നാടിൻ്റെ ഈണങ്ങളെ നാലാളറിയും വിധം ചിട്ടപ്പെടുത്തി, സംഗീതത്തിൻ്റെ സ്ഥിരം ശൈലികളെ തിരുത്തി വ്യക്തിമുദ്ര പതിപ്പിച്ചു: കെ രാഘവൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഇന്ന് പത്താണ്ട്

-സാൻ

മലയാളി മറക്കാത്ത പാട്ടുകളുടെ പണിപ്പുരയ്ക്ക് പിന്നിൽ കെ രാഘവൻ എന്ന അനശ്വര സംഗീത സംവിധായകൻ സമാനതകളില്ലാതെ വിഹരികുമ്പോൾ, ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ് അയാൾക്കൊപ്പം അടയാളപ്പെടുന്നത്

പാട്ടുകൾ ഏതൊരു മനുഷ്യനെയും അതിഭീകരമാം വിധം കീഴ്‌പ്പെടുത്തുന്ന ഒന്നാണ്. പഴകും തോറും വീഞ്ഞുപോലെ വീര്യമുള്ളതാകുന്ന അതിൻ്റെ ഈണങ്ങളിൽ എത്ര രാത്രികൾ പകലുകൾ നമ്മൾ ജീവിതത്തിന്റെ സകല ഭാവങ്ങളോടും പൊരുതി നിന്നിട്ടുണ്ടാകും. ആ നിർവൃതികളുടെയും പ്രണയത്തിന്റെയും നോവിന്റെയുമെല്ലാം രുചിയും ഗന്ധവുമുണ്ട് കെ രാഘവൻ മാസ്റ്റർ എന്ന മനുഷ്യന്റെ പത്തുവര്ഷങ്ങൾ പിന്നിടുന്ന ഓർമ്മകൾക്ക്. ചില മനുഷ്യർ അടയാളപ്പെടുക ഹൃദയത്തിലാണ്, അതുകൊണ്ട് തന്നെ കാലത്തിനോ അതിന്റെ അപചയങ്ങൾക്കോ അവരെ മായ്ക്കാനോ മറക്കാനോ കഴിയില്ല. അത്തരത്തിൽ ആഴത്തിൽ മലയാളികളുടെ ഹൃദയത്തിൽ അടയാളപ്പെട്ടുപോയ സംഗീത സംവിധായകനാണ് കെ രാഘവൻ മാസ്റ്റർ.

ഓരോ പാട്ടുകളും ഓരോ ലോകം എന്ന് തന്നെ വിശേഷിപ്പിക്കാം. അതിനുള്ളിൽ പുതച്ചുമൂടി ഉറങ്ങാം, അർദ്ധരാത്രിയിൽ നിലാവ് നോക്കി കിടക്കാം, നട്ടുച്ചകളിൽ ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് മയങ്ങാം, പ്രണയിക്കുന്നവർക്കൊപ്പം ഏറ്റുപാടാം, കല്യാണ രാത്രികളിൽ ഉറങ്ങാതെ സംസാരിച്ചിരിക്കാം അങ്ങനെയങ്ങനെ സകല മനുഷ്യ വികാരങ്ങൾക്കും നിമിഷങ്ങൾക്കും കെ രാഘവൻ മാസ്റ്ററുടെ ഈണങ്ങൾ നമുക്ക് ഉപയോഗിക്കാം. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന സിനിമാ ലോകത്തിന്റെ ചരിത്ര പുസ്തകം കെ രാഘവൻ എന്ന ഒരദ്ധ്യായമില്ലാതെ പൂർണ്ണമാകില്ല. അത്രത്തോളം സംഗീതത്തെ സ്നേഹിക്കുകയും സംഗീതത്തിൽ ജീവിക്കുകയും ചെയ്ത മനുഷ്യനാണ് അദ്ദേഹം.

‘കായലരികത്ത് വലയെറിഞ്ഞപ്പോ, എല്ലാരും ചൊല്ലണ്, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, കാത്ത് സൂക്ഷിച്ചൊരു, അപ്പോഴേ പറഞ്ഞില്ലേ’ തുടങ്ങി ഇന്നും ഓരോ മനുഷ്യരും ഏറ്റുപാടുന്ന ഈണങ്ങളിൽ ഒക്കെ തന്നെ രാഘവൻ മാസ്റ്ററുടെ ജീവൻ തൊട്ടെടുത്ത ഓർമ്മകളുണ്ട്. ഈണങ്ങൾക്ക് വേണ്ടി അദ്ദേഹം നടന്ന വഴികളുടെ വ്യത്യസ്തതകളുണ്ട്. കാലാതീതമായി നിലകൊള്ളുന്ന സംഗീത സംവിധായകരുടെ പേരുകൾ എടുത്ത് നോക്കിയാൽ അതിൽ ഒരാളായി രാഘവൻ മാസ്റ്ററെ നമുക്ക് കാണാൻ കഴിയും. സിനിമയെ സിനിമയാക്കിയ എത്രയെത്ര പാട്ടുകളുടെ പാടുകളുണ്ടായിരിക്കാം അദ്ദേഹത്തിന്റെ ജീവിതത്തിൽ.

