ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനികൾ ഡേറ്റ ഇവിടെ സൂക്ഷിക്കണമെന്നാണ് നിയമം. ഇതടക്കമുള്ള ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള സ്റ്റാർലിങ്കിന്‍റെ വരവിന് കളമൊരുങ്ങുന്നത്.
ഡൊണാൾഡ് ട്രംപിന്‍റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയത്തിന് ശേഷമാണ് സ്റ്റാർലിങ്കിന്റെ ലൈസൻസ് നടപടികള്‍ക്ക് വേഗമേറിയത്. സ്റ്റാർലിങ്ക് ഇതുവരെ കരാർ സമർപ്പിച്ചിട്ടില്ലെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ ലഭിച്ചശേഷം സ്പെക്ട്രം അനുവദിക്കാനുള്ള ചട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അന്തിമരൂപം നൽകും.
ALSO READ; ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13 നു നടക്കും
അതേസമയം ലേലമില്ലാതെ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിനെതിരെ സെല്ലുലർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർക്കുകയാണ്. സെല്ലുലർ സ്പെക്ട്രം ലേലത്തിലൂടെ ജിയോയും എയർടെലും ഉൾപ്പെടെയുള്ള കമ്പനികൾ ഒന്നര ലക്ഷം കോടി രൂപയാണ് 2022 ൽ കേന്ദ്ര സർക്കാരിനു നൽകിയത്.
ലേലം ഇല്ലാതെ ഉപഗ്രഹ സ്പെക്ട്രം വന്നാൽ തങ്ങൾക്കു വൻ നഷ്ടമാവുമെന്നാണ് ഇന്ത്യൻ കമ്പനികൾ പറയുന്നു. എന്നാൽ കേന്ദ്ര ടെലികോം നിയമത്തിലെ 1 ബി വകുപ്പ് പ്രകാരം ലേലം ഇല്ലാതെ തന്നെ ഉപഗ്രഹ ഇന്റർനെറ്റിന് അനുമതി നൽകാൻ കഴിയും. ഈ നിയമത്തിന്‍റെ പിൻബലത്തിലാണ് കേന്ദ്രം ലേലമില്ലാതെ തന്നെ മസ്കിനെ ഇന്ത്യയിലെത്തിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here