‘ഇടവേളകളില്ലാത്ത ഇതിഹാസം’, നവതിയുടെ നിറവിൽ മലയാളത്തിന്റെ സ്വന്തം മധു

-സാൻ

1963 ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ ചിത്ര തിയേറ്ററിൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയുടെ ആദ്യ ഷോയ്ക്ക് നേരത്തെ തന്നെ ബാൽക്കണിയിൽ ഒരു പയ്യൻ ടിക്കറ്റ് എടുക്കുന്നു. ആ സിനിമയിൽ അവന് ഒരു വേഷമുണ്ട്, അഭിനേതാക്കളുടെ പേരിനൊപ്പം തന്റെ പേരും വരുന്നതും കാത്ത് അവനിരുന്നു, എന്നാൽ എല്ലാ പേരുകളും എഴുതി കാണിച്ചിട്ടും തന്റെ പേര് കാണാത്തത് മാധവൻ എന്ന ആ പയ്യനെ വല്ലാതെ വിഷമിപ്പിച്ചു, കൂടെ അഭിനയിച്ച പ്രേംനസീർ ഷീല അംബിക എന്നിവരുടെ പേരുകൾ എല്ലാം തിരശ്ശീലയിൽ മിന്നിമാഞ്ഞിട്ടും തന്റെ പേര് മാത്രം എന്തുകൊണ്ട് വന്നില്ല എന്ന് നിർമ്മാതാവ് ശോഭന പരമേശ്വരൻ നായരെ വിളിച്ച് അവൻ ചോദിച്ചു. പേര് തിരശീലയിൽ വന്നിരുന്നു, പ്രേംനസീർ എന്ന പേരിനു ശേഷം മധു എന്നൊരു പേര് വന്നിരുന്നു അതാണ് താങ്കൾ നിർമ്മാതാവിന്റെ മറുപടി കേട്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും മാധവൻ നായർക്ക് പകരം മധു എന്നിട്ടതിന്റെ കാരണം നിർമ്മാതാവ് വ്യക്തമാക്കിയപ്പോൾ അവന്റെ ദേഷ്യമടങ്ങി. മാധവൻ നായർക്ക് മധു എന്ന പേര് അന്ന് നൽകിയത് പി ഭാസ്കരൻ മാഷ് ആയിരുന്നു. ആ പേരാണ് പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഒരു പ്രതിഭയെ അടയാളപ്പെടുത്താൻ എഴുത്തുകാരും നിരൂപകരും ഉപയോഗിച്ചത്.

ALSO READ: ‘ഒരേ ബാറ്റിങ് ശൈലിയും സ്ഥിരതയില്ലാത്ത പ്രകടനവും’, സഞ്ജു സാംസനെതിരെ ശ്രീശാന്ത് രംഗത്ത്

ബ്ലാക്ക് ആൻഡ് വൈറ്റിൽ തുടങ്ങി ബഹുവർണങ്ങളിലേക്ക് വരെ വികസിച്ച സിനിമയുടെ ചരിത്രത്തിൽ മുഴുവൻ മധു ഉണ്ടായിരുന്നു. ഓരോ തലമുറകളുടെയും സിനിമാ സ്വപ്നങ്ങളുടെ വൈവിധ്യവും, ഉള്ളടക്കങ്ങളുടെ വ്യതിയാനവും രാഷ്ട്രീയവും എല്ലാം മധുവിലൂടെ കടന്നുപോയി. ഇന്നും മലയാള സിനിമയുടെ കാരണവരായി മധു നിലകൊള്ളുമ്പോൾ അദ്ദേഹത്തിന് പിറകിൽ ഒരു വലിയ നീണ്ട കാലഘട്ടം തന്നെ ചരിത്രം പോലെ ഉറഞ്ഞു കിടക്കുന്നുണ്ട്.

ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായുമെല്ലാം മധു എന്ന മഹാനടൻ പകർന്നാട്ടം നടത്തിയപ്പോൾ സിനിമയുടെ സഞ്ചാര ദിശകളിൽ പുതിയ പുതിയ കാൽവയ്പുകളും ഉണ്ടായിക്കൊണ്ടേയിരുന്നു. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധായകനായും നിർമ്മാതാവായും സ്റ്റുഡിയോ ഉടമയായും എല്ലാം മധു സിനിമയിൽ തന്നെ നിറഞ്ഞുനിന്നു. 400 ഓളം കഥാപാത്രങ്ങൾ, സംവിധാനം ചെയ്ത 12 സിനിമകൾ, നിർമ്മിച്ച 14 സിനിമകൾ എന്നിങ്ങനെ മധുവിന്റെ സിനിമാ പ്രപഞ്ചം കടല് കണക്കെ നീണ്ടു നിവർന്നു കിടക്കുന്നു.

