പകരക്കാരനില്ലാത്ത പ്രതിഭ, നിലപാടുകളിലെ നേര്: ഓർമ്മകളിൽ മലയാളത്തിൻ്റെ തിലകൻ

-സാൻ

‘ആയിരത്തി തൊള്ളായിരത്തി അൻപതുകളിലെ ഒരു ഉത്സവപ്പറമ്പ്. വേദിയിൽ സംഘാടകർ കൊണ്ടുവന്ന നാടക ട്രൂപ്പ് സാധാരണഗതിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് വേദിയിലേക്ക് ഒരു കഥാപാത്രം കടന്നുവരുന്നത്, പൊടുന്നനെ ആ ഉത്സവപ്പറമ്പിലെ ബഹളങ്ങൾ എല്ലാം ഒറ്റ നിമിഷം കൊണ്ട് നിശബ്ദമായി. തട്ടിൽ തകർക്കുന്ന ആ പയ്യന്റെ അഭിനയം കണ്ട് ഒരു വലിയ ജനക്കൂട്ടം തന്നെ അതിശയിച്ചു നിന്നു’

‘രാജ്യം കണ്ട ഏറ്റവും മികച്ച പ്രതിഭ’, നടൻ തിലകനെ കുറിച്ച് തിരയുമ്പോൾ എല്ലാ മാധ്യമങ്ങളും ആദ്യം അടയാളപ്പെടുത്തിയിരിക്കുന്നത് ഇതേ വാചകമാണ്. അതിലുണ്ട് നടനെന്ന നിലയിൽ ഈ ഭൂമിയിൽ അയാൾ അടയാളപ്പെടുത്തിയതൊക്കെയും. കണ്ണുകൾ കൊണ്ട് വരെ അഭിനയിക്കാൻ കഴിയുന്ന തിലകന് സമാനമായ ഒരു നടൻ ചരിത്രത്തിൽ ഇതുവരെ ഇന്ത്യൻ സിനിമയിൽ വന്നുപോയിട്ടില്ല. ഏത് കഥാപാത്രത്തിലേക്കും ഒരു ഉന്മാദിയെ പോലെ സഞ്ചരിക്കുന്ന തിലകൻ സിനിമാ സ്വപ്ന ജീവികൾക്ക് എല്ലാക്കാലവും ഒരു പാഠപുസ്തകമാണ്.

ALSO READ: വിനോദയാത്രപോയി തിരികെവന്ന ബസ്സിൽ 50 കുപ്പി ഗോവൻ മദ്യം

അയാൾ ഒരിക്കലും ഒരു സിനിമയിലും നായകനായിരുന്നില്ല, പക്ഷെ നായകനെക്കാൾ പ്രേക്ഷകരെ സ്വാധീനിച്ചതും കയ്യടി നേടിയിരുന്നതും തിലകന്റെ കഥാപാത്ര സൃഷ്ടികൾക്കായിരുന്നു. കാഴ്ചക്കാരന്റെ കണ്ണുകളെ സ്വാധീനിക്കാൻ തക്ക കാന്തിക ശക്തി തിലകന്റെ ഓരോ തമാത്രകൾക്കും ഉണ്ടായിരുന്നു. കണ്ണുകൾ കൊണ്ടും കൈ വിരലുകൾ കൊണ്ടും എന്തിന് പുരികം കൊണ്ട് വരെ തിലകൻ അഭിനയിച്ചു. വിദ്യാഭ്യാസ കാലം മുതൽക്കേ നാടക വേദികളിൽ സജീവമായിരുന്ന സുരേന്ദ്രനാഥ് തിലകൻ എന്ന പയ്യനിൽ നിന്നും സാക്ഷാൽ തിലകനായി മാറുന്ന കാലം വരേയ്ക്കും കേരളത്തിന്റെ കലാ സാംസ്കാരിക മേഖലക്ക് ആ മനുഷ്യൻ നൽകിയ സംഭാവനകൾ ചെറുതല്ല. അതൊരു ഹിമാലയൻ മലനിരകളുടെ ഉയരം കണക്കെ ഇപ്പോഴും തുടരുന്നുണ്ട്.

നാടക രംഗത്ത് വിപ്ലവകരമായ പല തുടക്കങ്ങൾക്കും തിലകൻ മുന്നിലുണ്ടായിരുന്നു. 1955ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് “മുണ്ടക്കയം” നാടകസമിതിക്ക് രൂപം കൊടുത്ത അദ്ദേഹം 1966 വരെ കെപിഎസിയുടെ ഭാഗമായിരുന്നു. നാടക രംഗത്ത് ഏറെക്കാലം സജീവമായിരുന്ന തിലകൻ പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലുംആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ആ ചിത്രത്തിൽ അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ തുടർന്ന് വന്ന ചിത്രങ്ങൾ തിലകൻ എന്ന എല്ലാം തികഞ പ്രതിഭയെ അടയാളപ്പെടുത്താൻ തക്ക കാമ്പുള്ളവയായിരുന്നു.

