വർഷങ്ങൾ കടന്നുപോയതും ചുറ്റുമുള്ളതെല്ലാം മാറി മറിയുന്നതും അറിയാതെ ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ഉദാത്ത മാതൃകയാണ് ലെനയും നടി സ്വാസികയും. പൊതുവേദികളിൽ വന്ന് ഇവർ വിളിച്ചു പറയുന്ന അശാസ്ത്രീയ കഥകളും കണ്ടെത്തലുകളും അപകടം പിടിച്ചതാണ്. മനഃശാസ്ത്രത്തെ കുറിച്ച് നടി ലെന പറഞ്ഞ മണ്ടത്തരങ്ങൾക്കെതിരെ നിരവധി വിമർശങ്ങൾ ഉയർന്നിരുന്നെങ്കിലും മനഃശാസ്ത്രത്തെ കുറിച്ച് അറിയാത്ത പലരും ലെനയുടെ വാക്കുകൾ വിശ്വസിച്ചിരുന്നു. ഇത് സമൂഹത്തെ തെറ്റായ രീതികളിലേക്ക് നയിക്കാൻ കാരണമാകും.
ALSO READ: നിജ്ജാറിന്റെ കൊലയ്ക്ക് തിരിച്ചടിക്കും; റിപ്പബ്ലിക്ക് ദിനത്തിന് മുമ്പ് ഭീഷണിയുമായി പന്നു
പൂർവ ജന്മത്തിലെ കാര്യങ്ങളെല്ലാം തനിക്ക് ഓർമയുണ്ടെന്നായിരുന്നു നടി ലെന പറഞ്ഞത്. ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നുവെന്നും ലെന പറഞ്ഞിരുന്നു. ഇതൊക്കെ സഹിക്കാമെങ്കിലും നരബലിയെ അനുകൂലിച്ചുകൊണ്ടുള്ള ലെനയുടെ അഭിപ്രായമാണ് തീർത്തും വിചിത്രമായിരുന്നു. നരബലി തെറ്റല്ലേയെന്ന ചോദ്യത്തിന് ശരി തെറ്റുകൾ എങ്ങനെ പറയാൻ കഴിയുമെന്നായിരുന്നു ലെനയുടെ മറുപടി. ഇതിനെയും അനുകൂലിച്ചു ആളുകൾ രംഗത്ത് വന്നു എന്നതാണ് ഈ സ്റ്റേറ്റ്മെന്റിലെ ഏറ്റവും അപകടം പിടിച്ച വസ്തുത. ലെനയെ അനുകൂലിക്കുന്നവർ പത്തനംതിട്ടയിൽ നടന്ന നരബലിയെ കൂടി അപ്പോൾ അനുകൂലിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേക്കാൻ സാധ്യതയുണ്ട്.
തീർത്തും അശാസ്ത്രീയമായ മറ്റൊരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ‘വിവേകാന്ദൻ വൈറലാണ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടി സ്വാസിക പങ്കുവെച്ചത്. തന്റെ മുത്തച്ഛൻ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുമെന്നും സ്വാസിക പറഞ്ഞിരുന്നു. അഭിമുഖം നിയന്ത്രിച്ച അവതാരകയോ, കൂടെയുണ്ടായിരുന്ന ഷൈൻ ടോം ചാക്കോയോ സ്വാസികയ്‌ക്കെതിരെ സംസാരിച്ചില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതിനെ അനുകൂലിക്കുന്ന നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു.
