ശ്രീലങ്കൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു. മന്ത്രി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരിച്ച മറ്റ് രണ്ട് പേർ.
ജലവിഭവ മന്ത്രി സനത് നിശാന്തയാണ് മരിച്ചത്. 48 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കൊളംബോ എക്‌സ്പ്രസ് വേയിലാണ് അപകടം. മന്ത്രി സഞ്ചരിച്ചിരുന്ന എസ്‌യുവി കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച ശേഷം മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവറും സഞ്ചരിച്ച ജീപ്പ് റോഡിന്റെ വേലിയിൽ ഇടിക്കുകയായിരുന്നു. കടുനായകെയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്നു ജീപ്പ്.
ALSO READ: ബെംഗളൂരുവില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി പന്ത്രണ്ട് വയസുകാരി മരിച്ചു
അപകടത്തിൽ വാഹനം പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്നവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും മന്ത്രിയും സുരക്ഷാ ജീവനക്കാരനും മരിച്ചിരുന്നു. ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2015-ലും 2020-ലും പുത്തലം ജില്ലയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ശ്രീലങ്കൻ രാഷ്ട്രീയക്കാരനായിരുന്നു നിശാന്ത. യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് അംഗമായിരുന്ന അദ്ദേഹം പിന്നീട് ശ്രീലങ്ക പൊതുജന പെരമുനയിൽ ചേരുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here