മമ്മൂട്ടി കരഞ്ഞാൽ പ്രേക്ഷകനും കരയുമെന്ന ചരിത്ര വാചകത്തിന് ഇന്നും മാറ്റമില്ല, മഹാനടനൊപ്പം വളരുകയാണ് മലയാള സിനിമയും

പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവർഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതൽ കയ്യടി നേടുമ്പോൾ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇനിയൊരിക്കലും അദ്ദേഹത്തെ നടനെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ഒരു പേര്, ഒരേയൊരു പേര്, മമ്മൂട്ടി എന്ന് മാത്രം മതി. അതിലുണ്ട് എല്ലാം. തനിയാവർത്തനത്തിലെ ബാലൻമാഷ് മുതൽക്ക് മാത്യു ദേവസി വരേക്ക് നീളുന്ന കഥാപാത്രങ്ങളുടെ പകർന്നാട്ടങ്ങൾ ആ പേരിൽ തന്നെയുണ്ട്.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

കാണുമ്പോൾ നമുക്ക് അയാൾ ഒരു കടലാണെന്നു തോന്നാം, പക്ഷേ കഥാപാത്രങ്ങൾക്ക് വേണ്ടി എത്ര ചെറിയ കുപ്പിയിലേക്കും ആ കടലിനെ അയാൾ ചുരുക്കി വയ്ക്കും. വെറുമൊരു ജലമല്ലേ എന്ന് തോന്നുന്ന നിമിഷങ്ങളിൽ എല്ലാം തന്നെ അയാൾ പഴയതുപോലെ ഒരു കടലായി മാറുകയും ചെയ്യും. മമ്മൂട്ടിയുടെ സിനിമാ കരിയർ എടുത്തു പരിശോധിച്ചാൽ ഇമോഷണൽ ഡ്രാമകളുടെ ഒരു വലിയ ലോകം തന്നെ കാണാനാകും. കാഴ്ചയും, കറുത്ത പക്ഷികളും, ഭൂക്കണ്ണാടിയും സങ്കടങ്ങളുടെ മഹാമേരുക്കളെ പോലെ നിലനിൽക്കുമ്പോൾ പ്രേക്ഷകനെ കഥാപാത്രത്തിന്റെ നോവിലേക്ക് തള്ളിയിടുകയായിരുന്നു മമ്മൂട്ടി.

ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥകളെ മമ്മൂട്ടിയോളം സ്‌ക്രീനിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന മറ്റൊരു നടനുണ്ടോ എന്നത് സംശയമാണ്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് മമ്മൂട്ടി കോമ്പിനേഷനുകൾ പരിശോധിച്ചാൽ എത്ര ആഴത്തിലാണ് അയാൾ കഥാപാത്രങ്ങളെ മനഃപാഠമാക്കിയിരിക്കുന്നത് എന്ന് വ്യക്തമാകും. അഴകിയ രാവണൻ എന്ന ചിത്രത്തിലും ഇത്തരത്തിൽ അമിത സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടുന്ന ഒരു കുട്ടിശങ്കരനെ കണ്ടെത്താൻ കഴിയും.

ഒരുപാട് നാൾ നീണ്ടു നിന്ന വേനലിനൊടുവിൽ പെയ്യുന്ന മഴ പോലെയാണ് മമ്മൂട്ടിയുടെ എക്സ്പ്രഷനുകൾ ക്യാപ്റ്റൻ ബാല, പേരൻപിലെ അമുദവൻ, കുട്ടിശ്ശങ്കരൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് സിനിമയുടെ ക്ലൈമാക്സ് സീനുകളിൽ വരുന്ന ഒരു വലിയ മാറ്റമുണ്ട്. അത് കഥയുടേതല്ല, മമ്മൂട്ടി എന്ന മെത്തേഡ് ആക്ടറിന്റെ പ്രകടനത്തിൽ നിന്നും രൂപപ്പെടുന്നതാണ്.

