ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോല്പിച്ച രാജസ്ഥാൻ റോയൽസിൻ്റെ നായകൻ മലയാളിതാരം സഞ്ജു സാംസണിനെ പ്രശംസിച്ച് താരങ്ങളും ആരാധകരും. അതിവേഗത്തിൽ പന്തെറിയുന്ന ബോളർമാർ ഇല്ലാതിരുന്നിട്ടും രാജസ്ഥാൻ ആധികാരികമായി ജയിച്ച മത്സരത്തിൽ നായകൻ എന്ന നിലയിൽ സഞ്ജുവിന് താൻ പത്തിൽ പത്തുമാർക്കും നൽകുമെന്ന് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറായിരുന്ന ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. രാജസ്ഥാൻ റോയൽസ് നിരയിൽ മണിക്കൂറിൽ സ്ഥിരമായി 140 കി.മീ വേഗത്തിൽ പന്തെറിയുന്ന ഒരു ബൗളർ പോലുമുണ്ടായിരുന്നില്ല. എന്നിട്ടും ഉയർന്ന കൃത്യതയിൽ അവർ ബൗൾ ചെയ്തുവെന്നതാണ് ശ്രദ്ധേയം. സഞ്ജു സാംസണിന്റെ നായകത്വത്തിന് പത്തിൽ പത്തു മാർക്കും നൽകണം എന്നാണ് ഇർഫാൻ ട്വീറ്റ് ചെയ്തത്.
ഇംപാക്ട് പ്ലെയർ നിയമം അനുസരിച്ച് താരങ്ങളെ കളത്തിലിറക്കുന്നതിൽ സഞ്ജു കാഴ്ചവെക്കുന്ന മിടുക്കിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. നിർഭാഗ്യവശാൽ, നായകനെന്ന നിലയിലുള്ള സഞ്ജുവിന്റെ മികവിന് മതിയായ അംഗീകാരം കിട്ടുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞിരുന്നു.
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമായ ചെന്നൈ തോൽപ്പിച്ചതിൻ്റെ ആഹ്ലാദത്തിലാണ് രാജസ്ഥാൻ്റെ ആരാധകരും. വിജയത്തിന് പിന്നിലെ പ്രധാന ഘടകം സഞ്ജുവിൻ്റെ ക്യാപ്റ്റനെന്ന നിലയിലെ മികച്ച പ്രകടനമാണെന്നാണ് ആരാധകരും വിലയിരുത്തുന്നത്.വ്യാഴാഴ്‌ച 32 റൺസിനായിരുന്നു ചെന്നൈയെ രാജസ്ഥാൻ തോൽപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here