പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട്. ശോഭാ സുരേന്ദ്രനും നഗരസഭയിലെ നാല് കൗൺസിലർമാരും സ്ഥാനാർത്ഥി സി കൃഷ്ണ കുമാറിനെതിരെ പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. കൊച്ചിയിൽ ഈയാഴ്ച ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു മുന്നോടിയായി തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിന്‍റെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തമായിരിക്കെയാണ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവെച്ച് സംസ്ഥാന നേതൃത്വം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ശോഭാ സുരേന്ദ്രനും നഗരസഭയിലെ നാല് കൗൺസിലർമാരും സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. ശോഭാ സുരേന്ദ്രനും കൗൺസിലർ സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു, നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു, പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ഈ പറയുന്ന കൗൺസിലർമാർ എതിർത്തു, കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തി, ഇങ്ങനെ പോകുന്നു റിപ്പോർട്ടിൽ ശോഭാ സുരേന്ദ്രനെതിരായ വിമർശനങ്ങൾ. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പരസ്യ പ്രസ്താവനയുടെ പേരിൽ മുതിർന്ന നേതാവ് എൻ ശിവരാജനെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ കെ സുരേന്ദ്രൻ തയ്യാറായില്ല. മാധ്യമങ്ങൾ നൽകുന്നത് കള്ള വാർത്തയാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സി കൃഷ്ണകുമാർ ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥിയാണെന്നും ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ടിൽ ന്യായീകരിക്കുന്നുണ്ട്. കൊച്ചിയിൽ ഈയാഴ്ച ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു മുന്നോടിയായി തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here