന്റുകൾ ഉൾപ്പെടെയുള്ള മുൻ റിക്കാർഡുകളിലെ രേഖപ്പെടുത്തലുകൾ അതു പോലെ തന്നെ നിലനിർത്തിയാണ് റീസർവ്വെ റിക്കാർഡുകൾ തയ്യാറാക്കുന്നത്. ആയതിനാൽ ദീർഘകാലമായി നികത്തപ്പെട്ട ജലാശയങ്ങൾ റവന്യൂ രേഖകളിൽ മാറ്റം വരുത്തി അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. അതുപോലെ തന്നെ ഇത്തരം ജലാശയങ്ങളിൽ നിന്നും ഭൂപതിവ് ചട്ടം അനുശാസിക്കുന്ന ദൂരം വരെ പതിവിന് വിധേയമല്ലാത്ത പുറമ്പോക്ക് നിലനിർത്തികൊണ്ട് തുടർന്നുള്ള കൈവശം പതിച്ചു കൊടുക്കുന്നതിനായി ഭൂമി സർവ്വെ നടത്തി റവന്യൂ റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നതിനുളള നടപടി സ്വീകരിക്കാവുന്നതാണ്. ഇതു കൂടാതെ ജലാശയങ്ങളുടെ പുറമ്പോക്കുകള്‍ ഉള്‍പ്പെടെയുളള പൊതു സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒരു കാരണവശാലും ഒഴിപ്പിക്കാനാകില്ല എന്നുളള സാഹചര്യത്തില്‍ ജഗ് പാല്‍ സിംഗ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസില്‍ ബഹു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസ‍ൃതമായി പ്രത്യേക കേസുകളില്‍ മാത്രം കൈവശക്കാര്‍‌ക്ക് പട്ടയം നല്‍കാന്‍ കഴിയും. ഇക്കാര്യം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതായിരിക്കും.

വിവിധ ജലസേചന പദ്ധതികള്‍ക്കായി ഏറ്റെടുത്തിട്ടുളളതും പദ്ധതി ആവശ്യങ്ങള്‍ക്ക് ശേഷം അവശേഷിക്കുന്നതോ അല്ലെങ്കില്‍ പദ്ധതി ഉപേക്ഷിച്ചതുമൂലം ഉപയോഗ രഹിതമായി കിടക്കുന്ന ഭൂമിയില്‍ കുടിയേറി വീട് വെച്ച് താമസിക്കുന്നവര്‍ക്ക് പട്ടയം കൊടുക്കാനാകുമോ എന്നുളളത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. കല്ലട ഇറിഗേഷന്‍ പ്രോജക്ട്, പമ്പാവാലി ഇറിഗേഷന്‍ പ്രോജക്ട്, തുടങ്ങി വിവിധ പദ്ധതി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ താമസിക്കുന്ന കുടുംബങ്ങളുണ്ട്. ജലസേചന കനാലുകളില്‍ നിന്നും നിശ്ചിത ദൂരത്തില്‍ പട്ടയം നല്‍കുന്നതിന് 1964-ലെ ഭൂപതിവ് ചട്ടം അനുവദിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പദ്ധതികള്‍‌ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി എന്നുളളതുകൊണ്ട് ജല വിഭവ വകുപ്പിന്റെ അനുമതിയും സര്‍ക്കാര്‍ തീരുമാനവും ആവശ്യമാണ്.

ALSO READ:രാഹുൽ ഗാന്ധിയെ കൊണ്ട് ഇടത് പക്ഷത്തിനെതിരായി സംസാരിക്കാൻ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസാണ്: സച്ചിൻദേവ്

ഇത്തരത്തിലുളള കുടുംബങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തി ബഹു. ജല വിഭവ മന്ത്രി ഉള്‍പ്പെടെയുളള അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതായിരിക്കും.
ഇത്തരത്തിൽ നിയമപ്രശ്നങ്ങളാൽ പട്ടയം നൽകുന്നതിന് തടസ്സം നേരിടുന്ന വിഷയങ്ങൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിന് 19.04.2023-ലെ സ.ഉ (കൈ) 87/2023/ആർ.ഡി നം. സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് “പട്ടയ മിഷൻ” രൂപീകരിച്ചിട്ടുണ്ട്. “എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കേരളത്തിലെ റവന്യൂ വകുപ്പ് ഏറ്റവും പ്രാധാന്യത്തോടെ നടപ്പാക്കുന്ന കർമ്മ പദ്ധതിയാണ് പട്ടയ മിഷന്‍. പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായി നടത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനം ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും, ആവശ്യമായ നിർദ്ദേശങ്ങൾ തത്സമയം നല്കാനുമാണ് പട്ടയ മിഷൻ ലക്ഷ്യം വയ്ക്കുന്നത്.

പട്ടയ മിഷന്റെ ഭാഗമായി ഒരു നിയമസഭാ നിയോജക മണ്ഡലത്തിലെ പട്ടയ വിഷയങ്ങള്‍ കണ്ടെത്തി പട്ടയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ‘പട്ടയ അസംബ്ലി’ എന്ന പേരില്‍ നിയമസഭാ സാമാജികന്റെ അദ്ധ്യക്ഷതയില്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ആറ് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നു കൊണ്ട് പുരോഗതി വിലയിരുത്തി വരുന്നു. ഈ സര്‍ക്കാരിന്റെ ആദ്യ രണ്ടര വര്‍ഷ കാലയലവിനുളളില്‍ തന്നെ 153,103 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

സർക്കാർ ഭൂമിയിൽ വർഷങ്ങളായി വീടുവെച്ചു താമസിച്ചും കൃഷി ചെയ്തും വരുന്ന ഭൂരഹിതരായവർക്കു നിയമപ്രകാരം പട്ടയം നൽകുന്നതിനു തടസ്സങ്ങളുള്ള കൈവശങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന തലത്തിൽ ക്രോഡീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ (പട്ടയം ഡാഷ്ബോർഡ്) പ്രവർത്തിച്ചു വരുന്നു. ടി പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള പട്ടയ പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച ശേഷം പരിഹരിക്കാവുന്നവയ്ക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കു ലാൻഡ് റവന്യൂ കമ്മീഷണർ നൽകുകയും സർക്കാർ ഉത്തരവുകളുടെയോ അല്ലെങ്കിൽ ചട്ട ഭേദഗതികളിലൂടെയോ പരിഹരിക്കേണ്ടവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അവയ്ക്കു പരിഹാരം കാണുന്നതിനുള്ള നടപടിയും ഇതിന്റെ ഭാഗമായി സ്വീകരിച്ചു വരുന്നു.

ഇത്തരത്തിൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും സയബന്ധിതമായി പൂർത്തിയാക്കി അർഹരായ എല്ലാവർക്കും കാലതാമസം കൂടാതെ പട്ടയം നല്‍കുക എന്നുളളതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News