മഹാത്മ അയ്യന്‍കാളി ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു; മന്ത്രി കെ രാധാകൃഷ്ണന്‍

പോരാട്ടത്തിന്റെയും ധീരതയുടെയും മാതൃകയായ മഹാത്മ അയ്യന്‍കാളി ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

മഹാത്മാ അയ്യന്‍കാളിയുടെ 160-ാം ജന്മവാര്‍ഷികമാണ് ഇന്ന്. തിരുവനന്തപുരം വെങ്ങാനൂരില്‍ അയ്യന്‍ – മാല ദമ്പതികളുടെ മകനായി 1863 ആഗസ്റ്റ് 28നാണ് അദ്ദേഹം ജനിച്ചത്. പോരാട്ടത്തിന്റെയും ധീരതയുടെയും മാതൃകയായ അദ്ദേഹം ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ഇന്നു നാം കാണുന്ന സാമൂഹ്യ സാഹചര്യങ്ങളായിരുന്നില്ല ഒരു നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ നിലവിലിരുന്നത്. ജാതിവ്യവസ്ഥയുടെ നുകങ്ങളില്‍ ദളിത് – പിന്നാക്ക വിഭാഗക്കാരെ തളച്ചിരുന്നു, അക്ഷരവും അറിവും അധികാരവും സമ്പത്തും ദളിതര്‍ക്ക് ഒരിക്കലും ലഭിക്കാതിരിക്കാന്‍ ഇടപെട്ടു, പൊതുവഴിയിലൂടെ നടക്കാനോ നല്ലവസ്ത്രം ധരിക്കാനോ നല്ലഭക്ഷണം കഴിക്കാനോ അവകാശമില്ലാതിരുന്ന അടിമ സമാനമായ ജീവിതം. ജാതിവിവേചനങ്ങള്‍ കൊടികുത്തിനിന്ന നാളുകളായിരുന്നു അക്കാലം.

Also Read: വിജയിയുടെ മകൻ സംവിധാന രംഗത്തേക്ക്; ആശംസകളുമായി ആരാധകർ

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും അലയൊലികള്‍ കേരളമാകെ ഈ കാലത്ത് ഉയര്‍ന്നു. അതിനൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനവും വര്‍ധിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സമരാഹ്വാനം ചെയ്ത അയ്യാ വൈകുണ്ഡ സ്വാമി, ദളിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യത്‌നിച്ച ആറാട്ടുപുഴ വേലായുധ പണിക്കര്‍, സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച ശ്രീനാരായണ ഗുരു തുടങ്ങിയ നേതാക്കളുടെ ഇടപെടലുകളും മാറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഇത്തരത്തില്‍ വിവിധ ആശയധാരകളുടെയും പ്രയോഗങ്ങളുടെയും കൈവഴികള്‍ ഒത്തുചേര്‍ന്ന പരിസരത്തുനിന്നുമാണ് അയ്യന്‍കാളിയെപ്പോലുള്ളവര്‍ ജാതിവിവേചനങ്ങള്‍ക്കും സാമൂഹ്യ അസമത്വങ്ങള്‍ക്കുമെതിരായ മുന്നേറ്റം ഏറ്റെടുത്തത്.

തദ്ദേശീയരായ പട്ടികവര്‍ഗ ജനതയെയും പട്ടികജാതി, പിന്നാക്ക വിഭാഗക്കാരെയും ഒരു കുടക്കീഴില്‍ ചേര്‍ത്തുപിടിക്കാന്‍ കേരളത്തിനു കഴിയുന്നതും നവോത്ഥാന – പുരോഗമന പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയ കരുത്തിലാണ്. എന്നാല്‍, നവോത്ഥാനവും പുരോഗമന മുന്നേറ്റങ്ങളും രാജ്യത്താകെയുണ്ടാക്കിയ മാറ്റങ്ങളെ ബോധപൂര്‍വം തകര്‍ക്കുന്ന കാഴ്ചകളാണിപ്പോള്‍ കാണുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ബിജെപി നയിക്കുന്ന കേന്ദ്ര ഭരണനേതൃത്വം തച്ചുതകര്‍ക്കുന്നു. ഭരണഘടന, ഫെഡറലിസം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ അടിസ്ഥാനശിലകളെ തകര്‍ക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെ സംഘപരിവാര്‍ വേട്ടയാടുകയാണ്.

