‘പറഞ്ഞു തീരാതെ പദ്മരാജൻ’, നക്ഷത്രങ്ങൾക്ക് കാവലിരുന്ന ഗന്ധർവൻ്റെ കഥകളുടെ കരിയിലക്കാറ്റ് തോർന്നിട്ട് 33 വർഷങ്ങൾ

‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം
അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും,
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം
അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും’

-പദ്മരാജൻ

പ്രണയത്തിന്റെ പലവർണങ്ങൾ

സ്നേഹത്തിലെത്ര സ്നേഹമുണ്ടെന്ന് കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന പ്രണയത്തോളം സങ്കീർണ്ണമായ ഒന്ന് ഭൂമിയിൽ ഇല്ലേയില്ല. ഈ അനിശ്ചിതത്വത്തെ, അതിൻ്റെ വ്യതിയാനങ്ങളെ മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിച്ചത് പദ്മരാജനാണ്. എല്ലാം സ്നേഹമാണ്, എല്ലാവരിലും സ്നേഹമുണ്ട് എന്ന തത്വങ്ങൾ പദ്മരാജൻ സിനിമകളിൽ പല കാലങ്ങളിലായി വന്നുപോയി. എല്ലാ തലങ്ങളിലെ മനുഷ്യരും തീവ്രമായി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നുണ്ടെന്നും, ഭൂമിയിലെ അനിർവചിനീയമായ ഒരേയൊരു വികാരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തോന്നലുകളാണെന്നും പദ്മരാജൻ അടയാളപ്പെടുത്തി.

പെരുവഴിയമ്പലം മുതൽക്ക് ഞാൻ ഗന്ധവർവൻ വരേക്ക് നീളുന്ന 18 സിനിമകൾ കൊണ്ട് പദ്മരാജൻ നേടിയെടുത്തത് മലയാളത്തിന്റെ ക്ലാസിക് ഡയറക്ടർ എന്ന പദവിയാണ്. മലയാള സിനിമയെ വിഭജിക്കുമ്പോൾ അത് പദ്മരാജന് മുൻപും ശേഷവും എന്നീ രണ്ട് കാലഘട്ടങ്ങളായി കണക്കാക്കണം. തുടർന്നുവന്നിരുന്ന സകല സിനിമാറ്റിക് രീതികളെയും അട്ടിമറിച്ചാണ് പദ്മരാജൻ ചിത്രങ്ങൾ പുറത്തിറങ്ങിയത്. ലൈംഗികത പാപമല്ലെന്നും, അതിനുമപ്പുറം കാവ്യാത്മകമായ ഒന്നാണെന്നും പദ്മരാജൻ പറഞ്ഞുവെച്ചു. സ്വന്തം കഥകൾ തന്നെ വെള്ളിത്തിരയിലെത്തിക്കുന്നത് കൊണ്ട്, കെട്ടുറപ്പുള്ള മനുഷ്യരും ഭൂമിയുമെല്ലാം അയാളുടെ സിനിമകളെ കാലാതീതമായ ഒന്നാക്കി മാറ്റി. കുറഞ്ഞ സിനിമാ ജീവിതം കൊണ്ട് കഥകളുടെ കാതൽ മലയാളത്തിന് പരിചയപ്പെടുത്തുകയായിരുന്നു.

ALSO READ: 20 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ക്രിസ്മസ് -ന്യൂ ഇയര്‍ നറുക്കെടുപ്പ് ഇന്ന്

കഥകളുടെ താക്കോൽ കൊണ്ട് സിനിമയുടെ പൂട്ട് തുറന്ന പപ്പൻ

സംവിധായകൻ ഭരതന്റെ ആദ്യ സംവിധാന സംരംഭമായ പ്രയാണത്തിന് തിരക്കഥയൊരുക്കിയാണ് പദ്മരാജൻ സിനിമയിലെത്തുന്നത്. തുടർന്ന് തകര, ലോറി, രതിനിർവേദം തുടങ്ങി കുറേയേറെ സിനിമകൾ പത്മരാജൻ -ഭരതൻ കൂട്ടുകെട്ടിൽ പിറന്നു. ഐ.വി. ശശി, മോഹൻ, കെ.ജി.ജോർജ് തുടങ്ങിയ സംവിധായകർക്ക് വേണ്ടി പദ്മരാജൻ എഴുതിയ സിനിമകളും തിയേറ്ററുകളിൽ പ്രദർശന വിജയം നേടിയതോടെ പദ്മരാജന്റെ പെരുമ സിനിമാ ലോകത്ത് പതിയെ അലയടിച്ചു തുടങ്ങി. തുടർന്ന് 1978-ൽ സ്വയം രചനയും സംവിധാനവും നിർവഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.

