കോട്ടയം കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ശ്രദ്ധയുടെ മരണത്തില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് അടിയന്തിരമായി നല്‍കണമെന്ന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ശ്രദ്ധയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് ശ്രദ്ധയെ(20) കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനിയായ ശ്രദ്ധ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയാണ്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്തായിരുന്നു സംഭവം. സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിദ്യാർഥികള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ ശ്രദ്ധയെ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോളജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം ആരോപിച്ചിരുന്നു. ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹപാഠികൾ പ്രതിഷേധത്തിലാണ്.
Also Read: ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ യുവാവിനെ മർദ്ദിച്ച ശേഷം മോഷണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here