സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്

veena george

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് 1 എന്നിവര്‍ മെഡിക്കല്‍ ടീമില്‍ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണ്. കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

Also read: 63-ാമത് കലോത്സവം; ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് ഇന്ന്

സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തില്‍ 9072055900 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. വേദികളിലെ വൈദ്യസഹായം, ആംബുലന്‍സ്, ജീവനക്കാര്‍ എന്നിവരെ ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമായിരിക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളില്‍ 10 കിടക്കകള്‍ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വേദികളിലും കുട്ടികള്‍ താമസിക്കുന്നയിടങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കോര്‍പറേഷന്റെ ടീമിനെ കൂടാതെ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. അവബോധവും ശക്തമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേയും പരിസരങ്ങളിലേയും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം പരിശോധനകള്‍ നടത്തും. പകലും രാത്രിയിലും പരിശോധനകള്‍ നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ വെള്ളിയാഴ്ച മുതല്‍ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്. വീഴ്ചകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് കുടിക്കാനായി ശുദ്ധജലം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also read: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം വി ജോര്‍ജ് അന്തരിച്ചു

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിയ്ക്കണം.
· തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തുക.
· പാനീയങ്ങളില്‍ ശുദ്ധമായ ഐസ് ഉപയോഗിച്ചില്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
· ഭക്ഷണ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ച് വച്ച് നിശ്ചിത സമയം കഴിഞ്ഞ് കഴിക്കരുത്.
· രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്.
· പരാതിയുള്ളവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കണം.
(മൊബൈല്‍ നമ്പര്‍: 8943346181)
· വേദികളും പരിസരങ്ങളും താമസ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്.
· രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചെറിയ ബുദ്ധിമുട്ടാണെങ്കിലും ഉടന്‍ ചികിത്സ തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News