പദ്മരാജന്റെ തന്നെ രചനയിലും സംവിധാനത്തിലും പിന്നീട് പുറത്തിറങ്ങിയ ഒരിടത്തൊരു ഫയൽവാൻ 1980-ലെ കൊലാലമ്പൂർ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങളും നേടി. ആർട് എന്നോ മുഖ്യധാര സിനിമ എന്നോ വേർതിരിവില്ലാതെ സ്വീകരിക്കപ്പെട്ടവയായിരുന്നു പത്മരാജന്റെ പിന്നീട് വന്ന ഭൂരിപക്ഷം സിനിമകളും. തൂവാനത്തുമ്പികളും, ഇന്നലെയും, അപരനുമെല്ലാം അത്തരത്തിൽ പ്രേക്ഷകരുടെ കണ്ണുകളിലേക്ക് മാത്രമല്ല ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് കൂടിയാണ് ഇറങ്ങിച്ചെന്നത്.

ALSO READ: തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു

നക്ഷത്രങ്ങൾക്ക് കാവലിരുന്ന കാലങ്ങൾ

ആകാശവാണിക്കാലത്ത് തന്നെ മാതൃഭൂമി, കൗമുദി തുടങ്ങിയ മാസികകളിൽ ചെറുകഥകളെഴുതിയാണ് പദ്മരാജൻ എഴുത്തിന്റെ ലോകത്തേക്ക് സഞ്ചരിച്ചു തുടങ്ങിയത്. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച “ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്” എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നീ ശ്രദ്ധേയമായ കൃതികൾ ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ തന്നെ പദ്മരാജൻ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ്. 1969 വരെ ധാരാളം ചെറുകഥകൾ പ്രസിദ്ധീകരിച്ച പത്മരാജൻ പിന്നീടാണ് നോവൽ രചനയിലേക്ക് കടക്കുന്നത്.

വി.ടി. നന്ദകുമാറിന്റെ പത്രാധിപത്യത്തിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യാത്ര ദ്വൈവാരികയിലാണ് പദ്മരാജന്റെ ആദ്യ നോവലായ താഴ്വാരം 1969 ൽ പ്രസിദ്ധീകരിക്കുന്നത്. തൊട്ടടുത്ത വർഷം ഒന്ന്, രണ്ട്, മൂന്ന് എന്ന പേരിൽ ജലജ്വാല, രതിനിർവേദം, നന്മകളുടെ സൂര്യൻ എന്നീ മൂന്ന് നോവലൈറ്റുകൾ പ്രസിദ്ധീകരിച്ചെങ്കിലും രതിനിർവേദം പിന്നീട് നോവൽ മാത്രമായി പുറത്തു വന്നു. 1970-ൽ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച “നക്ഷത്രങ്ങളേ കാവൽ” ആണ് എഴുത്തുകാരൻ എന്ന നിലയിൽ പദ്മരാജൻ്റെ ജീവിതത്തെ മാറ്റിമറിച്ചത്. അപൂർണമായ താഴ്വാരം ഒഴികെ 11 നോവലുകളാണ് പത്മരാജൻ രചിച്ചിട്ടുള്ളത്. ഗ്രാമ നഗര ജീവിതങ്ങൾ പശ്ചാത്തലമാക്കി മനുഷ്യബന്ധങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്ത പത്മരാജന്റെ കഥാപാത്രങ്ങൾ പലപ്പോഴും യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച് സ്വന്തം ശരികളിൽ നില കൊണ്ടവരായിരുന്നു.

ഗന്ധർവ വിരാമം

സിനിമയിൽ ജീവിച്ച പദ്മരാജൻ സിനിമയിലൂടെ തന്നെയാണ് ജീവിതത്തിന്റെ അവസാന നാഴികയും താണ്ടിയത്. ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജൻ ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനം മൂലം 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. മലയാള സിനിമയിലും സാഹിത്യത്തിലും ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ട മനുഷ്യൻ ഒരു കരിയിലക്കാറ്റുപോലെ കടന്നുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here