സിനിമാ പാട്ടുകളെ ജനകീയമാക്കി മാറ്റുന്നതിലും തനതായ ഈണങ്ങളെ അതിന്റെ ശൈലികൾ പൊളിച്ചെഴുതി അവതരിപ്പിക്കുന്നതിലും രാഘവൻ മാസ്റ്റർ തന്നെയായിരുന്നു എന്ന് വേണം വിലയിരുത്താൻ. തൈക്കുടം ബ്രിഡ്‌ജ് എന്ന ഉത്തരാധുനിക കാലത്തെ മ്യൂസിക് ബാൻഡ് പോലും ‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്ന്’ എന്ന പാട്ട് പാടി ജനഹൃദയങ്ങളിലേക്ക് ചേക്കേറുമ്പോൾ തനത് വാ മൊഴികളിൽ രാഘവൻ മാസ്റ്റർ നടത്തിയ പരീക്ഷങ്ങളുടെ വിജയം കൂടിയാണ് കാലഘട്ടങ്ങൾക്കിപ്പുറവും വ്യക്തമാകുന്നത്.

തലശ്ശേരിയിലെ താലായില്‍ കൃഷ്ണന്‍ – നാരായണി ദമ്പതിമാരുടെ മകനായി 1914 ഡിസംബര്‍ 2നാണ് രാഘവൻ മാസ്റ്റർ ജനിച്ചത്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെ ചെറുപ്പത്തിലേ അദ്ദേഹം പഠനം അവസാനിപ്പിച്ചു. നന്നായി ഫുട്ബാള്‍ കളിക്കുമായിരുന്ന രാഘവൻ മാഷ് പ്രൊഫഷണല്‍ കളിക്കാരനാകാന്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും സംഗീതത്തോടുള്ള ഭ്രമം കാരണം അതും നിരസിച്ചിരുന്നു. യഥാർത്ഥത്തിൽ സംഗീതത്തിന്റെ ലോകം തന്നെയായിരുന്നു അദ്ദേഹത്തിന് മുൻപിൽ എപ്പോഴും ഉണ്ടായിരുന്നത്. ആകാശവാണിയില്‍ ജോലി ചെയ്‌തിരുന്ന രാഘവൻ മാഷ് പുതിയൊരു വഴിയിലേക്ക് നടത്തം തുടങ്ങുന്നത് പി ഭാസ്കരനെ പരിചയപ്പെട്ടതോടെയാണ്.

നീലക്കുയിലിൽ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയത് ഭാസ്കരന്‍ മാഷ് ആയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്താല്‍ ആ പാട്ടുകള്‍ക്ക് സംഗീതം കൊടുക്കാന്‍ രാഘവന്‍ മാഷിനു അന്ന് അവസരം ലഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് പരീക്കുട്ടിയുടെ നിര്‍ബന്ധം കാരണം അതിലെ ഒരു പാട്ട് ” കായലരികത്ത് വലയെറിഞ്ഞപ്പോള്‍ ” അദ്ദേഹത്തിനു പാടേണ്ടിയും വന്നു. അങ്ങനെ ആദ്യ ചിത്രത്തില്‍ സംഗീത സംവിധായകനും ഗായകനും ആയി അദ്ദേഹം മാറി. എന്നാൽ നീലക്കുയിലിനു മുൻപ് തന്നെ രാഘവൻ മാസ്റ്റര്‍ ചലച്ചിത്ര ഗാന രംഗത്തു തുടക്കം കുറിച്ചിരുന്നു. കതിരു കാണാക്കിളി, പുള്ളിമാന്‍ എന്നിവക്കു വേണ്ടി ആയിരുന്നു അത്. രണ്ടു ചിത്രങ്ങളും പുറത്തിറയില്ലായിരുന്നു.

1973 ല്‍ നിര്‍മാല്യം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ആദ്യ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 4 വര്‍ഷത്തിനു ശേഷം പൂജക്കെടുക്കാത്ത പൂക്കളിലെ ഗാനങ്ങളിലൂടെ വീണ്ടും സംസ്ഥാന അവാര്‍ഡ് കിട്ടി.1986 ല്‍ പാഞ്ചാലി എന്ന നാടകത്തിലെ സംഗീത സംവിധാനത്തിനും അവാര്‍ഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും കമുകറ പുരുഷോത്തമൻ, ബാബുരാജ് തുടങ്ങിയവരുടെ പേരിലുള്ള അവാർഡുകൾ തുടങ്ങി മറ്റു നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടുകയുണ്ടായി.1997 ല്‍ സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര രംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്ക്കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി മാസ്റ്ററെ ആദരിച്ചു.

നാടന്‍ പാട്ടുകളും പുള്ളുവന്‍ പാട്ടുകളും മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളുടെ ശൈലികളിലേക്ക് കൊണ്ടുവന്നത് രാഘവൻ മാസ്റ്ററായിരുന്നു. ഒരുപക്ഷെ അദ്ദേഹമില്ലായിരുന്നെങ്കിൽ ഇവയെല്ലാം മുഖ്യധാരയിലേക്കെത്താൻ വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമായിരുന്നു.മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈണങ്ങളാണ് തനത് സംഗീതത്തിൽ ഉണ്ടായിരുന്നത് എന്ന സത്യമാണ് ഇതിലൂടെ രാഘവൻ മാസ്റ്റർ തെളിയിച്ചത്. ഏറ്റവും ഒടുവിലായി ബാല്യകാലസഖി എന്ന ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുമ്പോഴും അദ്ദേഹം മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു. പാട്ടുകളുള്ള കാലത്തോളം കെ രാഘവൻ മാസ്റ്റർ ജീവിച്ചുകൊണ്ടേയിരിക്കും. ഓർമ്മകളിൽ നിന്ന് ഓർമ്മകളിലേക്ക് അദ്ദേഹത്തിന്റെ ഈണങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News