അഴിമതിയും കെടുകാര്യസ്ഥതയും കടുപ്പിച്ച ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി വിദേശ കടം അടച്ചുതീർത്ത് മറികടക്കാനാണ് ശ്രീലങ്കൻ സർക്കാരിൻറെ പുതിയ നീക്കം. സാമ്പത്തികമായി തകർന്നതിനെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങുകയും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്ത ശ്രീലങ്കയിൽ ഈയിടെയാണ് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത്. സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും സ്വയം രാഷ്ട്രീയ സ്ഥിരത കൈവരിക്കാനുമാണ് നിലവിലെ ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ലക്ഷ്യമിടുന്നത്.
ഉടൻ അടച്ചുതീർക്കാനുള്ള 1700 കോടിയുടെ വിദേശകടം അടച്ചു തീർക്കുകയും ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് പുതുതായി 300 കോടി ഡോളർ കടം വാങ്ങാനും സർക്കാർ ആലോചിക്കുന്നതായി പ്രസിഡന്‍റ് പാർലമെന്റിനെ അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്നും പ്രസിഡന്‍റ് വിക്രമസിംഗെ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യ, യൂറോപ്പ്, ചൈന തുടങ്ങിയ ഇടങ്ങളിൽ നിന്ന് വാങ്ങിയ കടം രണ്ട് പ്ലാറ്റ് ഫോമുകളായി പുനഃക്രമീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞമാസം അവസാനം ലഭിച്ച ഐഎംഎഫ് ലോൺ ഉപയോഗിച്ചാണ് രണ്ടേകാൽ കോടി ജനസംഖ്യയുള്ള ശ്രീലങ്ക പ്രതിസന്ധി മറികടക്കാൻ ആരംഭിച്ചത്. നിലവിൽ ചൈനയുമായി 300 കോടി ഡോളറും ഇന്ത്യയുമായി 160 കോടി ഡോളറും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ അടങ്ങുന്ന പാരീസ് ക്ലബ്ബിൽ നിന്ന് 240 കോടി ഡോളറും അടച്ചു തീർക്കാനുണ്ട്. കടങ്ങളെല്ലാം പുനഃക്രമീകരിക്കുന്നതിനൊപ്പം രാജ്യത്തിൻറെ വികസന വളർച്ച 2029നകം ആറു ശതമാനത്തിൽ എത്തിക്കാനും സർക്കാർ ആഗ്രഹിക്കുന്നുണ്ട്. അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികളെല്ലാം നെഗറ്റീവ് റേറ്റിംഗ് നൽകിയിട്ടുള്ള ശ്രീലങ്കയ്ക്ക് സാമ്പത്തിക, രാഷ്ട്രീയ സ്ഥിരത കൈവരിക്കുകയാകും ഇനിയുള്ള പ്രധാനലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here