പാലക്കയം കൈക്കൂലി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം

പാലക്കയം കൈക്കൂലി കേസ് പ്രത്യേകസംഘം അന്വേഷിക്കും. റവന്യൂ ജോയിന്റ് സെക്രട്ടറി ജെ ബിജുവിനെ നേതൃത്വത്തിലാണ് അന്വേഷണം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ മൂന്ന് ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. 29ന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

സുരേഷ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കൈക്കൂലി വന്ന വഴികളാണ് പ്രധാനമായും പരിശോധിക്കുന്നത്. മലയോര മേഖലയില്‍ അതിവൃഷ്ടിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളില്‍ മാത്രം 46 പേര്‍ക്കാണ് റീ ബില്‍ഡ് കേരളയില്‍ സഹായം ലഭിച്ചത്. ഈ തുക ലഭിക്കാന്‍ പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയ ആവശ്യമായ രേഖകള്‍ കിട്ടാന്‍ ദിവസങ്ങളോളമാണ് പലരും വില്ലേജ് ഓഫീസ് കയറിയിറങ്ങിയത്. ഇതിന് പലരില്‍ നിന്നായി 5000 രൂപ മുതല്‍ 40,000 രൂപ വരെയാണ് സുരേഷ് കുമാര്‍ കണക്ക് പറഞ്ഞ് എണ്ണി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിവരം.

മഞ്ചേരി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. പിന്നീട് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകള്‍, 17കിലോ തൂക്കം വരുന്ന നാണയശേഖരം എന്നില കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍. പതിനേഴ് വര്‍ഷത്തോളമായി ഇയാള്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News