‘ലളിതം സുന്ദരം’, ഓർമകളിൽ മലയാളത്തിന്റെ സ്വന്തം കെ പി എ സി ലളിത

സിനിമയുടെ ഓരോ അണുവിലും ഒരു കെ പി എ സി ലളിതയുണ്ട്. കുഞ്ഞു മറിയയായി, കൗസല്യയായി, നാരായണിയായി, കുട്ടിയമ്മയായി അങ്ങനെയങ്ങനെ……

നാരായണി : “ഞാന്‍ മരിച്ചുപോയാല്‍ എന്നെ ഓര്‍ക്കുമോ?”

ബഷീര്‍ : “പ്രിയപ്പെട്ട നാരായണീ, മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല, ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ.”

(ഒന്നാലോചിച്ചിട്ട്)…

“ഞാനായിരിക്കും ആദ്യം മരിക്കുന്നത്..”

നാരായണി : “അല്ല..ഞാനായിരിക്കും,

എന്നെ ഓര്‍ക്കുമോ?”

ബഷീര്‍ : “ഓര്‍ക്കും.!!!”

നാരായണി : “എങ്ങനെ..?!..

എന്‍റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..എങ്ങനെ ഓര്‍ക്കും?!”

ബഷീര്‍ : “നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.”

നാരായണി : “ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?”

ബഷീര്‍ : “നാരായണീ, മുഖസ്തുതിയല്ല, പരമസത്യം..മതിലുകള്‍!!! മതിലുകള്‍!!!

നോക്കൂ….ഈ മതിലുകള്‍ ലോകം മുഴുവനും ചുറ്റി പോകുന്നു..!!! “

നാരായണി : “ഞാനൊന്നു പൊട്ടിക്കരയട്ടെ?”

ബഷീര്‍ : “ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ..!!!”

ഥാപാത്രത്തിന് വേണ്ടത് ശരീരഭാഷ മാത്രമല്ല ശബ്ദഭാഷ കൂടിയാണ് എന്ന കണ്ടെത്തൽ തുടങ്ങുന്നത് അടൂരിന്റെ മതിലുകളിൽ നിന്നാണ്. വേദന, പ്രണയം, ആകാംഷ, ഉത്കണ്ഠ, തുടങ്ങി എല്ലാവിധ വികാരങ്ങളെയും മുഖമില്ലാതെ ശബ്ധത്തിലൂടെ അന്നവതരിപ്പിച്ചത് മലയാളത്തിന്റെ കെ പി എ സി ലളിതയാണ്. ഏത് കഥാപാത്രത്തിലേക്കും അനായാസേന കടന്നുചെല്ലുന്ന ലളിത പകരം വെക്കാനില്ലാത്തവിധം ബഷീറിന്റെ നാരായണിയെ അനശ്വരമാക്കി.

ലളിതം മനോഹരം

അഭിനയത്തിന്റെ സാധ്യതകളെ ഇത്രത്തോളം ഉപയോഗിച്ച മറ്റൊരു നടി മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അത്രത്തോളം സിനിമ കാണുന്ന പ്രേക്ഷകനെ തന്റെ കഥാപാത്രത്തിലേക്ക് ലളിത കൂട്ടിക്കൊണ്ട് പോകും. ഏത് വേഷവും സ്വീകരിക്കുന്ന, എല്ലാം ഒന്നിനൊന്ന് മികച്ചതാകുന്ന രീതി പ്രേക്ഷകർക്കിടയിൽ അവരെ വാനോളം ഉയർത്തിയിരുന്നു. അവർക്കൊപ്പം കരഞ്ഞും, ചിരിച്ചും, വേദനകളെ അടക്കിപ്പിടിച്ചും പ്രേക്ഷകർ എത്രയെത്ര സിനിമാ വർഷങ്ങളെ ആഘോഷിച്ചു.

ജീവിതത്തിന്റെ വേരുകളിൽ

1947 മാർച്ച് 10 ന്‌ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണ് മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണ് അവർ കുട്ടിക്കാലം ചെലവഴിച്ചത്. കലാമണ്ഡലം ഗംഗാധരനില്‍ നിന്നും ചെറുപ്പത്തിലേ നൃത്തം പഠിച്ചു, അതോടൊപ്പം തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കാനും ആരംഭിച്ചു. ‘ഗീത’ എന്ന നാടകസംഘത്തിൻ്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു.