അധ്യാപനത്തോളം ഭംഗി അഭിനയത്തിനുമുണ്ടെന്ന് മനസ്സിലാക്കിയാണ് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സ്കൂൾ ഓഫ് ഡ്രാമയിൽ പോയി നാടകം പഠിച്ച് മധു മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയായിരുന്നു മധു. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടങ്ങൾക്കാണ് മധുവിന്റെ വരവ് തിരികൊളുത്തിയത്. സ്ഥിരം നായക സങ്കല്പങ്ങളിൽ നിന്നെല്ലാം മാറി, ഒരു സാധാരണ മനുഷ്യന്റെ വികാരങ്ങളും, ശരീരഭാഷയും എല്ലാം സിനിമയിൽ ആലേഖനം ചെയ്യപ്പെടുന്നത് മധുവിന്റെ വരവോടുകൂടിയാണ്. ഒഴുക്കൻ ശരീരഭാഷ, അത്രതന്നെ ഒഴുക്കുള്ള സംഭാഷണം, ഒരുപോലെ കണ്ണുകളിലും, പേശികളിലും വന്നുപോകുന്ന സങ്കടങ്ങളും സന്തോഷവും അദ്ദേഹത്തെ പകരക്കാരനില്ലാത്ത ഒരു പ്രതിഭയാക്കി മാറ്റി.

അമിതാബച്ചന്റെ ആദ്യ ചിത്രമായ സാദ് ഹിന്ദുസ്ഥാനിയിൽ 1969 ൽ ബച്ചന്റെ സഹനായകനായി മധു അഭിനയിച്ചിരുന്നു. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രം. ഭാർഗവീനിലയം, ഏണിപ്പടികൾ, ഓളവും തീരവും, സിന്ദൂരച്ചെപ്പ്, ഇതാ ഇവിടെ വരെ, നഖങ്ങൾ, അസ്തമയം തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ  മലയാളി ഒരിക്കലും മറക്കാത്ത അഭിനയത്തിന്റെ മുഹൂർത്തങ്ങൾ മധു തുറന്നു വെച്ചു. സിനിമയിൽ അനന്തസാധ്യതകൾ ഉടലെടുക്കാത്ത ഒരു കാലഘട്ടത്തിലാണ് അഭിനയത്തിന്റെയും പ്രതിഭാ വൈഭവത്തിന്റെയും ഭംഗി കൊണ്ട് മധുപ്രേക്ഷകരെ കീഴടക്കിയത്. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയും, വികാരങ്ങളെ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികളും എല്ലാം തന്നെ  എല്ലാകാലവും മലയാളികൾ കൊണ്ടാടി. ‘മാനസമൈനേ വരൂ’ എന്ന പാട്ട് മധു പാടിയാണ് അഭിനയിച്ചതെന്ന് പോലും ഒരു കാലഘട്ടത്തിലെ മനുഷ്യർ വിശ്വസിച്ചിരുന്നു. അത്രത്തോളം സിനിമയുമായി അദ്ദേഹത്തിന്റെ ശരീരഭാഷ ബന്ധപ്പെട്ട് കിടന്നിരുന്നു.

കാലത്തിനൊപ്പം മാറുക എന്ന കൃത്യമായ തീരുമാനമാണ് മധു സിനിമയിൽ എപ്പോഴും നടപ്പാക്കിയിട്ടുള്ളത്. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും എല്ലാം തന്നെ അദ്ദേഹം തന്റെ അഭിനയജീവിതം വ്യാപിപ്പിച്ചു. അതുകൊണ്ടുതന്നെ നായകനായി എത്തിയ മധു അച്ഛനായപ്പോഴും മുത്തച്ഛൻ ആയപ്പോഴും എല്ലാം പ്രേക്ഷകർ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചമ്പങ്കുളം തച്ചനിലെ മുത്തശ്ശൻ, നരനിലെ വല്യനമ്പ്യാർ എല്ലാം കാലഘട്ടങ്ങൾക്കനുസരിച്ചു മാറുന്ന മധു എന്ന നടന്റെ അടയാളങ്ങളാണ്.

89ല്‍ നിന്ന് 90 കളിലേക്ക് കടക്കുമ്പോഴും മധു അദ്ദേഹത്തിന്റെ ചരിത്രം വീണ്ടും പുതുക്കിക്കൊണ്ടേയിരിക്കുന്നു. അവശതകൾ ഇല്ലാതെ  പ്രധാനപ്പെട്ട പരിപാടികളിൽ എല്ലാം തന്നെ തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പു വരുത്തുന്നു. മധു മലയാളത്തിന്റെ ഒരു മധുര മനോഹര മനുഷ്യൻ തന്നെയാണ്. മാറ്റങ്ങളെല്ലാം കണ്ടുവളർന്ന മലയാള സിനിമയുടെ ചരിത്ര മനുഷ്യൻ.

madhu@90

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News