‘എന്റെ അമ്മയുടെ മുത്തശ്ശൻ വിഷവൈദ്യനായിരുന്നു. പാമ്പ് കടിച്ചിട്ട് അതേ പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുക. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
എന്റെ അമ്മയുമൊക്കെ അതിന് സാക്ഷികളാണ്. ആ പാമ്പ് എവിടെയാണെങ്കിലും വരും. പക്ഷേ അത് ആ ഫാമിലിക്ക് ഭയങ്കര ദോഷമാണ്. അതുകൊണ്ടാണ് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരുന്നത്. പിന്നീടുള്ള ജനറേഷനിലുള്ള കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നതും തൊലി സംബന്ധമായ രോഗങ്ങൾ വരുന്നതും അതുകൊണ്ടാണ്’, ഇതായിരുന്നു സ്വാസികയുടെ ആ മണ്ടൻ കഥ. ചെറുപ്പകാലങ്ങളിൽ നമ്മളിൽ പലരും കേട്ടിട്ടുള്ള ഒരു കെട്ടുകഥയാണ് ഇത്. എന്നാൽ നമ്മളൊന്നും തന്നെ തീർത്തും അശാസ്ത്രീയമായ ഈ കഥയെ ഒരറിവ് പോലെ കൊണ്ട് നടന്നിട്ടില്ല. പാമ്പിന് ചെവി കേൾക്കില്ല എന്ന സത്യം മാത്രം മുൻനിർത്തിയാൽ തന്നെ ഈ കഥ പൊളിച്ചെഴുതാവുന്നതാണ്.
സമൂഹം കാണുന്ന ഇഷ്ടപ്പെടുന്ന വ്യക്തികൾ തന്നെ സമൂഹത്തിന് ദോഷമായ രീതിയിൽ പ്രതികരണങ്ങൾ നടത്തുന്നത് മലയാള സിനിമാ മേഖലയിൽ ഇപ്പോൾ വർധിച്ചിട്ടുണ്ട്. നടി നവ്യ നായർ മുൻപ് പറഞ്ഞ കരൾ തള്ളും ഇതിനോട് ചേർത്തുവെച്ചുകൊണ്ട് തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.
‘പണ്ട് വലിയ സന്യാസിമാരൊക്കെ ആന്തരികാവയവങ്ങൾ എടുത്ത് പുറത്തിട്ട് ക്ലീന്‍ ചെയ്യുമായിരുന്നു. സത്യമായിട്ടും, ഇങ്ങനെ കേട്ടിട്ടുണ്ട് ഞാന്‍. അതിന്റെ ആധികാരികതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയത്തില്ല’, എന്നായിരുന്നു നവ്യ നായർ ഒരിക്കൽ പറഞ്ഞത്. ഇത് വലിയ വിവാദമാവുകയും ട്രോളുകൾക്ക് വിധേയമാവുകയും ചെയ്തിരുന്നു. ഇപ്പോഴും പഴകി ദ്രവിച്ച കെട്ടുകഥകൾ യാഥാർഥ്യമെന്ന് കരുതി ജീവിക്കുന്ന ചില മനുഷ്യരുടെ ഉദാഹരണങ്ങളാണ് ഇവരിലൂടെ തെളിഞ്ഞു വരുന്നത്.
ALSO READ: നെടുങ്കണ്ടത്ത് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
സ്‌കൂൾ കാലം മുതൽക്ക് സ്‌പേസിൽ പോകണം, സ്വന്തമായി ബൈക്ക് നിർമാണ കമ്പനി തുടങ്ങണം, സയന്റിസ്റ്റാവണം എന്നൊക്കെ സ്വപ്നം കാണുന്ന നിരവധി കുട്ടികൾക്കിടയിൽ നിന്നാണ് ഇവരൊക്കെ ഇത്തരത്തിലുള്ള തള്ളുകൾ പടച്ചുവിടുന്നത് എന്നത് സങ്കടകരമാണ്. ലോകം മുകളിലേക്കല്ലേ പാതാളത്തിലേക്കാണോ സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതാണ് താരങ്ങളുടെ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ.
സമൂഹം കേൾക്കാൻ ആഗ്രഹിക്കുന്ന, സമൂഹത്തിൽ സ്വാധീനമുള്ള മനുഷ്യർ ഇത്തരത്തിൽ അശാസ്ത്രീയ പ്രസ്താവനകൾ നടത്തുന്നത് അപകടകരമാണ്. വരും തലമുറയിലെ കുട്ടികളെ കൂടി ശാസ്ത്രാവബോധമുള്ളവരാക്കി മാറ്റേണ്ടവർ തന്നെ അശാസ്ത്രീയത പ്രചരിപ്പിക്കരുത്. തിരുത്തൽ അനിവാര്യമാണ്, താരങ്ങൾ മുതൽ താഴെ തട്ടിലുള്ള മനുഷ്യർ വരെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമായേ മതിയാകൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here