ALSO READ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

തിലകന്റെ തോളോട് തോൾ ചേർന്ന് നില്ക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു പ്രതിഭയുണ്ടായിരുന്നില്ല. ഈ നേട്ടം പക്ഷെ സിനിമാ അവസരങ്ങളിൽ ആ മനുഷ്യനെ പലപ്പോഴും പിറകോട്ട് വലിച്ചു. പല സൂപ്പർ താരങ്ങളും തിലകനൊപ്പം നിൽക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും അതൊരു ഗുരുതര പ്രശ്നമായി സിനിമാ മേഖലയിൽ രൂപപ്പെടുകയും ചെയ്തിരുന്നു. സ്വന്തം കഴിവ് തന്നെ സ്വന്തം വളർച്ചയെ പുറകോട്ടടിക്കുന്ന ഒരവസ്ഥ ദീർഘകാലം തന്നെ തിലകനെ സിനിമയിൽ നിന്ന് മാറ്റി നിർത്തി. എന്തും തുറന്നു പറയും, അഭിപ്രായ ഭിന്നതകൾ ഒളിച്ചു വെക്കില്ല, നേരെ വാ നേരെ പോ എന്ന ലെയ്ൻ, ഇത്തരം സ്വാഭാവ സവിശേഷതകൾ ഒരു മനുഷ്യന്റെ ഏറ്റവും നല്ല വശങ്ങളാണെങ്കിലും പലരും തിലകന്റെ ഇത്തരം ചിന്തകളെ അവഗണിക്കുകയും എതിർക്കുകയും ചെയ്തു.

‘നിന്റെ അച്ഛനാടാ പറയുന്നേ കത്തി താഴെയിടെടാ’, ഏതൊരാൾ പറഞ്ഞാലും തീർത്തും നാടകീയമായി പോകുന്ന ഒരു ഡയലോഗ്, ലോഹിത ദാസിന്റെയും സിബി മലയിലിന്റെയും കിരീടം സിനിമയുടെ ആത്മാവ് തന്നെയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഭാഗം. ഒരുപക്ഷെ തിലകൻ ഇല്ലായിരുന്നെങ്കിൽ ആ സീൻ അത്രയും മികച്ചതാവില്ലായിരുന്നു. കണ്മുൻപിൽ മകൻ ഒരു കൊലയാളിയായി മാറുന്നത് കണ്ട് നിൽക്കേണ്ടി വന്ന സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഇല്ല അച്യുതൻ നായരായി മറ്റൊരു മനുഷ്യനെയും മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല.

ALSO READ: വൈറലാകുന്ന ഫോട്ടോ ലാബ് ‘ആപ്പാ’കുമോ?

കിരീടം, ചെങ്കോൽ, പെരുന്തച്ചൻ, നാടോടിക്കാറ്റ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, പിൻഗാമി, മൂന്നാം പക്കം, ഉസ്താദ് ഹോട്ടൽ അങ്ങനെ തിലകം ചാർത്തപ്പെട്ട എത്രയെത്ര സിനിമകൾ. കുമാരേട്ടൻ, ചാക്കോ മാഷ്, അച്യുതൻ നായർ, കരീംക്ക, ബലരാമൻ, എം കെ മേനോൻ അങ്ങനെ തിലകം ചാർത്തപ്പെട്ട എത്രയെത്ര കഥാപാത്രങ്ങൾ. എല്ലാം ഒരു നടനും ഇതുവരെ പ്രകടിപ്പിക്കാൻ കഴിയാത്ത വിഷാദങ്ങളുടെയും സന്തോഷത്തിന്റെയും സംഘർഷങ്ങളുടെയും പുതിയ തിലകൻ ടച്ചുള്ളയായിരുന്നു. ഒരു കാലഘട്ടത്തിന്റെ മുഴുവൻ അടയാളങ്ങളും പേറുന്ന തിലകന്റെ അഭിനയ ജീവിതത്തിന് പകരക്കാരില്ലായിരുന്നു. അമ്മയോട് പിണങ്ങിയ തിലകനെ സിനിമയിൽ നിന്ന് പലരും മാറ്റി നിർത്തിയെങ്കിലും അഭിനയത്തിൽ അയാൾക്ക് മാത്രം സാധിക്കുന്ന സിനിമകൾ വന്നതോടെ അദ്ദേഹത്തിന്റെ ആശയങ്ങളെ പലർക്കും അംഗീകരിക്കേണ്ടതായി വന്നു.

തിലകനെ അടയാളപ്പെടുത്തുമ്പോൾ അത് രണ്ട് കാലഘട്ടങ്ങളായി വേണം തരം തിരിക്കാൻ. അമ്മയുടെ വിലക്കിന് മുൻപുള്ള തിലകൻ ശേഷം തിരിച്ചു വന്ന തിലകൻ. വിലക്കിന് മുൻപ് വരെ എന്തായിരുന്നോ അതിന്റെ ഇരട്ടി അഭിനയ ശേഷിയോടെയാണ് ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ തിലകൻ ഒരു ഗംഭീര തിരിച്ചു വരവ് നടത്തുന്നത്. നായകനായിരുന്ന പൃഥ്‌വിരാജിനെക്കാൾ അന്ന് തിയേറ്ററുകളിൽ തിലകന്റെ സംഭാഷങ്ങൾക്ക് നിറഞ്ഞ കയ്യടി ലഭിച്ചു. ഒടുവിൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ജീവിതം പറഞ്ഞുവെച്ചതുപോലെ യാത്രയുടെ സായാഹ്നങ്ങളിലേക്ക് അയാൾ മടങ്ങി. പക്ഷെ തിലകന്റെ കഥാപാത്രങ്ങൾ ജീവിച്ചുകൊണ്ടേയിരുന്നു. അവർക്കറിയില്ല ജന്മം നൽകിയ മനുഷ്യൻ ഇന്ന് ഭൂമിയിൽ ഇല്ലെന്ന്. സിനിമയും മനുഷ്യനുമുള്ള കാലത്തോളം അവർ അറിയാനും പോകുന്നില്ല, തിലകൻ എന്ന മനുഷ്യൻ മലയാളിക്ക് നഷ്ടപ്പെട്ടെന്ന്.

തിലകൻ ഓർമ്മയായിട്ട് 11 വര്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News