ശിവഗിരി തീർഥാടന സമ്മേളനത്തിലാണ് ശ്രീനാരായണ ഗുരു സനാതന ധര്‍മ വക്താവാണോ അല്ലയോ എന്ന ചര്‍ച്ച ചൂടുപിടിച്ചത്. ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവായി മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ചാതുര്‍വര്‍ണ്യ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും അതല്ല, സനാതന ധര്‍മം അംഗീകരിച്ചയാളാണെന്നുമുള്ള ഇരുധ്രുവങ്ങളിലെ ചര്‍ച്ചയാണ് ഇതുസംബന്ധിച്ച് പിന്നീട് നടന്നത്. ഏതായാലും ഇതിനുള്ള ആധികാരിക ഉത്തരം നൽകാൻ തയ്യാറെടുക്കുകയാണ് ബോംബെ ഐഐടിയിലെ ഒരു സംഘം ഗവേഷകർ.
ബോംബെ ഐഐടിയിലെ ഫിലോസഫി പ്രൊഫസര്‍ സിബി കെ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഡിജിറ്റല്‍ ആര്‍ക്കൈവ് ഈ വര്‍ഷം മെയ് മാസത്തോടെ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാകുന്നതോടെ ഗുരുവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഖണ്ഡിതമായ ഉത്തരമാകും. ഓപണ്‍ മാഗസിനില്‍ എഴുത്തുകാരന്‍ ഉല്ലേഖ് എന്‍പിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
നാരായണഗുരുവും ഇരുപതാം നൂറ്റാണ്ടിലെ കേരളവും എന്ന ശീര്‍ഷകത്തില്‍ രണ്ട് ലക്ഷം പേജുകളുള്ള ബൃഹത് ഡിജിറ്റല്‍ ശേഖരമാണ് ഒരുങ്ങുന്നത്. അധികം വൈകാതെ അരലക്ഷം പേജുകള്‍ കൂടി ഇതിലേക്ക് ചേര്‍ക്കും. ഗുരുവുമായി ബന്ധപ്പെട്ട അത്യപൂര്‍വ രേഖകളും മാസികകളും മറ്റും ഡിജിറ്റല്‍ ലൈബ്രറിയിലുണ്ടാകും. ഡോ. ഗിരിജ കെപി, പ്രൊഫ. പ്രദീപ്കുമാര്‍ പിഐ, പ്രൊഫ. സുരേഷ് മാധവന്‍, നവീന സുരേഷ്, ഗൗതം ദാസ്, അനീഷ് ദാമോദരന്‍ എന്നിവരടങ്ങിയ സംഘമാണ് ഈ പ്രൊജക്ടിന്റെ അണിയറപ്രവര്‍ത്തകര്‍. ജെസ്റ്റോര്‍ (JSTOR) എന്ന ഡിജിറ്റല്‍ ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് ഇവ പരിശോധിക്കാം.
Also Read- ‘ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് കരുതിയിരിക്കണം’; മുഖ്യമന്ത്രി
ഗുരു പണ്ഡിതന്‍ ജി പ്രിയദര്‍ശനന്‍, ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയം ലൈബ്രറി, നാരായണ ഗുരുകുല ലൈബ്രറി, ഡോ. വിനയകുമാര്‍, ഇരിഞ്ഞാലക്കുട ശ്രീ നാരായണ പബ്ലിക് ലൈബ്രറി, തലശ്ശേരിയിലെ വസുമിത്രന്‍, ജ്ഞാനോദയ യോഗം എസ്എന്‍ ലൈബ്രറി, മഹാകവി കുമാരനാശാന്‍ മെമ്മോറിയല്‍ ലൈബ്രറി, ശ്രീ സുന്ദരേശ്വര ക്ഷേത്രം കണ്ണൂര്‍ അടക്കമുള്ള സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് അപൂര്‍വ പുസ്തകങ്ങളും രേഖകളും മാസികകളും മറ്റും സ്‌കാന്‍ ചെയ്യാനായി നല്‍കിയത്.
ശ്രീനാരായണഗുരുവിനെ ആഴത്തിൽ വിശകലനം ചെയ്യാൻ ഈ ഡിജിറ്റൽ ആർക്കൈവിന് കഴിയുമെന്ന് സിബി ജോർജ് പറയുന്നു. ഗുരുവിന്‍റെ കൃതികൾ, കവിതകൾ അദ്ദേഹത്തിന്‍റെ സംഘടനാ പ്രവർത്തനം, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവർ ഗുരുവിനെക്കുറിച്ച് പറഞ്ഞത് തുടങ്ങി ആധികാരിക വിവരങ്ങൾ ഇതിനായി ശേഖരിച്ചിട്ടുണ്ട്. സമൂഹത്തെ പരിഷ്ക്കരിക്കുന്നതിനുള്ള ഗുരുവിന്‍റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ കേരളത്തിൻ്റെ ആധുനികവൽക്കരണം അസാധ്യമാണെന്ന് സിബി ജോർജ്ജ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൻ്റെ ആധുനികവൽക്കരണം പാശ്ചാത്യ വിദ്യാഭ്യാസമോ ആധുനികമോ അല്ലാത്ത ഗുരുവിലൂടെയാണ് ആരംഭിച്ചത്.
Also Read- ‘സനാതന ധർമം എന്നത് വർണാശ്രമ ധർമമാണ്’: മുഖ്യമന്ത്രി
ആർക്കൈവിൻ്റെ ഭാഗമായ മാസികകളിൽ വിവേകോദയം, പ്രബുദ്ധസിംഹളൻ, സഹോദരൻ, കേരളകൗമുദി, മിതവാദി, ദേശാഭിമാനി, നവജീവൻ, ഗുരുദേവൻ, യോഗാനന്ദം തുടങ്ങിയവയും ഉൾപ്പെടുന്നു. ഒന്നിലധികം ഘട്ടങ്ങളിലായാണ് ഡിജിറ്റലൈസേഷൻ പദ്ധതി നടപ്പാക്കിയതെന്ന് ഡോ. ഗിരിജ കെ പി പറഞ്ഞു. ശേഖരിച്ച അപൂർവ വസ്തുക്കളിൽ വിവേകോദയത്തിൻ്റെ (1904) ആദ്യ ലക്കത്തിൻ്റെ ഒന്നാം പേജും ഉൾപ്പെടുന്നു. ഗുരുവിൻ്റെ ശിഷ്യനും പ്രശസ്ത കവിയുമായ കുമാരനാശാൻ്റെ പ്രതിഭ മാസികയിലെ എഡിറ്റോറിയൽ; പരിഷ്കർത്താവും പണ്ഡിതനുമായ സി. കൃഷ്ണൻ്റെ മിതവാദി മാസികയുടെ 1915 ലക്കത്തിൻ്റെ ഒന്നാം പേജ്; 1922 മുതൽ നാരായണ ഗുരുവിൻ്റെ ശിഷ്യൻ സ്വാമി സത്യവ്രതൻ എഡിറ്റ് ചെയ്ത നവജീവൻ മാസികയുടെ ഒന്നാം പേജ് എന്നിവയും ഡിജിറ്റൽ ആർക്കൈവിൽ ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here