കടുത്ത സാമ്പത്തിക പ്രതിസന്ധി; സ്വന്തം വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ട്ടിച്ചു; യുവാവ് പിടിയിൽ

പാലക്കാട് പുതുപ്പരിയാരത്ത് സ്വന്തം വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവാവും സഹായികളും അറസ്റ്റിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് വീട് കുത്തി തുറന്നതെന്നായിരുന്നു യുവാവിന്റെ പ്രതികരണം. പുതുപ്പരിയാരം സ്വദേശി ബൈജുവാണ് സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവർക്കൊപ്പം കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

ബന്ധുക്കൾ വീട് പൂട്ടി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയ വിവരം അറിഞ്ഞതിന് പിന്നാലെ ആയിരുന്നു ബൈജു വീട് കുത്തി തുറക്കാൻ പ്ലാൻ ഇട്ടത് . സഹോദരിയെ ഫോണിൽ വിളിച്ച് തന്ത്രപൂർവം വീട്ടിലാരുമില്ലെന്ന് ഉറപ്പാക്കി. മടങ്ങി വരുന്ന സമയം വരെ ചോദിച്ചറിഞ്ഞു. പിന്നാലെ വലിയ തുക ഓഫർ ചെയ്ത് കവർച്ചാ ലക്ഷ്യം അറിയിച്ച് സുഹൃത്തുക്കളെ കൂടെ കൂട്ടി. സ്വന്തം വീട്ടിൽ മുൻവാതിൽ തുറന്ന് അകത്ത് കയറാതെ ഓട് പൊളിച്ച് വീട്ടിനുള്ളിൽ കയറി. ശേഷം അലമാരകൾ കുത്തിത്തുറന്നു.

സ്വർണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി വസ്ത്രങ്ങൾ ഉൾപ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെട്ടു. കണ്ടാൽ ആർക്കും വിദഗ്ധരായ കവർച്ചാ സംഘം വീട്ടിൽക്കയറി മടങ്ങിയേന്നേ തോന്നൂ. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ കവർച്ചാ വിവരം അറിഞ്ഞത്. അവർ പൊലീസിൽ പരാതി നൽകി. ബൈജുവിനെക്കുറിച്ചറിഞ്ഞ പൊലീസിന് ചില സംശയങ്ങളുണ്ടായി. പിന്നാലെ തന്ത്രപൂർവം വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം വീട്ടിലെ കവർച്ചയെക്കുറിച്ച് യുവാവ് വെളിപ്പെടുത്തിയത്. യുവാവിനെയും സുഹൃത്തുക്കളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News