നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നിയമനം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് സത്യജിത്റേ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി.
ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്ത് വന്നാൽ അത് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെയ്ക്കുന്ന നിഷ്പക്ഷതയ്ക്കും കലാപരമായ സ്വാതന്ത്ര്യത്തിനും കളങ്കം വന്നേക്കാം എന്ന ആശങ്ക അവർ പ്രസ്താവനയിലൂടെ പങ്കുവെച്ചു.
വൈവിധ്യമാര്‍ന്ന ആശയങ്ങൾ കൊണ്ട് സമ്പന്നമായ ഇടമാണ് എസ്ആര്‍എഫ്ടിഐ. ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന് കലാപരവും ബൗദ്ധികവുമായ മികവിന്റെ ചരിത്രമുണ്ട്. അവിടെ കലാപരമായ സ്വാതന്ത്ര്യം, ബഹുസ്വരത, ഉള്‍ക്കൊള്ളല്‍ എന്നീ മൂല്യങ്ങള്‍ നിലനിൽക്കേണ്ടതുണ്ട്. അങ്ങനെയൊരിടത്ത് സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിര്‍ദ്ദേശം ആശങ്ക ഉളവാക്കുന്നു. കലാലയത്തിലെ അധ്യാപക-വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങൾ നിയന്ത്രണങ്ങൾ കൂടാതെ പ്രകടിപ്പിക്കാൻ കഴിയേണം. ഇത്തരം നിയമനങ്ങൾ കലാലയത്തിന്റെ കലാപരവും അക്കാദമികപരവുമായ കാര്യങ്ങളെ സാരമായി ബാധിക്കുമെന്നും അതിനാൽ സ്ഥാപനത്തിന്റെ ഇത്തരം മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ സാധിക്കുന്ന ഒരാളായിരിക്കണം അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here