സുധാകരനെതിരെ തെളിവ് ശക്തം ; എബിനെ ചോദ്യം ചെയ്ത ശേഷം വീണ്ടും വിളിപ്പിക്കും

പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്‌റ്റിലായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ തെളിവുകൾ ശക്തം. മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാൽ ക്രൈംബ്രാഞ്ച്‌ വീണ്ടും ചോദ്യം ചെയ്‌തേക്കും. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ എബിൻ എബ്രഹാമിനെ ചോദ്യം ചെയ്‌തശേഷമായിരിക്കും വീണ്ടും സുധാകരനെ വിളിക്കുക.

കേസിലെ മൂന്നു ദൃക്‌സാക്ഷികൾ കോടതിയിൽ നൽകിയ രഹസ്യമൊഴി പ്രധാന പ്രാഥമികതെളിവാകും. മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജയ്‌സണും ജോഷിയുമാണ്‌ സുധാകരൻ പണം വാങ്ങുന്നത്‌ കണ്ടെന്ന്‌ കോടതിയിൽ മൊഴി നൽകിയത്‌. മോൻസണിന്റെ കൈയിൽനിന്ന്‌ 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന്‌ ആരോപിക്കുന്ന ദിവസത്തെ ഡിജിറ്റൽ തെളിവുകളും പ്രധാന സാഹചര്യത്തെളിവുകളാകും. ഒന്നാംപ്രതി മോൻസണുമായി സുധാകരന്‌ നാലുവർഷത്തിലേറെയായി അടുത്തബന്ധമുണ്ടെന്ന്‌ തെളിയിക്കുന്ന രേഖകളും നിർണായകമാകും. ഫോട്ടോകളും ഫോൺവിളിവിവരങ്ങളും ടവർ ലൊക്കേഷൻ വിവരങ്ങളുമാണ്‌ ഇതിൽ പ്രധാനം.

കേസിൽ ആരോപണവിധേയനായതുമുതൽ പ്രതിചേർത്തതിനുശേഷംവരെ സുധാകരൻ പുറത്തുപറഞ്ഞ കാര്യങ്ങളിലും നൽകിയ മൊഴികളിലും ക്രൈംബ്രാഞ്ച്‌ പൊരുത്തക്കേട്‌ കണ്ടെത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്യാനാണ്‌ നീക്കം. മോൻസണിൽനിന്ന്‌ 10 ലക്ഷം രൂപ വാങ്ങിയെന്നു പറയുന്ന 2018 നവംബർ 22ന്‌ താൻ കോൺഗ്രസ്‌ നേതാവ്‌ എം ഐ ഷാനവാസിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തെന്നാണ്‌ സുധാകരൻ ആദ്യം പറഞ്ഞത്‌. എന്നാൽ, തെളിവുകൾ മാധ്യമങ്ങളിൽ വന്നതോടെ, മോൻസണിന്റെ വീട്ടിൽ അന്നേദിവസം പോയിരുന്നുവെന്ന്‌ സമ്മതിച്ചു. സുധാകരൻ ഇടനിലക്കാരനായി 25 ലക്ഷം രൂപ മോൻസണിന്‌ കൈമാറിയെന്ന്‌ പരാതി നൽകിയ അനൂപ്‌ മുഹമ്മദിനെ കണ്ടിട്ടില്ലെന്നും സുധാകരൻ ആദ്യം പറഞ്ഞു. അനൂപുമായി ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ മലക്കംമറിഞ്ഞു. ഒരുതവണ കണ്ടെന്ന്‌ സമ്മതിച്ചു. ഇത്തരം പൊരുത്തക്കേടുകളിലാണ്‌ കേസിൽ സുധാകരന്റെ പങ്കാളിത്തത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ചിന്‌ ആദ്യം സംശയം തോന്നിയത്‌.

കുറ്റപത്രം ആഗസ്‌റ്റിൽ

കേസിൽ ആഗസ്‌തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനം. സുധാകരന്റെ അടുപ്പക്കാരനും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ ഇരുമ്പനം സ്വദേശി എബിൻ എബ്രഹാമിനെ അടുത്തയാഴ്‌ച ചോദ്യംചെയ്യും. എബിൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെയും മോൻസണിന്റെ ജീവനക്കാരനിൽനിന്ന്‌ പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

മൊഴിമാത്രമല്ല, വ്യക്തമായ തെളിവുകളും

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അറസ്‌റ്റ്‌ പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽമാത്രമല്ല. അറസ്‌റ്റിന്‌ പര്യാപ്‌തമായ ശക്തമായ തെളിവുകളാണ്‌ ക്രൈംബ്രാഞ്ച്‌ ശേഖരിച്ചത്‌. ഫോൺവിളി വിവരങ്ങൾ (സിഡിആർ), ടവർ ലൊക്കേഷൻ, ഫോൺസംഭാഷണത്തിന്റെയും ശബ്‌ദസന്ദേശങ്ങളുടെയും റെക്കോഡുകൾ, തുടർച്ചയായ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇതെല്ലാം നിരത്തിയുള്ള ചോദ്യങ്ങൾക്കുമുന്നിൽ സുധാകരന്റെ പരസ്‌പരവിരുദ്ധമായ മറുപടി. അതേസമയം, പരാതിക്കാരിൽനിന്ന്‌ തൽസമയം ഓൺലൈനിൽ ശേഖരിച്ച മൊഴിയും മോൻസണിന്റെ മുൻ ജീവനക്കാരുടെ മൊഴിയും തെളിവുകളും തമ്മിൽ കൃത്യമായ പൊരുത്തവും.

