ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് സംസ്ഥാന സർക്കാരിന്റെ കരുതൽ. മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് റവന്യൂവകുപ്പിൽ സർക്കാർ നിയമനം നൽകി. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ശ്രുതി പറഞ്ഞു. റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം നടത്താൻ വയനാട് കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഇന്നലെയാണ് ഉത്തരവിറക്കിയത്.
ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. അപകട ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയതിനാലാണ് ശ്രുതി ഉരുൾപൊട്ടലിൽനിന്ന് രക്ഷപെട്ടത്. പ്രതിശ്രുത വരൻ ജെൻസണായിരുന്നു ദുരന്തത്തിന് ശേഷം ഒപ്പമുണ്ടായിരുന്നത്. എന്നാൽ ദുരന്തമുണ്ടായി കുറച്ച് ദിവസത്തിന് ശേഷമുണ്ടായ വാഹനാപകടത്തിൽ ജെൻസണും മരണപ്പെട്ടു.
റവന്യൂ വകുപ്പിൽ ജോലി നൽകിയ വിവരം മന്ത്രി കെ രാജനാണ് ശ്രുതിയെ ഫോണിൽ അറിയിച്ചത്. ജോലി കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് ശ്രുതി പ്രതികരിച്ചു. ഒന്നിനും പകരമാവില്ലെങ്കിലും ജീവിതം മുന്നോട്ട് പോകാൻ ജോലി അത്യാവശ്യമായിരുന്നുവെന്നും ശ്രുതി പറഞ്ഞു.
Also Read; സംഭല്‍ വെടിവെപ്പ്: യോഗി സര്‍ക്കാരിന് തിരിച്ചടി; സര്‍വ്വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി
വാഹനാപകടത്തിൽ ശ്രുതിക്കും ഗുരുതര പരിക്കേറ്റിരുന്നു. കാലിലുൾപ്പെടെ നിരവധി ശസ്ത്രക്രിയകൾ ചെയ്തു. ഇപ്പോൾ മെല്ലെ ആരോഗ്യം വീണ്ടെടുക്കുകയാണ്. ശ്രുതിക്കൊപ്പമുണ്ടാകുമെന്നും സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് റവന്യു വകുപ്പിൽ നിയമനം നൽകി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here