16-കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ടാനച്ഛന് 7 വർഷം കഠിന തടവും 25000 രൂപ പിഴയും. പീഡനത്തിന് കൂട്ട് നിന്ന കുട്ടിയുടെ അമ്മയെ തെളിവില്ലാത്തിൻ്റെ അടിസ്ഥാനത്തിൽ വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്ന് മാസം തടവ് കൂടി അനുഭവിക്കണം എന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ആർ. രേഖ വിധിച്ചു.
2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഛനും അമ്മക്കുമൊപ്പം തിരുവനന്തപുരം ബാലരാമപുരത്ത് ഒരു വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. അർധരാത്രി കുട്ടിയെ മുറിക്കുള്ളിൽ കയറി പ്രതി കടന്ന് പിടിക്കാൻ ശ്രമിച്ചെന്നും ഇതിൽ ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഓടി സമീപത്തുള്ള കാട്ടിൽ ഒളിച്ചിരുന്നു. പ്രതി അവിടെ ചെന്ന് കുട്ടിക്ക് അടി കൊടുത്തു വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ അമ്മ വന്നിട്ടും മറ്റുസംഭവങ്ങൾ ചോദിക്കാതെ കുട്ടിയെ അടിച്ചു. കുട്ടി അടുത്ത ദിവസം തന്നെ അച്ഛൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചു.
അടുത്ത ദിവസം അവർ എത്തി കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനുമുൻപും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി പറഞ്ഞു. അച്ഛൻ്റെ ബന്ധുക്കൾ ഇടപെട്ടിട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കിയത്. വിചാരണ വേളയിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്ന് പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല. അതിനാൽ അമ്മക്കെതിരെ തെളിവില്ല എന്നുകണ്ട് കോടതി വെറുതെ വിട്ടു.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ് . വിജയ് മോഹൻ, അഡ്വ. ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. വിഴിഞ്ഞം പൊലീസ് ഉദ്യോഗസ്ഥർ ആയ എസ്.എസ്. സജി, കെ.എൽ. സമ്പത്ത് എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here