10 വയസ്സുള്ളപ്പോൾ, സുഹൃത്തുക്കളോടൊപ്പം 3 രൂപയുടെ പേനകൾ വിറ്റ് ലാഭം നേടിയായിരുന്നു ബിസിനസ് ലോകത്തേക്ക് ജതിൻ അഹൂജ ആദ്യമായി കാലെടുത്തു വക്കുന്നത്. കാറുകൾ ജീവനായിരുന്ന അഹൂജ തന്റെ ബിസിനിസ് കമ്പം ആ മേഖലയിലേക്ക് ഫോക്കസ് ചെയ്തപ്പോൾ ഇന്ത്യൻ കാർ വിപണിയിൽ സൃഷ്ടിക്കപ്പെട്ടത് ഒരു വേറിട്ട വിജയത്തിന്റെ കഥയായിരുന്നു. കാറുകളോടുള്ള തൻ്റെ പാഷൻ പ്രൊഫഷനാക്കി മാറ്റിയ, രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും വരെ കാർ വിറ്റ ‘ബിഗ് ബോയ് ടോയ്‌സി’ന്‍റെ ഉടമയുടെ കഥ, പരാജയപ്പെടുമോ എന്ന് ഭയന്ന് തങ്ങളുടെ പാഷനെ പിന്തുടരാൻ മടിക്കുന്ന ആരും കേൾക്കേണ്ട ഒന്നാണ്.
സെക്കൻഡ് ഹാൻഡ് മൾട്ടി ബ്രാൻഡ് ആഢംബര കാർ ഷോറൂം ശൃംഖലയായ ബിഗ് ബോയ് ടോയ്‌സിന്റെ ഉടമ ആണ് ജതിൻ അഹൂജ. കാറുകളോടുള്ള തൻ്റെ പാഷൻ 17-ാം വയസ്സിൽ ഒരു മെഴ്സിഡസ് എസ്-ക്ലാസ് പുതുക്കി പണിഞ്ഞ് തുടങ്ങി മുംബൈ, ഹൈദരാബാദ്, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉള്ള ബിഗ് ബോയ് ടോയ്‌സ് എന്ന ആഢംബര കാർ ഷോറൂം ശൃംഖലയിലേക്ക് എത്തിച്ചു.
ALSO READ; പരാജയപ്പെട്ടത് 17 തവണ; പടുത്തുയർത്തിയത് 42000 കോടിയുടെ സാമ്രാജ്യം
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും അതിനുശേഷം ഡൽഹി സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയെങ്കിലും മറ്റു ബിരുദധാരികളെ പോലെ ഏതെങ്കിലും കോർപറേറ്റിന് കീഴിൽ ജോലിയെടുക്കാൻ ജതിൻ തയാറായില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വന്തമായി ഒരു കാർ കമ്പനി തുടങ്ങണമെന്ന സ്വപ്നം ജതിൻ വിടാതെ പിന്തുടർന്നു. തന്റെ സ്വപ്നങ്ങളെ പിന്തുടർന്ന് അദ്ദേഹം 17-ാം വയസ്സിൽ ബിസിനസ്സ് ആരംഭിച്ചു.
17 ആം വയസ്സിൽ ഒരു മെഴ്സിഡസ് എസ്-ക്ലാസ് വാങ്ങിയതാണ് ജതിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. മുംബൈ വെള്ളപ്പൊക്ക സമയത്ത് ഒരാൾ ഉപയോഗിച്ച മെഴ്സിഡസ് മോഡൽ വിൽക്കുന്നുണ്ടെന്നും അത് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അച്ഛനെയും അച്ഛന്റെ സുഹൃത്തിനെയും പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെ കുറഞ്ഞ വിലക്ക് അത് വാങ്ങി റീ സ്റ്റോർ ചെയ്തു വിറ്റ് 24 ലക്ഷം രൂപ ലാഭം നേടി. ശേഷം കാർ ബിസിനസ്സിനൊപ്പം പുതിയ മൊബൈൽ നമ്പറും ശ്രദ്ധിച്ച ജതിൻ, ഫാൻസി മൊബൈൽ നമ്പരുകളുടെ ഡിമാൻഡ് കണ്ട്, 99999 സീരീസിലുള്ള 1200 സിംകാർഡുകൾ വാങ്ങി വിറ്റ് ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സ് ചെയ്തു.
ALSO READ; ട്രംപിന് രണ്ടാമൂഴം; അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം- തത്സമയം
പിതാവിൽ നിന്ന് 70,000 രൂപ കടം വാങ്ങിയാണ് ജതിൻ തൻറെ സ്വപ്ന പദ്ധതിയായ ബിഗ് ബോയ് ടോയ്സ് ആരംഭിച്ചത്. ആ പണം കൊണ്ട് 2009-ൽ ജതിൻ ഡൽഹിയിൽ ഒരു ചെറിയ സ്റ്റുഡിയോ തുടങ്ങി. ഇന്ന് 150-ലധികം പേർ ജതിന്‍റെ സ്റ്റുഡിയോകളിൽ ജോലി ചെയ്യുന്നു. പ്രീമിയം കാർ ഡീലർമാർ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ മടിക്കുന്ന സമയത്താണ് ജതിൻ പ്രീ-ഓൺഡ് ആഡംബര കാറുകളുടെ ബിസിനസ്സിലേക്ക് ചുവടുവെച്ചത്. ആത്മവിശ്വാസവും കാറുകളോടുള്ള തന്‍റെ പ്രണയവുമാണ് ജതിനെ മുന്നോട്ട് നയിച്ചത്. ഇന്ന് ബിഎംഡബ്ല്യു, റേഞ്ച് റോവറുകൾ, ലംബോർഗിനികൾ തുടങ്ങി നിരവധി ആഡംബര കാറുകൾ ജതിന് സ്വന്തമായുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here