ശ്രീ ലങ്കയിൽ പാർലമെന്റ് തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഘട്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പ്രസിഡന്റ് അനുര കുമാര ദിസാനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ വമ്പൻ ലീഡാണ് നേടിയിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലെ പകുതിയോളം ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 63 ശതമാനത്തോളം വോട്ടാണ് എൻപിപി നേടിയിരിക്കുന്നത്. കൊളംബോ, ഗോൾ, രത്നപുര, ഹംബൻതോട്ട അടക്കമുള്ള ജില്ലകളിൽ എൻപിപി വലിയ ലീഡാണ് നേടിയിരിക്കുന്നത്.
ആകെ മൊത്തം 225 പാർലമെന്റ് സീറ്റുകൾ ആണ് ലങ്കയിലുള്ളത്. ഇതിൽ 29 സീറ്റുകൾ തെരഞ്ഞെടുക്കുന്നത് നാഷണൽ ലിസ്റ്റ് വഴിയാണ്. 225ൽ 113 സീറ്റുകൾ നേടുന്ന പാർട്ടിക്കായിരിക്കും തെരെഞ്ഞെടുപ്പിൽ വിജയം.8800 സ്ഥാനാർഥികൾ ആയിരുന്നു ലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 70 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്.
നിലവിൽ രജപക്സെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ശ്രീ ലങ്ക പൊതുജന പെരമുനക്കാണ് പാർലമെന്റിൽ കൂടുതൽ സീറ്റുകൾ ഉള്ളത്.225 ൽ 145 സീറ്റുകൾ അവർക്കുണ്ട്. സജിത്ത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള സമാഗി ജന ബലവേഗയയ്ക്ക് 54 സീറ്റുകളും ഇളങ്കൈ തമിഴ് അരസ് കച്ചിക്ക് 10 സീറ്റുകളുമാണ് ഉള്ളത്. നിലവിലെ പ്രസിഡന്റ് അനുര കുമാര ഡിസനായകെയുടെ എൻപിപിക്ക് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ഉള്ളത്.ഈ സീറ്റ് നില ഉയർത്താനുള്ള ശ്രമത്തിലാണ് എൻപിപി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here