സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നാളെ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിനായി 70 ക്യാമ്പുകളും, ഹയർസെക്കന്‍ററിക്കായി 77 ക്യാമ്പുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെയ് ആദ്യ വാരത്തോടെ ഫലപ്രഖ്യാപനം നടത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ലക്ഷ്യം.
കഴിഞ്ഞ മാസം അവസാന വാരമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ അവസാനിച്ചത്. പരീക്ഷയ്ക്ക് ശേഷം, ഇതാദ്യമായാണ് ഇത്ര വേഗത്തിൽ പരീക്ഷകളുടെ മൂല്യ നിർണയം നടക്കുന്നത്. എസ്എസ്എൽസി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടാവുക. 14,000ത്തോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും.
മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആകെ 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. മൊത്തം 25,000ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക.
ടി എച്ച് എസ് എൽ സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 110 ഓളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ എച്ച് എസ് എൽ സി വിഭാഗം പരീക്ഷ മൂല്യനിർണയം നടക്കുന്നത് ഒരു ക്യാമ്പിലാണ്.
8 ക്യാമ്പുകളിൽ ആയാണ് വെക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിന്‍റെ മൂല്യനിർണയം. 2,200 ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. മെയ് ആദ്യ വാരത്തോടെ ഫലപ്രഖ്യാപനം നടത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here