കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്കും പ്രയോജനകരമാം വിധമുള്ള പരിപാടികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ രൂപം നല്‍കി. അതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിലന്വേഷകരെ വിജ്ഞാനത്തൊഴിലുകളിലേക്ക് എത്തിക്കുവാനായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും.
Also Read: റേഷൻ അഴിമതി കേസ്; തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖിന് സസ്പെൻഷൻ
തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പോര്‍ട്ടല്‍ വഴിയാണിത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വിജ്ഞാനതൊഴിലുകളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതി. പ്ലസ്ടുവോ അതിന് മുകളിലോ യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ മിഷന്റെ വിവിധ സേവനങ്ങളും നൈപുണ്യ പരിശീലനവും നല്‍കി തൊഴില്‍ സജ്ജരാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കുന്നതാണ് പദ്ധതി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതലങ്ങളില്‍ നടത്തിവരുന്ന പ്രത്യേക സെമിനാറുകളില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കി ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ എത്തിക്കുന്ന പ്രവര്‍ത്തനം നടന്നുവരുകയാണ്.
ഇതിനകം എട്ട് ജില്ലകളില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിഖ് വിഭാഗങ്ങള്‍ക്കായി സംസ്ഥാന ചരിത്രത്തിലെ തന്നെ പ്രഥമ സെമിനാര്‍ സംഘടിപ്പിച്ച് ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും കമ്മിഷന് കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കമ്മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ മൂന്ന് മാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലന്വേഷകരെ കണ്ടെത്തി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കര്‍മ്മ പദ്ധതികള്‍ക്കാണ് കമ്മിഷന്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here