മുംബൈ: രണ്ടുദിവസത്തെ അവധിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ കനത്ത തകർച്ച. ആദ്യ മിനിട്ടുകളിൽ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 2400 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇതിന്‍റെ പ്രതിഫലനം ഉണ്ടായി. നിഫ്റ്റി 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്ക് എത്തി.
കഴിഞ്ഞയാഴ്ചയും ഓഹരി വിപണി കനത്ത തകർച്ച നേരിട്ടിരുന്നു. ജൂൺ-ജൂലൈ മാസങ്ങളിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തിയ ഓഹരിവിപണി ഇപ്പോൾ തുടർച്ചയായി ഇടിയുന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടമുണ്ടായത്.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇവിടുത്തെ ഓഹരി വിപണികളിൽ പ്രതിഫലിക്കുന്നത്. കൂടാതെ പാശ്ചാത്യവിപണിയിൽ കനത്ത മാന്ദ്യഭീതിയും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നതായി ഈ രംഗത്തെ വിദഗ്ദർ പറയുന്നു.
നിഫ്റ്റിയിൽ അപ്പോളോ ഹോസ്പിറ്റൽ, സൺ ഫാർമ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹിൻഡാൽകോ, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി.
ജൂലൈയിൽ യുഎസിലെ തൊഴിലവസരങ്ങൾ കുറയുകയും യുഎസിലെ തൊഴിലില്ലായ്മ നിരക്ക് 4.3% ആയി കുത്തനെ ഉയരുകയും ചെയ്തത് മാന്ദ്യ സൂചനയായി കണക്കാക്കപ്പെടുന്നു. മധ്യേഷ്യയിലെ സാമ്പത്തിക പ്രതിസന്ധിയു ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നിക്കിയിൽ 4 ശതമാനത്തിന് മുകളിൽ തകർച്ചയുണ്ടായത് ജാപ്പനീസ് വിപണിയിലെ പ്രതിസന്ധിയുടെ സൂചകമാണ്.
ഇന്ത്യൻ വിപണിയിൽ പ്രതിരോധം, റെയിൽവേ തുടങ്ങിയ വിപണിയിലെ അമിത മൂല്യമുള്ള വിഭാഗങ്ങൾ സമ്മർദ്ദത്തിലായേക്കാമെന്ന് വിദഗ്ദർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിക്ഷേപകർ ഓഹരി വാങ്ങാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും സ്ഥിരത കൈവരിക്കുന്നതുവരെ കാത്തിരിക്കണമെന്നും വിദഗ്ദർ നിർദേശിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here