സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത് രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തിന്‍റെ ഭാഗമായി മുംബൈയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും, സിഐടിയു വൈസ് പ്രസിഡന്‍റുമായ പിആർ കൃഷ്ണനാണ് 1950 മുതലുള്ള 74 വർഷക്കാലത്തെ മുംബൈ ജീവിതത്തിലെ തെരഞ്ഞെടുപ്പ് അനുഭവങ്ങൾ കൈരളി ന്യൂസിനോട് പങ്കു വച്ചത്.
ഇന്നത്തേത് ഉൾപ്പടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്നിട്ടുള്ള എല്ലാ പാർലിമെന്‍ററി തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമ്മതിദാനം രേഖപ്പെടുത്തുവാൻ കഴിഞ്ഞ സന്തോഷമായിരുന്നു കൃഷ്ണേട്ടന്റെ വാക്കുകളിൽ. ഇതിന് മുൻപ് വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് വേളകളിലും മഹാരാഷ്ട്രയിലെ ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാകാൻ സാധിച്ചിട്ടുണ്ടെന്നും പി ആർ പറഞ്ഞു.
ALSO READ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മടി പിടിച്ച് ജനം; മുംബൈയിൽ പോളിംഗ് 27.73% മാത്രം
“ആദ്യ കാല തിരഞ്ഞെടുപ്പുകളിലെല്ലാം പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. സ്ഥാനാർഥികളോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ” പി ആർ കൃഷ്ണൻ പറഞ്ഞു. ദേശീയ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പിആർ, പാർട്ടി പ്രവർത്തനങ്ങളുടെ പേരിൽ നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അന്നൊക്കെ കോടതിയിൽ സ്വയം വാദിച്ചായിരുന്നു ജാമ്യം നേടിയത്”.
“ഇപ്പോൾ വയസ്സ് 93 ആയി. അതിന്റെ വിഷമതകളുണ്ട്. അത് കൊണ്ട് തന്നെ പരസ്യ പ്രചാരണങ്ങളിൽ പഴയ പോലെ സജീവമാകാൻ കഴിയാതെ പോയതിൽ ഖേദമുണ്ട്.” പിആർ കൃഷ്ണന്‍റെ ചുറുചുറുക്കുള്ള വാക്കുകളിൽ നിരാശ. എന്നിരുന്നാലും സ്വതന്ത്ര ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനവും ചാരിതാർഥ്യവുമുണ്ടെന്ന് സഖാവ് പി ആർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here