മെയ്ദിനത്തിൽ വിവാദ ഫാക്ടറി നിയമഭേദഗതി പിൻവലിച്ച് സ്റ്റാലിൻ സർക്കാർ. വിവിധ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യപ്രകാരമാണ് സർക്കാരിന്റെ നടപടി.
ഏപ്രിൽ 21ന് തമിഴ്നാട് നിയമസഭ പാസ്സാക്കിയ ബില്ലാണ് പിൻവലിക്കുമെന്ന് സ്റ്റാലിൻ ഉറപ്പുനൽകിയിരുന്നത്. വിവിധ മേഖലകളിൽ തൊഴിൽസമയങ്ങളിലെ നിയന്ത്രണങ്ങൾ ഇല്ലാതാക്കാനായുള്ള ഭേദഗതികളാണ് പിന്‍വലിച്ച ബില്ലില്‍ ഉണ്ടായിരുന്നത്. നിലവിലെ 8 മണിക്കൂർ തൊഴിൽസമയം 12 മണിക്കൂറായി തൊഴിൽസ്ഥാപനങ്ങൾക്ക് ഉയർത്താമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ തൊഴില്‍ സമയം 12 മണിക്കൂര്‍ ആക്കുന്നിടങ്ങളില്‍ ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകണമെന്നും ബില്ലിൽ പറയുന്നു. തൊഴിലാളികൾക്ക് സ്വയം ഏത് രീതി വേണമെങ്കിലും തെരഞ്ഞെടുക്കാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
തമിഴ്‌നാട്ടിൽ നിക്ഷേപത്തിനെത്തുന്ന വിവിധ കമ്പനികളുടെ ആവശ്യപ്രകാരമാണ് ഈ നിയമങ്ങളെന്നാണ് തൊഴിൽമന്ത്രി സി.വി ഗണേശൻ വ്യക്തമാക്കിയത്. എന്നാൽ മന്ത്രിയുമായി ചർച്ച നടത്തിയ വിവിധ ട്രേഡ് യൂണിയനുകൾ ഈ ഭേദഗതി തൊഴിലാളികൾക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായപ്പെട്ടു. ഡി.എം.കെ അനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷനും ഭേദഗതിക്ക് അനുകൂലമായ സമീപനമല്ല സ്വീകരിച്ചത്.
അതേസമയം, ഭേദഗതി പിൻവലിക്കേണ്ടിവന്നത് ഭീരുത്വമല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വിവിധ തൊഴിലാളി സംഘടനകളോട് ചർച്ചകൾ നടത്തി ജനാധിപത്യപരമായാണ് നിയമങ്ങൾ പിൻവലിച്ചത്. കർഷകരെ തെരുവിൽ മരിക്കാൻ വിട്ട്, അവസാനം കർഷകനിയമങ്ങൾ പിൻവലിച്ച രീതി പോലെ തങ്ങൾ ചെയ്തിട്ടില്ല. ബിൽ കൊണ്ടുവരാൻ അപാര ധൈര്യം വേണമെങ്കിൽ അത് പിൻവലിക്കാനും ആ ധൈര്യം വേണം. ആ ധൈര്യവും മര്യാദയും തങ്ങൾ കാണിച്ചെന്നും സ്റ്റാലിൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here