ചിത്രങ്ങളും ഫോൺവിവരങ്ങളും നിർണായകം

കെ സുധാകരൻ എംപിയാകുന്നതിനുമുമ്പ്‌ 2018ലും ’19ലും എംപിയായശേഷവും മോൻസണിനെ തുടർച്ചയായി വിളിച്ചതിന്റെ ഫോൺരേഖകൾ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്‌. ഈ കാലയളവിൽ മോൻസണിന്റെ കലൂരിലെ വീട്ടിൽ 12 തവണയിലേറെ സന്ദർശിച്ചതിന്റെയും ഒരാഴ്‌ചയിലധികം തുടർച്ചയായി താമസിച്ചതിന്റെയും ചിത്രങ്ങളും ജീവനക്കാരുടെ മൊഴികളും പ്രധാന തെളിവായി. കെപിസിസി പ്രസിഡന്റായപ്പോൾ സുധാകരനെ മോൻസൺ ഇന്ദിരാഭവനിലെത്തി ആശംസിക്കുന്ന ചിത്രവുമുണ്ട്‌.

എംപിയാകുന്നതിനുമുമ്പും ശേഷവും മോൻസണിന്റെ വീട്ടിൽ കെ സുധാകരൻ സന്ദർശകനായിരുന്നുവെന്നും പീഡനം നടക്കുന്ന കാലയളവിൽ അവിടെ വന്നിട്ടുണ്ടെന്നും മുൻ ജീവനക്കാരിയുടെ മൊഴിയുണ്ട്‌. മോൻസണിനെതിരായ പീഡനക്കേസിൽ പെരുമ്പാവൂർ കോടതിയിൽ നൽകിയ മൊഴിയിലാണ്‌ ഈ വിവരങ്ങൾ. സുധാകരന്റെ തുടർസന്ദർശനങ്ങളെക്കുറിച്ച്‌ മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തിന്റെ മൊഴിയുമുണ്ട്‌.

പണം കൈമാറി

വിദേശനാണ്യ വിനിമയ നിയമപ്രകാരം തടഞ്ഞുവച്ച മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടാനെന്നപേരിൽ പരാതിക്കാരിൽനിന്ന്‌ പലതവണയായി 10 കോടി രൂപ വാങ്ങി. പണം വിട്ടുകിട്ടാൻ ഡൽഹിയിൽ സുധാകരൻ ഇടപെടുമെന്ന്‌, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലഭിച്ച ഉറപ്പിൽ 25 ലക്ഷം രൂപ കൈമാറിയെന്ന്‌ പരാതിക്കാർ പറഞ്ഞിരുന്നു. പരാതിക്കാരായ എം ടി ഷമീറും അനൂപ്‌ വി മുഹമ്മദും ഇതിന്റെ ശബ്‌ദസന്ദേശം ക്രൈംബ്രാഞ്ചിന്‌ നൽകിയിട്ടുണ്ട്‌. 2018 നവംബർ 22ന്‌ മോൻസണിന്റെ വീട്ടിൽ സുധാകരന്റെ സാന്നിധ്യത്തിൽ പരാതിക്കാരൻ അനൂപ്‌ വി മുഹമ്മദ്‌ 25 ലക്ഷം കൈമാറുന്നതും അതിൽനിന്ന്‌ 10 ലക്ഷം രൂപ മോൻസൺ സുധാകരന്‌ കൈമാറുന്നതും കണ്ടെന്ന്‌ മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജയ്‌സണും ജോഷിയും നൽകിയ രഹസ്യമൊഴിയും സുധാകരനെ കുടുക്കി.

സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവ്‌

കേസിൽ സുധാകരന്റെ പേരു പരാമർശിച്ചാൽ ഇല്ലാതാക്കുമെന്ന സുധാകരന്റെ ശബ്‌ദസന്ദേശം എബിൻ എബ്രഹാം കേൾപ്പിച്ചെന്ന്‌ അനൂപ്‌ മൊഴിനൽകിയിട്ടുണ്ട്‌. ഈ ശബ്‌ദസന്ദേശവും ക്രൈംബ്രാഞ്ചിന്‌ കൈമാറിയിരുന്നു. മരട്‌ പൊലീസിലും ക്രൈംബ്രാഞ്ച്‌ എഡിജിപിക്കും അനൂപ്‌ പരാതി നൽകിയതിന്റെ രേഖകളുമുണ്ട്‌. പരാതിക്കാരനായ എം ടി ഷെമീർ, നിർണായക സാക്ഷി അജിത് എന്നിവരെ എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്‌. എബിനാണ്‌ കെ സുധാകരനെ മോൻസണിന്‌ പരിചയപ്പെടുത്തിയതെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇയാൾ തന്റെ പിഎ ആണെന്ന്‌ സുധാകരൻതന്നെ വ്യക്തമാക്കുന്ന തെളിവുമുണ്ട്‌. മോൻസണിൽനിന്ന്‌ എബിൻ വൻ തുക കൈപ്പറ്റിയതിന്റെ ബാങ്ക്‌ അക്കൗണ്ട്‌ രേഖകളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News