നേമം കാരയ്ക്കാ മണ്ഡപം സ്വദേശി ഷെമീറയും നവജാത ശിശുവും മരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് ഡി വൈ എഫ് ഐ. ഈ പശ്ചാത്തലത്തിൽ വ്യാജചികിത്സകർക്കും അശാസ്ത്രീയ ചികിത്സാ മുറകൾക്കും അനധികൃത ചികിത്സ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി .അനൂപ് എന്നിവർ ആവശ്യപ്പെട്ടു. വ്യാജചികിത്സകരുടെ സ്വാധീനത്തിലും അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതിലൂടെയും വീടുകളിൽ പ്രസവം എടുക്കുന്നത് അപകടകരമാണ്. അമിത രക്തസ്രാവം സംഭവിച്ച് മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. സ്ത്രീകളോടും നവജാത ശിശുക്കളോടുമുള്ള ക്രൂരതയാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസ്
ഇന്ത്യയിലെ മറ്റു നിരവധി സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊതുമേഖലയിൽ തന്നെ മികച്ച ചികിത്സാ സൗകര്യമുള്ള സംസ്ഥാനമാണ് കേരളം. അഖിലേന്ത്യാടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ മാതൃമരണനിരക്കും ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തിൻ്റെ സവിശേഷതയാണ്. പ്രസവത്തിന് സർക്കാർ ആശുപത്രികളിൽ തന്നെ ഏറ്റവും യോഗ്യരായ ഡോക്ടർമാരും ആധുനിക സംവിധാനങ്ങളുമുണ്ട്.
നേമം സംഭവത്തിൽ പ്രതികളിലൊരാളായ ഷിഹാബുദ്ദീൻ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി കേന്ദ്രങ്ങളിൽ അക്യുപങ്ചർ ചികിത്സ നടത്തുന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. ഷെമീറയുടെ ഭർത്താവും ഈ കേസിൽ പ്രതിയാണ്. മികച്ച ആരോഗ്യ സുരക്ഷാ സൗകര്യങ്ങളോടു കൂടിയ ആശുപത്രികൾ ഉണ്ടായിരുന്നിട്ടും ഗർഭിണിയായ ഷെമീറയെ ആശുപത്രിയിൽ കൊണ്ടുപോകാതെയും വിദഗ്ദ്ധ ചികിത്സ നൽകാതെയും ക്രൂരമായി പെരുമാറി. പ്രസവത്തിന് അക്യുപങ്ചർ ചികിത്സ ഏർപ്പെടുത്തിയവർ അതിലൂടെ അമ്മയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇത് കടുത്ത മനുഷ്യവിരുദ്ധതയാണ്.
ALSO READ: വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക അംഗീകരിക്കാതെ ഗവർണർ
ഏറ്റവും ശ്രദ്ധയും വിദഗ്ദ്ധ പരിചരണവും ആവശ്യമുള്ള പ്രസവ സമയത്ത്, അംഗീകൃത ആശുപത്രിയിലെ പരിചരണം എന്നത് മനുഷ്യാവകാശത്തിൻ്റെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഇരുപത്തി ഒന്ന് പ്രകാരം ജീവിക്കാനുള്ള അവകാശം മൗലികവകാശമാണ് . ഗർഭസ്ഥ ശിശുമുതൽ പതിനെട്ടു വയസ്സുവരെയുള്ളവരാണ് ‘കുട്ടികൾ ‘ എന്ന നിർവചനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 1948 ലെ സാർവദേശീയ മനുഷ്യവകാശ പ്രഖ്യാപനം, 1989 ലെ ചൈൽഡ് റൈറ്റ്സ് കൺവെൻഷൻ, മറ്റ് യു എൻ പ്രഖ്യാപനങ്ങൾ, ഇന്ത്യൻ ഭരണഘടനയിലെ വിവിധ വകുപ്പുകൾ ,ദേശീയ ശിശു നയം, ജുവനൈൽ ജസ്റ്റിസ് ആക്റ്റ്,കുട്ടികൾക്കായുള്ള സംസ്ഥാനത്തെ മറ്റു നിയമങ്ങൾ ഇവയെല്ലാം അന്തസ്സായി ജീവിക്കാനുള്ള കുട്ടികളുടെ അവകാശം എടുത്തു പറയുന്നു. പൗരൻ എന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ട്.
നേമത്ത് രണ്ടു മരണം നടന്ന പശ്ചാത്തലത്തിൽ വ്യാജചികിത്സകർക്കും അശാസ്ത്രീയ ചികിത്സാമുറകൾക്കും അനധികൃത സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണം.ആരോഗ്യ, വനിത – ശിശു വികസന വകുപ്പുകൾ , പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇടപെടൽ ഊർജ്ജിതമാക്കണം.
ഇത്തരം സംഭവങ്ങൾ തടയാൻ കർശന നിയമനടപടി വേണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here