സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. മുതലപ്പൊഴിയിലെ അപകട പരമ്പരയെത്തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം സ്മാർട്ട് ആന്റ് ഗ്രീൻ ഹാർബറായി ഉയർത്തുന്നതിന് 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിൽ നിന്നും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടി സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കുവാനും പതിനെട്ട് മാസത്തിനകം പൂർത്തീകരിക്കുവാനും നടപടികൾ സ്വീകരിച്ചുവരുന്നതായി മത്സ്യബന്ധന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
കൂടാതെ അദാനി പോർട്ട്‌സ് ലോഡ് ഔട്ട് ഫെസിലിറ്റി നിർമ്മിക്കുന്നതിനായി മുറിച്ചുമാറ്റിയ തെക്കേ പുലിമുട്ടിന്റെ ഭാഗം പുർവ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പൂർത്തീകരിക്കുമെന്നും സെക്രട്ടറി റിപ്പോർട്ട് നൽകി.
ALSO READ; വഴുതക്കാട്-ഇടപ്പഴിഞ്ഞി റോഡിൽ നവംബർ 9 മുതൽ ഗതാഗത നിയന്ത്രണം
അദാനി പോർട്ട്‌സ് മുഖേന പൂർത്തീകരിക്കാൻ കഴിയാതെ വരുന്ന ഡ്രഡ്ജിംഗ് പ്രവൃത്തി വകുപ്പ് മുഖേന നടപ്പിലാക്കാനും അതിന്റെ ചെലവ് അദാനി പോർട്ട്‌സ് വഹിക്കുന്നതിനുള്ള 2.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും പ്രവൃത്തി ടെൻഡർ ചെയ്യുന്നതിനായി ഫണ്ട് ഡിപ്പോസിറ്റ് ചെയ്യുന്നതിന് അദാനി പോർട്ട്‌സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദാനി പോർട്ട്‌സ് തുക ഡിപ്പോസിറ്റ് ചെയ്താലുടൻ പ്രവൃത്തി ടെൻഡർ ചെയ്ത് ഡ്രെഡ്ജിംഗ് പ്രവൃത്തി നടപ്പിലാക്കി പൊഴിഭാഗം അപകടരഹിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും തുറമുഖ വകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പാസ്‌പോർട്ട് എടുക്കുന്നതിന് പൂന്തുറ പോലീസ് ലോസ്റ്റ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പൂന്തുറ സ്വദേശിയുടെ പരാതിയിൽ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകിയതായുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടികൾ അവസാനിപ്പിച്ചു.
നിയമനാംഗീകാരം ലഭിച്ച ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ, സർക്കാർ എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here