മറക്കാത്ത മരിക്കാത്ത മാനറിസങ്ങൾ

ഓരോ കഥാപാത്രത്തോടും കെ പി എ സി ലളിത പുലർത്തിയ നീതി മാതൃകാപരമാണ്. കുഞ്ഞു മറിയ കൊണ്ടുവന്ന പലഹാരങ്ങൾ കൂട്ടുകാരി കൊച്ചു ത്രേസ്യയുടെ പേരക്കുട്ടികൾ കഴിക്കുന്നത് നോക്കി നിൽക്കുമ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന തെളിച്ചം, അത് കുട്ടികളുടെ അമ്മ തട്ടിത്തെറിപ്പിക്കുമ്പോഴുള്ള വേദന, സങ്കടം കലർന്ന കരച്ചിൽ ഇതൊന്നും ഒരു കാലഘട്ടത്തിലെ മനുഷ്യരിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാൻ ഇടയില്ല.

കനൽക്കാറ്റിൽ നത്ത് നാരായണന് പിറകെ സ്നേഹത്തിന് വേണ്ടി നടക്കുന്ന ഓമനയും, നാരായണൻ അത് തിരസ്കരിക്കുമ്പോഴുള്ള ഓമനയുടെ സങ്കടങ്ങളും, മാറ്റി നിർത്തപ്പെട്ടവളുടെ വേദനയും മറ്റാർക്കും പകരം വെക്കാൻ കഴിയാത്തവിധം കെ പി എ സി ലളിത അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വന്തം മകനെ കെട്ടിവലിച്ച് ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുനിൽക്കാൻ കഴിയാതെ വാൽക്കണ്ണാടിയിൽ കുട്ടിയമ്മ വാതിൽ കൊട്ടിയടച്ചുകൊണ്ട് അലറിവിളിക്കുന്നുണ്ട്. ആ വിളിയിൽ കരഞ്ഞുപോകാത്ത മനുഷ്യരുണ്ടായിരിക്കില്ല.

കൗസല്യ, നാരായണി തുടങ്ങി മലയാളി ഒരിക്കലും മറക്കാൻ ഇടയില്ലാത്ത നിരവധി കഥാപാത്രങ്ങൾ കെ പി എ സി ലളിതയിലൂടെ ജനിച്ചു. ജീവിക്കുന്നു.. 497 ഓളം സിനിമകളിൽ കെ പി എ സി ലളിത അഭിനയിച്ചിട്ടുണ്ട്.

കാലത്തിനൊത്ത് കവിത പോലെ

സിനിമയിലും സമൂഹത്തിലും നടക്കുന്ന മാറ്റങ്ങളെ അംഗീകരിച്ച് അതിനൊനൊപ്പം സഞ്ചരിക്കാൻ കെ പി എ സി ലളിതയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും പ്രേക്ഷകർക്ക് അവർ പ്രിയപ്പെട്ട കലാകാരിയായിരുന്നു. സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് മാറി പരീക്ഷിക്കാത്ത പുതിയ മോഡേൺ സ്വഭാവങ്ങളെയും വേഷങ്ങളെയും എടുത്തണിയാൻ അവർ മടിച്ചില്ല.

ചുണയും ഉശിരുമുള്ള അമ്മമാർ, പൊങ്ങച്ചമുള്ള ഭാര്യമാർ, വാ തോരാതെ വർത്താനം പറയുന്ന ചേച്ചിമാർ, പൊരുതി നിൽക്കുന്ന മരുമകൾ, കയ്യും വീശി കാലും വലിച്ച് വച്ച് ഏന്തി നടന്നു വരുന്ന വല്യമ്മച്ചിമാർ, തൊഴിലെടുക്കും പെണ്ണുങ്ങൾ, ഇങ്ങനെ എത്ര കഥാപാത്രങ്ങൾ കെപി എ സി ലളിതയിലൂടെ സഞ്ചരിച്ചു. ഒന്നിനും അതിരുകൾ ഇല്ലായിരുന്നു.

തുടരും….

കലയെ ആത്മാവിൽ കൊണ്ടുനടന്ന മനുഷ്യരൊക്കെ കാലത്തെ തോൽപ്പിച്ചവരാണ്. സിനിമയുള്ള കാലത്തോളം, സിനിമയെ സ്നേഹിക്കുന്ന, സിനിമയിൽ ജീവിക്കുന്ന മനുഷ്യരുള്ള കാലത്തോളം അവർ ഈ ഭൂമിയിൽ തന്നെ വിചാരങ്ങളായി തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News