കെ ജി ജോർജ് എന്ന പാഠപുസ്തകം, മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്മാന് വിട

മലയാള സിനിമയിൽ മാറ്റത്തിന്റെ ഒരു യവനിക ഉയരുന്നത് കെ ജി ജോർജ് എന്ന സംവിധായകന്റെ കടന്നുവവോടെയാണ്. പറഞ്ഞു വെച്ചതിനെയൊക്കെ പൊളിച്ചെഴുതി പുതിയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച കെ ജി കലയോട് കാലാതീതമായ സ്നേഹം സൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു. എങ്ങനെ ഒരാശയത്തെ കലാമൂല്യമുള്ള ജനകീയ സിനിമയാക്കി മാറ്റാമെന്നാണ് കെ ജി ജോർജ് ചിന്തിച്ചിരുന്നത്. നെല്ലിന്റെ തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് കടന്നു വരുമ്പോഴും അതേ നിലപാടുകൾ തന്നെയായിരുന്നു കെ ജി ജോർജ് പിന്തുടർന്നത്.

ALSO READ: അമിതവേഗമെന്ന് പരാതി; പേടിയെങ്കിൽ ഇറങ്ങിപ്പോകാൻ യാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ

മരം ചുറ്റി പ്രണയത്തിൽ അകപ്പെട്ടുപോയ ഒരു കാലഘട്ടത്തിലെ സിനിമയെ കെ ജി ജോർജ്‌ തിരുത്തിയെഴുതി. ആദ്യ സംവിധാന സംരംഭമായ സ്വപ്നാടനത്തിൽ തന്നെ ജീവിത യാഥാർഥ്യങ്ങളുടെ ചിത്രങ്ങൾ കെ ജി ജോർജ് കുറിച്ചിട്ടു. കലാ മൂല്യങ്ങള്‍ കൈമോശം വരാതെ മികച്ച കച്ചവട സിനിമയും എങ്ങനെ സൃഷ്ടിക്കാമെന്ന് രാമു കാര്യാട്ടെന്ന ചലച്ചിത്ര ഗുരുവില്‍നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു കെ ജി ജോർജ് സിനിമകൾ ചെയ്തത്. തീർത്തും വ്യത്യസ്തമായ സിനിമകൾ, ബന്ധപ്പെടാത്ത കഥകൾ, കഥാപാത്രങ്ങൾ അങ്ങനെ എല്ലാ തലത്തിലും കെ ജി ജോർജ് വ്യത്യസ്തതകൾ കൊണ്ടുവന്നു.

മനുഷ്യർ തമ്മിലുള്ള സംഘര്ഷങ്ങളേക്കാൾ ഒരു മനുഷ്യന്റെ മനസ്സിനകത്ത് തന്നെ നടക്കുന്ന വിവിധ തരം ചിന്തകളെ കെ ജി ജോർജ് കൈകാര്യം ചെയ്തിരുന്നു. അതുകൊണ്ട് ആദ്യ സിനിമയിൽ തന്നെ ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കെ ജി ജോർജ് നേടി. സിനിമയും ജീവിതവും തമ്മിൽ സൂക്ഷ്മമായ ഒരു ബന്ധമുണ്ടെന്ന് കെ ജി ജോർജ് തന്റെ തിരക്കഥകളിലൂടെ പറഞ്ഞു. വിപ്ലവകരമായ പല ആശയങ്ങളും ആദ്യമായി മലയാള സിനിമയിൽ കൊണ്ടുവരുന്നത് പോലും കെ ജി ജോർജ് ആയിരുന്നു.

ALSO READ: ഇന്ത്യയില്‍ ഏ‍ഴരക്കോടി ജനങ്ങളാണ് ദാരിദ്ര്യ രേഖയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്, 30 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധന: പരകാല പ്രഭാകര്‍

എഴുപതുകളുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ പെട്ട് മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ഗതിമാറിയൊഴുകിയ യുവാക്കളുടെ കഥ പറഞ്ഞ ‘രാപ്പാടികളുടെ ഗാഥ’ (1977) സിനിമ ജീവിതം തന്നെയാണ് എന്ന സത്യമായിരുന്നു വെളിപ്പെടുത്തിയത്. ‘ആദാമിൻ്റെ വാരിയെല്ലിലൂടെ സ്ത്രീപക്ഷ സിനിമകൾ എന്ന ചിന്താഗതിയും, സമൂഹത്തിൽ പുരുഷനെ പോലെ സ്ത്രീയും തുല്യത അർഹിക്കുന്നുണ്ട് എന്ന ചരിത്രപരമായ വെളിപ്പെടുത്തലും കെ ജി ജോർജ് വ്യക്തമാക്കി.

ഇലവങ്കോട് ദേശം എന്ന ചിത്രം മാറ്റി നിർത്തിയാൽ കെ ജി ജോർജ് ചെയ്ത മറ്റ് സിനിമകൾ എല്ലാം തന്നെ മലയാളത്തിലെ ക്ലാസിക് വിഭാഗത്തിലേക്ക് ചേർത്ത് വെക്കാവുന്നവയാണ്. യവനികയും ഇരകളും കാലമെത്ര കഴിഞ്ഞാലും പ്രസക്തിയുള്ള പ്രമേയങ്ങൾ കൊണ്ട് ഇന്നും മലയാള സിനിമാ ലോകത്ത് നിലനിൽക്കുന്നുണ്ട്. കെ ജി ജോർജിന്റെ ഓരോ സിനിമയും ചലച്ചിത്ര പഠിതാക്കള്‍ക്കുള്ള എക്കാലത്തെയും മികച്ച പാഠപുസ്തകമാണ്. കാലമെത്ര കഴിഞ്ഞാലും കെ ജി ജോർജ് ഓർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും. സിനിമകിലൂടെ, സിനിമയെ സ്നേഹിക്കുന്ന മനുഷ്യരിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News