മമ്മൂട്ടി കരഞ്ഞാൽ പ്രേക്ഷകനും കരയുമെന്ന ചരിത്ര വാചകത്തിന് ഇന്നും മാറ്റമില്ല, എൻ്റെ ദൈവമേ എന്ന് വിളിച്ച് ഓമനയെ നെഞ്ചോട് ചേർക്കുമ്പോൾ അതുവരെയില്ലാത്ത ഒരു വിങ്ങൽ കാതൽ സിനിമ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. ഇത് ഒരു സിനിമയിൽ മാത്രം സംഭവിക്കുന്നതല്ല. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ മുതൽ, യാത്രയും, രാജമാണിക്യവും വരെ പ്രേക്ഷകന്റെ ഇമോഷണൽ ബാലൻസിനെ അളന്നിട്ടുണ്ട്.

ചേറിൽ നിന്ന് സ്യൂട്ട് റൂമുകളിലേക്കും അവിടെ നിന്ന് മുംബൈ തെരുവുകളിലേക്കും ബെല്ലാരിയിലെ പോത്ത് കച്ചവടക്കാരനിലേക്കും സമാനതകൾ ഇല്ലാതെ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ സഞ്ചരിക്കും. ഓരോ മനുഷ്യരും അവരുടെ ഇമോഷനുകൾ പ്രകടിപ്പിക്കുന്ന രീതികൾ വ്യത്യസ്തമാണെന്നിരിക്കെ കഥാപാത്രങ്ങൾക്ക് ചേരും വിധം മമ്മൂട്ടിയും ഇമോഷനുകളിൽ വ്യത്യസ്തത പുലർത്തും. അത് തന്നെയാണ് മറ്റു നടമാരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതും.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിൽ അച്ഛൻ പോലും തന്നെ അംഗീകരിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ സുന്ദരം അനുഭവിക്കുന്ന ഒരു ഒറ്റപ്പെടൽ ഉണ്ട്, അറിയുന്ന എല്ലാ മനുഷ്യരുടെയും അടുത് ചെന്നുള്ള സുന്ദരത്തിന്റെ യാചനയുണ്ട്. അത് മമ്മൂട്ടിയിലൂടെ പ്രേക്ഷകർ അനുഭവിച്ചറിയുകയായിരുന്നു. തെല്ലൊന്ന് മാറിയാൽ നാടകീയമായിപ്പോകുന്ന ആ രംഗത്തെ തന്റെ ഇമോഷണൽ ബാലൻസിങ്ങിലൂടെയാണ് മമ്മൂട്ടി അപ്പോൾ മറികടക്കുന്നത്. അത്തരത്തിലുള്ള ഒരു ഒറ്റപ്പെടൽ കാതൽ എന്ന ചിത്രത്തിലും ആവർത്തിക്കുന്നുണ്ട് പക്ഷെ, സുന്ദരത്തിന്റെ നിഴല് പോലും മാത്യു ദേവസിയിൽ ഉണ്ടായിരുന്നില്ല. അതാണ് നടനം.

കാലത്തിനൊത്ത് നിരീക്ഷണങ്ങളും നീതികളും മാറുകയാണ്. തെറ്റെന്ന് പറഞ്ഞതൊക്കെ ശരികളാവുകയാണ്, അപ്പോൾ വിലപിക്കാതെ കലികാലം എന്ന് മുദ്രകുത്താതെ വ്യക്തി ഇഷ്ടങ്ങളിലേക്ക് വളരുകയാണ് മമ്മൂട്ടിയും മലയാള സിനിമയും. ആരും നടക്കാത്ത, കാടു പിടിച്ച വഴികളിലൂടെ ഇടയ്ക്കൊന്ന് നടന്ന് നോക്കുക, അവിടെയുമുണ്ട് പൂക്കൾ, പുഴകൾ, മാറ്റത്തിന്റെ മമ്മൂട്ടിക്കാലങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News