മദ്രസകളിലേക്ക് പോയ കുട്ടികളെയുള്‍പ്പെടെ പത്തോളം പേരെ കടിച്ചു; നാട്ടില്‍ ഭീതിപരത്തിയ നായ ഒടുവില്‍ പിടിയില്‍

മൂവാറ്റുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതിപരത്തിയ നായയെ പിടികൂടി. തുടല് പൊട്ടിച്ച് പുറത്തുചാടിയ വളര്‍ത്തുനായ രാവിലെ 10 പേരെ കടിച്ചിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും തുടല്‍ പൊട്ടിച്ചു പുറത്തിറങ്ങിയ നായയാണ് മൂവാറ്റുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തിയത്. 10 പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെയും, നായ ആക്രമിച്ചു. തുടര്‍ന്ന് നായയെ പിടികൂടുന്നതിനായി കോട്ടയം തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നായി നായ പിടുത്തത്തില്‍ പരിശീലനം നേടിയ സംഘത്തെ നിയോഗിച്ചു. കോട്ടയത്ത് നിന്നുള്ള ജയകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് നായയെ വലയിലാക്കിയത്.

Also Read : ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

ജനാര്‍ദ്ദനന്‍ എന്നയാളുടെ വളര്‍ത്തുനായായിരുന്നു ആക്രമണം നടത്തിയത്. നായ തുടല് പൊട്ടിച്ച് പുറത്ത് ചാടിയ വീടിന് സമീപത്തുനിന്ന് തന്നെയാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ നായയെ ജയകുമാര്‍ കീഴടക്കിയത്. ദീര്‍ഘനാള്‍ കൂട്ടിലടച്ചതിനാല്‍ നായ
ആക്രമണകാരിയാകുകയായിരുന്നു എന്നാണ് നിഗമനം. നിലവില്‍ പേവിഷബാധയുടെ യാതൊരു ലക്ഷണവും നായ കാണിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പിടികൂടിയ നായയെ മൂവാറ്റുപുഴ വെറ്റിനറി ആശുപത്രിയിലും, തുടര്‍ന്ന് വടവുകോട് ഉള്ള പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കും മാറ്റും.

ഇതിനിടെ നായയുടെ കടിയേറ്റവര്‍ക്ക് മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പേവിഷബാധയുള്ള കുത്തിവയ്പ് നല്‍കി വിട്ടയച്ചു. നഗരസഭയുടെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കണ്ണില്‍ കണ്ടവരെല്ലാം നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. രാവിലെ ക്ഷേത്രത്തില്‍ പോയി മടങ്ങിയവര്‍ക്കും മദ്രസകളിലേക്ക് പോയ കുട്ടികള്‍ക്കും ഉള്‍പ്പെടെ നായയുടെ കടിയേറ്റു.

പുരയിടത്തില്‍ തൊഴിലെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും നായ ആക്രമിച്ചു. ഓടുന്ന വഴിയില്‍ കണ്ടവരെയെല്ലാം നായ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മറ്റ് നായ്ക്കളെയും പിടികൂടി നാട്ടുകാരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News