മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നിക്ഷേപകർക്ക് വൻ തിരിച്ചടി നേരിട്ടു. സെൻസെക്സിലും നിഫ്റ്റിയിലും വൻ ഇടിവുണ്ടായതോടെ, നിമിഷങ്ങൾക്കകം 17 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഇന്നത്തെ വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ സെൻസെക്‌സ് 2,222 പോയിൻ്റ് അഥവാ 2.74 ശതമാനം ഇടിഞ്ഞ് 78,768.42 എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 662 പോയിൻ്റ് അഥവാ 2.68 ശതമാനം ഇടിഞ്ഞ് 24,055 ൽ എത്തി. അമേരിക്കയെ മാന്ദ്യം പിടികൂടുമെന്ന റിപ്പോർട്ടുകളാണ് ഇന്ത്യ ഉൾപ്പടെയുള്ള ആഗോള വിപണിയെ ഇന്ന് സ്വാധീനിച്ചത്.
നിഫ്റ്റി50-ലെ ലിസ്റ്റുചെയ്ത 50 ഓഹരികളിൽ 45 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്ത്. ടാറ്റ മോട്ടോഴ്‌സ്, ഒ എൻ ജി സി, അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ എന്നിവ 7 ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്‌സിൻ്റെ 30 കമ്പനികളിൽ 28 എണ്ണവും നഷ്ടത്തിലാണ് അവസാനിച്ചത്, ടാറ്റ മോട്ടോഴ്‌സും അദാനി പോർട്ട്‌സും ഏറ്റവും പിന്നിലായി. ഹിന്ദുസ്ഥാൻ യുണിലിവറും നെസ്‌ലെ ഇന്ത്യയും മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. ഓട്ടോ, മെറ്റൽ, ഐടി, ബാങ്കിംഗ് മേഖലകളിൽ 4.85 ശതമാനം വരെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
Also Read- ഓഹരിവിപണി തകർന്നടിഞ്ഞു; സെൻസെക്സ് ഒറ്റയടിക്ക് ഇടിഞ്ഞത് 2000 പോയിന്‍റ്
ജാപ്പനീസ് ഓഹരികൾ തിങ്കളാഴ്ച ജനുവരിയ്ക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി, ആഗോള ഓഹരി വിപണികളിലുണ്ടായ തകർച്ചയും വിലകുറഞ്ഞ യെൻ മൂലധനം നൽകുന്ന നിക്ഷേപം നഷ്ടമാകുമെന്ന ആശങ്കയും മൂലം കഴിഞ്ഞ ആഴ്‌ച വ്യാപകമായി ഓഹരി വിറ്റഴിക്കുന്ന ട്രെൻഡ് ദൃശ്യമായിരുന്നു. നിക്കി ഷെയർ ശരാശരി മൂന്ന് സെഷനുകളിലായി 15% ഇടിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here