5,400 രൂപ ശമ്പളമുള്ള ഒരു വെബ് ഡെവലപ്പറിൽ നിന്ന് പ്രതിവർഷം 50 ലക്ഷം വരുമാനത്തിലേക്ക് വളർന്ന ബംഗളൂരിലെ എഞ്ചിനീയർ പ്രദീപ് കുമാർ സൈനിയുടെ ജീവിത യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടുത്തിടെ ഒരു യൂട്യൂബറായും കരിയറിൽ പുതിയ തുടക്കമിട്ട പ്രദീപ് തന്റെ പ്രൊഫഷണൽ ജീവിതത്തിലെ ഉയർച്ച താഴ്‌ചകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയായിരുന്നു. ഐഐടി, എൻഐടി പോലുള്ള ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ നേടുന്നതിൽ പരാജയപ്പെട്ട അദ്ദേഹം ഒരു സാധാരണ കോളേജിൽ പഠിച്ച് ബിരുദം നേടുകയാണ് ചെയ്തത്. കാമ്പസ് പ്ലെയ്സ്മെന്റ് സമയത്ത് വിപ്രോ, ടിസിഎസ്, ഇൻഫോസിസ് പോലുള്ള കമ്പനികളിൽ ജോലി നേടുന്നതിലും പരാജയപെട്ടു. പിന്നീട് ഒരു ചെറിയ വെബ് ഡെവലപ്പറായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്.
ALSO READ; ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നോമിനി ഇനി നിര്‍ബന്ധം; ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ
2008-ൽ ഡൽഹി ആസ്ഥാനമായുള്ള ഒരു ചെറിയ കമ്പനിയിൽ വെബ് ഡെവലപ്പറായി ജോലി തുടങ്ങിയ അദ്ദേഹത്തിന്‍റെ ശമ്പളം പ്രതിമാസം 5,400 രൂപയായിരുന്നു. ഇങ്ങനെ ഏറ്റവും താഴെ തട്ടിൽ നിന്നും സൈനി തന്‍റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചു. അടുത്ത ആറ് വർഷത്തിനുള്ളിൽ, വിവിധ സർവീസ് അധിഷ്‌ഠിത കമ്പനികളിൽ പ്രദീപ് കുമാർ സൈനി ജോലി ചെയ്യുകയും തന്റെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്തു. ഓരോ അവസരത്തിലും തന്‍റെ കഴിവുകൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല.
വർഷങ്ങൾ കൊണ്ട് തന്റെ കോഡിങ് സ്കിൽ അടക്കമുള്ള കഴിവുകൾ രാകി മിനുക്കിയ ഒരു സാധാരണ വെബ് ഡെവലപ്പർ ആയിരുന്ന അദ്ദേഹം 2014 ആയപ്പോൾ ഷോപ്പ്ക്ലൂസിൽ പ്രതിവർഷം ₹8 ലക്ഷം വരെ ശമ്പളമുള്ള ഒരു ജോലി നേടിയെടുത്തു. എന്നാൽ കോവിഡ് സമയത്ത് ജോലി നഷ്ടമാവുകയും മാസങ്ങളോളം ജോലിയില്ലാതെ മുന്നോട്ട് പോകേണ്ടി വന്നു. എന്നാൽ വർഷങ്ങളുടെ അനുഭവ പരിചയം ജോലിയിൽ മാത്രമല്ല, ജീവിതത്തിലും അദ്ദേഹത്തെ എങ്ങനെ പ്രതിസന്ധികൾ നേരിടണമെന്ന് പഠിപ്പിച്ചിരുന്നു. തളരാതെ മുന്നോട്ട് കുതിച്ച പ്രദീപ് കുമാർ സൈനിക്ക് സീ എന്റർടൈൻമെന്റിൽ പ്രതിവർഷം 50 ലക്ഷം രൂപ ശമ്പള പാക്കേജിൽ ജോലി ഉറപ്പാക്കാൻ കഴിഞ്ഞു.
ALSO READ; ബന്ദികളാക്കിയവരുടെ വിവരങ്ങൾ ഹമാസ് കൈമാറിയതായി വിവരം; ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകുമോ?
2024-ൽ ഒരു കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിൽ കൂടി സൈനി തന്റെ യാത്ര ആരംഭിച്ചു. അദ്ദേഹം ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ കോഡിംഗ്, സിസ്റ്റം ഡിസൈൻ, ഇന്റർവ്യൂ തയ്യാറാക്കൽ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർക്കുള്ള കരിയർ ഗൈഡൻസ് എന്നിവയെക്കുറിച്ചുള്ള ട്യൂട്ടോറിയലുകൾ ഇതിലൂടെ പങ്കുവക്കുന്നുണ്ട്. തന്റെ ജീവിത യാത്രകൾ പങ്കു വച്ച പോസ്റ്റിന് അവസാനമായി താൻ എങ്ങനെയാണ് ജീവിതത്തിൽ ഒരു സാധാരണ വിദ്യാർത്ഥി എന്ന നിലയിൽ നിന്നും വിജയിച്ചു വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. താൻ ഒരിക്കലും തന്റെ കഴിവുകൾ വളർത്തുന്നത് നിർത്തിയില്ല എന്നും ഒരു മേഖലയിൽ തന്നെ ജോലി ചെയ്യാതെ വിവിധ ഡൊമൈനുകളിൽ വർക്ക് ചെയ്യാൻ തയാറായെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ പ്ലാനിങ്ങും തെറ്റുകളിൽ നിന്നും അറിവുകൾ നേടാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വലിയ കഴിവുകളില്ലാത്ത, സാധാരണ വിദ്യാർത്ഥിയിൽ നിന്നും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഒരാളിലേക്കുള്ള സൈനിയുടെ യാത്ര ഏതൊരു സാധാരണക്കാരനും പ്രചോദനമാകുന്ന കഥയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here