മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കണം, ഇത്തരമൊരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന്; സംവിധായിക ശ്രുതി ശരണ്യം

മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും, അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും കാതൽ എന്ന മമ്മൂട്ടി ചിത്രം നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ്. സിനിമയിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തിനും, സ്വവർഗാനുരാഗത്തെ വൃത്തിയിൽ പറഞ്ഞുവെക്കാൻ കാണിച്ച ആർജ്ജവത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് സംസ്ഥാന പുരസ്‌കാര ജേതാവായ സംവിധായിക ശ്രുതി ശരണ്യം.

ALSO READ: ബിജെപിയും കോൺഗ്രസും നേർക്കുനേർ; രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്

സ്വത്വരാഷ്ട്രീയത്തെ ഇത്ര കയ്യടക്കത്തോടെയും, ഒരു ശരാശരി മലയാളി കാഴ്ച്ചക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാനുതകുന്നത്ര ലാളിത്യത്തോടെ പരിചരിച്ച പൂർവ്വമാതൃകകൾ മലയാളത്തിലുണ്ടോ എന്ന് സംശയമാണെന്നാണ് ചിത്രത്തെക്കുറിച്ച് ശ്രുതി പറയുന്നത്. കാതലിലെ മാത്യുവിനെയും ഓമനെയും പൊലെ നിരവധി പേർ അവനവനിടങ്ങളെ വെറും സമാന്തരലോകങ്ങളായി ഉള്ളിലൊളിപ്പിക്കുന്നുവെന്നും, തന്റെ ക്രാഫ്റ്റ് അന്യാദൃശമാണെന്ന് ജിയോ ബേബി കാതലിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രുതി പറയുന്നു.

ശ്രുതിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

ALSO READ: ട്രോജൻ ആക്രമണങ്ങൾ നടക്കുന്നു; വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

മാത്യുവിനും ഓമനയ്ക്കുമിടയിൽ ദീർഘമായ സംഭാഷണങ്ങളോ, എന്തിന്, ഒരു പുഞ്ചിരിപോലുമില്ല. കാലംകൊണ്ട് അവർക്കിടിയൽ വന്നുപെട്ട ശുന്യതയ്ക്കും, തികച്ചും നിർമ്മമമെന്നു തോന്നുന്ന ഇടപെടലുകൾക്കുമപ്പുറം, അഗാധമായ മറ്റേതോ പ്രപഞ്ചം അവരെ പരസ്പരം ചേർത്തുനിർത്തിയിരുന്നെന്നു വേണം കരുതാൻ. നമുക്കു ചുറ്റും മാത്യുവിനെയും ഓമനയെയും പോലെ സ്വച്ഛമായൊഴുകുന്നവരെന്നു പുറമേ നടിയ്ക്കുന്ന എത്രയോ അശാന്തനദികളുണ്ട്.

അവനവനെ മറന്ന് അപരിചിതമായ ഇടങ്ങളിൽ നിലയറ്റു നിൽക്കുന്നവർ. കുടുംബമെന്ന സങ്കൽപ്പത്തെ ഒരഭിമാനചിഹ്നമായും, അതിനപ്പുറം, ഒരു ദ്വന്ദ്വനിർമ്മിതിയായും മാത്രം കാണുന്ന പൊതുബോധത്തെ ഭയന്ന്, അവനവനിടങ്ങളെ വെറും സമാന്തരലോകങ്ങളായി ഉള്ളിലൊളിപ്പിക്കുന്ന എത്രയെത്ര “മാത്യു”മാരെ നമുക്കറിയാം? അതിലേറെ, തിരുത്തലുകൾക്ക് അവകാശമില്ലാതെ, ആനന്ദങ്ങളെല്ലാം നിഷേധിക്കപ്പെട്ട് മൗനികളായി ദാമ്പത്യമെന്ന തുരുത്തിലകപ്പെട്ട എത്രയെത്ര ഓമനമാരുണ്ട് നമ്മളിൽ? “ഇന്നുരാത്രി എന്റെയടുത്തു കിടക്കുമോ, മാത്യൂ?”, എന്നുള്ള ഓമനയുടെ ആ അവസാന ചോദ്യത്തിൽ അവരുടെ ഇരുപതുവർഷത്തെ ഇരുട്ടിന്റെ അനുരണനമാണുള്ളത്. തന്റെ ക്രാഫ്റ്റ് അന്യാദൃശമാണെന്ന് ജിയോ ബേബി വീണ്ടും തെളിയിച്ചിരിക്കുന്നു. സ്വത്വരാഷ്ട്രീയത്തെ ഇത്ര കയ്യടക്കത്തോടെയും, ഒരു ശരാശരി മലയാളി കാഴ്ച്ചക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാനുതകുന്നത്ര ലാളിത്യത്തോടെയും പരിചരിച്ച പൂർവ്വമാതൃകകൾ മലയാളത്തിലുണ്ടോ എന്നു സംശയമാണ് (Not forgetting Liji Pullappally’s “Sanchaaram” and Jayan Cheriyan’s “Ka Bodyscapes”.).

എടുത്തു പറയേണ്ട മറ്റൊന്ന് ആദർശ് സുകുമാരന്റെയും പോൾസൺ സ്കറിയയുടെയും സ്ക്രിപ്റ്റാണ്. സമകാലിക മലയാളി പതിയെപ്പതിയെ മറന്നുതുടങ്ങിയ ഒരുതരം മുഖ്യധാരാ-ദൃശ്യബോധമുണ്ട് .. മുഴുനീള സ്റ്റണ്ട് സീക്വൻസുകളും ദീർഘങ്ങളായ കോമഡിരംഗങ്ങളുമില്ലാതെ തീയ്യെറ്ററിൽപോയി സിനിമ കണ്ടാസ്വദിക്കാൻ മലയാളികൾക്ക് കഴിയാതെപോകുന്ന ഒരു കാലഘട്ടത്തിലാണ് കാതൽ പോലൊരു കാമ്പുള്ള സിനിമ പ്രസക്തമാക്കുന്നത്. സാലുവിന്റെ ഫ്രേമുകൾക്ക് ഓരോ കാഴ്ചയിലും മികവേറിവരുന്നു. മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കേണ്ടത് ഇത്തരമൊരു കഥാപാത്രത്തെ തിരഞ്ഞെടുക്കാനും അതിനെ അതിഭാവുകത്വമേതുമില്ലാതെ പരിചരിക്കാനും അദ്ദേഹം കാണിച്ച ധൈര്യത്തിനാണ്. Kaathal stops your breath by its ravishingly intense characters and their well-arced emotional thump.. ഇത്തിരി ദൂരെയായാലും നല്ല സിനിമകൾ കഴിയുമെങ്കിൽ തിയ്യെറ്റെറിൽ തന്നെ പോയി കാണുക എന്നതും ഒരുതരം ആക്ടിവിസമാണെന്ന് വിശ്വസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News