CRZ ല്‍ കൂടുതല്‍ ഇളവ് നേടിയെടുക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

Pinarayi vijayan

സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി CRZ ല്‍ കൂടുതല്‍ ഇളവ് നേടിയെടുക്കുന്നതിന് തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി. നന്ദകുമാറിൻ്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കും.

Also Read: പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ല; മുഖ്യമന്ത്രി 

കരട് പ്ലാനിന്‍റെ ആനുകൂല്യം പൂര്‍ണ്ണമായി ലഭിക്കുവാന്‍ 10 തീരദേശ ജില്ലകളില്‍ പൊതുജനാഭിപ്രായം കൂടി തേടിയിരുന്നു. ഇതില്‍ ലഭിച്ച 33,000ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ചെന്നൈയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ സസ്സ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്‍റിന് (NCSCM) കൈമാറിയിരുന്നു. പ്രസ്തുത സ്ഥാപനം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയ കരട് തീരദേശ പരിപാലന പ്ലാന്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Also Read: മുണ്ടക്കൈ – ചൂരൽമല ദുരന്തം: പുനരധിവാസവും, കേന്ദ്രസഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന്മേൽ ഇന്ന് ചർച്ച

പഞ്ചായത്തുകളുടെ സോണ്‍ മാറ്റം ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ മിക്കതും അംഗീകരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് പ്രധാന നേട്ടമാണ്.

തീരദേശപരിപാലന നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള മേഖലയാണ് CRZ II. കേന്ദ്രം, മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പരിധിയില്‍ വരുന്ന സ്ഥലങ്ങളെയാണ് CRZ IIല്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ മറ്റു തീരദേശ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസാന്ദ്രതയുടെ കാര്യത്തിലും, അടിസ്ഥാനസൗകര്യവികസനത്തിന്‍റെ കാര്യത്തിലും സംസ്ഥാനത്തെ തീരദേശ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഏറെക്കുറെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണ്. പഞ്ചായത്തുകളെ CRZ II ല്‍ ഉള്‍പ്പെടുത്താത്ത സാഹചര്യമുണ്ടായാല്‍ അത് സംസ്ഥാനത്തിന് വളരെയധികം ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ 175 പഞ്ചായത്തുകളെ Legally Designated Urban Area കളായി വിജ്ഞാപനം ചെയ്യുകയും CRZ II ഗണത്തില്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനുള്ള അംഗീകാരമായി 2011 സെന്‍സസിന്‍റെ അടിസ്ഥാനത്തില്‍ നഗരസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ 66 തീരദേശ പഞ്ചായത്തുകളെ 2019ലെ തീരദേശപരിപാലന വിജ്ഞാപന പ്രകാരം കടുത്ത നിയന്ത്രണമുണ്ടായിരുന്ന സോണ്‍-III ല്‍ നിന്നും സോണ്‍ 2 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ജനസാന്ദ്രതയുള്ള പഞ്ചായത്തുകളെ, പുതുതായി 2019ലെ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തിയ CRZIII A എന്ന വിഭാഗത്തിലും, അതില്‍ കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ CRZ III B വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

CRZ A യിലെ വികസന നിഷിദ്ധ മേഖല നിലവിലുള്ള 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. കേരളത്തിലെ 31 പഞ്ചായത്തുകളെ CRZ III A കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 20 പഞ്ചായത്തുകള്‍ CRZ II കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ 11 പഞ്ചായത്തുകളാണ് CRZ III A കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയ്ക്കുകയും പ്രസ്തുത 50 മീറ്റര്‍ വരേയോ ജലാശയത്തിന്‍റെ വീതിയോ ഏതാണോ കുറവ് അതുമാത്രം വികസന നിഷിദ്ധ മേഖലയായി മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല.

മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ഏകദേശം പത്തുലക്ഷം തീരദേശ നിവാസികള്‍ക്ക് ആശ്വാസമാകും. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച ഭൂപടം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ 300 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് നിര്‍മ്മാണാനുമതി നേടാനാകും. CRZ II മേഖലയില്‍ 1991ന് മുമ്പ് നിലവിലുണ്ടായിരുന്ന Floor Space Index (FSI) ആയിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നത്. ഈ കടുത്ത നിയന്ത്രണത്തില്‍ നിന്നും പുതിയ പ്ലാന്‍ നിലവില്‍ വരുന്നതോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന FSI നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

പൊക്കാളി, കൈപ്പാട് കൃഷിപ്പാടങ്ങളില്‍ 1991ന് മുമ്പുള്ള ബണ്ട് വേലിയേറ്റ രേഖയായി കണക്കാക്കി തീരദേശ നിയമ നിയന്ത്രണങ്ങള്‍ വേലിയേറ്റ രേഖ വരെയാക്കി ചുരുക്കിയിട്ടുണ്ട്. ഈ നടപടി ആയിരക്കണക്കിന് കൃഷിക്കാര്‍ക്ക് നേട്ടമാകും. സ്വകാര്യ ഭൂമിയിലെ കണ്ടല്‍ക്കാടുകള്‍ക്ക് ബഫര്‍ സോണ്‍ പൂര്‍ണ്ണമായും ഒഴിവാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളില്‍ ഇളവ് നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകള്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ഇതിനോടകം നിരവധി തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News