‘എസ്എസ്എല്‍സി പരീക്ഷ മോഡല്‍ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കാന്‍ തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത്’: മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷ മോഡല്‍ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫീസ് ഇളവ് ഇല്ലാത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ ഈടാക്കുന്നത് നേരത്തെയുള്ളതാണെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത് ഈടാക്കുന്നതല്ല എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെ ചിലവിലേക്കാണ് ഈ തുക. 2013 ലെ ജനുവരി 5 ലെ സര്‍ക്കുലര്‍ ഇതിന് തെളിവാണ്. അന്ന് ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രിയെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

Also Read:  ‘രാം കെ നാം’ പ്രദര്‍ശിപ്പിക്കും, ‘തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം’: ജെയ്ക് സി തോമസ്

പരീക്ഷാ കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലം പ്രഖ്യാപിക്കുന്ന സര്‍ക്കാരിണിത്. ആരോപണമുന്നയിക്കുന്ന കെഎ എസ് യു പോലും ഇത് മനസ്സിലാക്കിയിട്ടില്ല. കുട്ടികള്‍ പഠിച്ചു പരീക്ഷ എഴുതട്ടെ അവരെ ശല്യം ചെയ്യാതിരിക്കുക. അതാണ് കെ എസ് യു ചെയ്യേണ്ടത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. 2013-ല്‍ അദ്ദേഹം ഒപ്പുവച്ച ഉത്തരവാണിതെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി വി ശിവന്‍കുട്ടിയുടെ വാക്കുകള്‍

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ നിരവധി വർഷങ്ങളായി
സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. പ്രസ്തുത ചോദ്യപേപ്പറിന്റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്.സി./
എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന്
അർഹത ഇല്ലാത്ത പരീക്ഷാർത്ഥികളിൽ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ
മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ
ശേഖരിയ്ക്കുന്നുണ്ട്.

ചോദ്യപേപ്പർ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ കാര്യാലയത്തിൽ ക്യൂ.ഐ.പി. വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ
വിദ്യാഭ്യാസ ഓഫീസർമാർ ഡി.ഡി ആയി കൈമാറുന്ന നടപടിയാണ് കാലങ്ങളായി തുടർന്നു വരുന്നത്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമം ഈ വർഷവും തുടർന്നുവെന്നതല്ലാതെ പരീക്ഷാർത്ഥികളിൽ നിന്നും
ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനം എടുത്ത് നടപ്പിലാക്കിയ നടപടി അല്ല.

മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ട് പുറപ്പടുവിച്ച സർക്കുലറുകൾ ഇക്കാര്യം വ്യക്തമാക്കുന്നവയാണ്. എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളിൽ നിന്ന് നാൽപത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തിൽ സ്വീകരിക്കുന്നത്. രണ്ടായിരത്തി പതിമൂന്നിലെ മോഡൽ പരീക്ഷയുടെ സർക്കുലർ നിങ്ങൾക്ക് ഏവർക്കും പരിശോധിക്കാവുന്നതാണ്. അതിൽ ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചിലവുകൾക്കായി ഓരോ പരീക്ഷാർത്ഥിയിൽ നിന്നും പത്ത് രൂപാ വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ശേഖരിയ്‌ക്കേണ്ടതാണെന്ന നിർദ്ദേശമുണ്ട്.
അക്കാലത്ത് യു ഡി എഫ് ആണ് ഭരിച്ചിരുന്നത്.

ശ്രീ. ഉമ്മൻ ചാണ്ടി ആണ് മുഖ്യമന്ത്രി. ശ്രീ. പി. കെ. അബ്ദു റബ്ബ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.
ഇന്നലെ ശ്രീ. പി കെ അബ്ദു റബ്ബ് ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടു. അതിങ്ങനെ ആണ്..അമ്മേ വല്ലതും തരണേ അതൊക്കെ പണ്ട്! ഇപ്പോൾ..കുട്ടികളേ വല്ലതും തരണേ സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നത് എന്ന ബോധം പോലും ഇല്ലാത്ത ആളായിരുന്നു അക്കാലത്തെ വിദ്യാഭ്യാസ മന്ത്രി എന്ന് മനസിലാക്കാൻ ഇതിലും വലിയ ഉദാഹരണം വേണോ? പരീക്ഷകൾ കൃത്യസമയത്ത് പ്രഖ്യാപിച്ച് കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന വകുപ്പാണ് ഇപ്പോൾ പൊതു
വിദ്യാഭ്യാസ വകുപ്പ്. പാഠപുസ്തകങ്ങളും യൂണിഫോമും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വിതരണം ചെയ്തു. അബ്ദുറബ്ബിന്റെ കാലത്തുള്ളത് പോലെ ടെക്സ്റ്റ് ബുക്കുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേട് ഇപ്പോഴത്തെ കുട്ടികൾക്കില്ല. ഓണം നേരത്തെ വന്നാലും നേരം വൈകിവന്നാലും കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാമഗ്രികൾ കൃത്യസമയത്തിന് തന്നെ ലഭിക്കുന്നുണ്ട്. 2013 ലെ സർക്കുലർ ആണ് ഞാൻ നിങ്ങൾക്ക് നൽകിയത്. അക്കാലത്ത് കെ എസ് യു സമരം ചെയ്‌തോ? ഇതാണ് രാഷ്ട്രീയക്കളി.. കെ എസ് യു ക്കാരോട് ഒന്നേ പറയാനുള്ളൂ,
പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാൻ അനുവദിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News