‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും…’
ഈ വരികൾ എപ്പോൾ കേട്ടാലും ഒരുപക്ഷേ ഓരോ പ്രവാസിക്കും ഓർമ വരുന്നത് തങ്ങൾക്ക് പ്രിയപ്പെട്ട നാടും വീടും ആണ്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നിറച്ച പെട്ടികളുമായി നാട്ടിലേക്ക് ഓടിയെത്താൻ കാത്തിരിക്കുന്ന എത്രയെത്ര പ്രവാസ ജീവിതങ്ങൾ. ഇത്തരത്തിൽ നിരവധി ചെറുതും വലുതുമായ ആഗ്രഹങ്ങളുമായിട്ടാണ് പ്രിയപ്പെട്ടവരുടെ അടുത്ത് നിന്നും അവരും കുവൈറ്റിന്റെ മണ്ണിലേക്ക് വിമാനം കയറിയത്. ഒടുവിൽ അതേ പ്രിയപ്പെട്ടവർക്ക് മുന്നിൽ അവർ എത്തിയത് നിശ്ചലമായ ശരീരവുമായി…നാടും വീടും ഒരുപോലെ കണ്ണീരിൽ കുതിർന്നു.
കുവൈറ്റ് തീപിടിത്തം ആളികെടുത്തിയത് 24 മലയാളികളുടെ ജീവനുകളാണ്. ഇവർക്കൊപ്പം തന്നെ മരിച്ച് ജീവിക്കുന്ന ഒരുപാടു പേർ ഇനിയുണ്ടാകും. ഈ 24 പേരുടെയും പ്രിയപ്പെട്ടവർ. പ്രതീക്ഷകൾ എല്ലാം ഈ പ്രവാസികളിൽ അർപ്പിച്ച് ഇവർക്കായി കാത്തിരുന്നവർ ഇനി തീർത്തും അനാഥർ. നികത്താനാകാത്ത ഈ നഷ്ടത്തിന്റെ വേദനയിൽ ഈ 24 കുടുംബങ്ങൾ ഉരുകിത്തീരും. സ്വന്തമായി വീടും മക്കളുടെ പഠനവും മെച്ചപ്പെട്ട ജീവിതവും സ്വപ്‌നം കണ്ടുറങ്ങിയവർ ഒരു രാത്രി പുലർന്നപ്പോൾ അവയെല്ലാം ബാക്കിയാക്കി യാത്രയായി.
കുവൈറ്റിലെ ഫ്ലാറ്റിൽ പടർന്ന തീ ആളിക്കത്തിയത് കേരളക്കരയിലെ മണ്ണിലായിരുന്നു. അത്ര ഭീതിജനമായിരുന്നു ഓരോ മരണങ്ങളും ഉണ്ടാക്കിയ ഞെട്ടൽ. വാർത്ത വരുമ്പോഴും പ്രിയപ്പെട്ടവർ ആരുമുണ്ടാകരുതേ എന്ന പ്രാർത്ഥനകൾ കേരളത്തിൽ നിറഞ്ഞത് കൂടുതലും മലയാളികൾ പ്രവാസ ലോകത്ത് ഉള്ളത് കൊണ്ട് തന്നെയാണ്. മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ, അച്ഛനെ നഷ്ടപ്പെട്ട മക്കൾ,ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യ, സഹോദരനെ നഷ്ടപ്പെട്ട കൂടപിറപ്പുകൾ, കൂട്ടുകാരനെ നഷ്ടപ്പെട്ട സുഹൃത്തുക്കൾ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട നാട്ടുകാർ, ഇവർക്കൊക്കെ മുന്നിൽ മരണം വീണ്ടും ഒരു കോമാളിയായി.
24 ജീവനുകൾ അഗ്നി അപഹരിച്ചപ്പോൾ വിധിയെ പഴിചാരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അന്നം തരുന്ന നാട്ടിൽ തന്നെ ജീവൻ നൽകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്തവർ ഉറങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്കരികെ ഒരിക്കലും ഉണരാത്ത ഉറക്കവുമായി…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here