Also Read: ഇന്‍ഷുറന്‍സ്, എയര്‍ ഫൈബര്‍, സ്മാര്‍ട്ട് ഹോം തുടങ്ങിയവയിൽ ലക്ഷ്യമിട്ട് റിലയൻസ്

ഇന്ത്യയിലെ ദളിതരുടെയും തദ്ദേശീയ ജനതയുടെയും പിന്നാക്കക്കാരുടെയും അരക്ഷിതാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മനുസ്മൃതിയെ ഭരണഘടനയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘപരിവാര്‍ ജനസംഖ്യയുടെ 25 ശതമാനത്തിലധികം വരുന്ന ദളിതരെ ഇപ്പോഴും മനുഷ്യരായി കാണുന്നില്ല. അവര്‍ ഏറെ കൊട്ടിഘോഷിക്കുന്ന ഹിന്ദു ജാതിവ്യവസ്ഥയില്‍ ദളിതരും തദ്ദേശീയ ജനതയുമില്ല എന്നതാണ് യാഥാര്‍ഥ്യം.

കേന്ദ്രസര്‍ക്കാരിന്റെ ഇന്നത്തെ നയസമീപനങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിലവസരങ്ങളും തദ്ദേശീയ – ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലകളിലും തൊഴിലിടങ്ങളിലും ഇവര്‍ ഒഴിവാക്കപ്പെടുന്നു. തങ്ങളുടേതായ ആവാസവ്യവസ്ഥകളില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെടുന്നു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന് അനുദിനം പറയുമ്പോഴും ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത ജനലക്ഷങ്ങള്‍ ഇന്ത്യയില്‍ അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നിതി ആയോഗിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്.

നാലു വര്‍ഷത്തിനിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കെതിരായ 1,89,000 കേസ് രജിസ്റ്റര്‍ ചെയ്തതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 54 ശതമാനം കേസുകളും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. വിചാരണകളും മറ്റുമായി വര്‍ഷങ്ങള്‍ നീണ്ടാലും ഒട്ടുമിക്ക കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. സാക്ഷികളെ കൂറുമാറ്റിച്ചും മറ്റുമാണ് കേസുകള്‍ അട്ടിമറിക്കുന്നത്. മാത്രമല്ല പല പ്രതികള്‍ക്കും താരപരിവേഷം ലഭിക്കുകയും ചെയ്യുന്നു. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിക്കുന്നു. കൂലി ചോദിച്ചതിന് മര്‍ദിച്ച് ചെരുപ്പുമാല അണിയിച്ചിട്ട് മൂത്രം കുടിപ്പിക്കുന്നു. ക്ഷേത്രത്തിലെ സമൂഹവിരുന്നിന് എത്തിയ ദളിത് കുടുംബത്തെ പന്തിയില്‍നിന്ന് ഇറക്കി വിടുന്നു തുടങ്ങി, ഇരുണ്ട കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന അതിക്രമങ്ങളാണ് ആധുനിക ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്കെതിരെ ഉണ്ടാകുന്നത്.

Also Read: ഓണക്കിറ്റ് വിതരണം തടയാന്‍ ഒളിഞ്ഞു, തെളിഞ്ഞും യുഡിഎഫ് ശ്രമം നടത്തി; എല്‍.ഡി.എഫ്

ഇതിനുപുറമെയാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വര്‍ഗീയ കലാപങ്ങള്‍. മെയ് ആദ്യം മണിപ്പൂരില്‍ തുടങ്ങിയ കലാപത്തിന്റെ ചോരത്തുള്ളികള്‍ ഇനിയും ഉണങ്ങിയിട്ടില്ല. സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങേണ്ട ഭരണനേതൃത്വം ഇപ്പോഴും വൈരാഗ്യത്തിന്റെ കനലുകള്‍ ഊതിപ്പെരുപ്പിക്കുകയാണ്. മണിപ്പൂരിനു പിന്നാലെ ഹരിയാനയിലും ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം കലാപം വിതയ്ക്കുകയാണ്. മണിപ്പൂരില്‍മാത്രം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു, കുട്ടികളെക്കൂടി കൊല്ലാതിരിക്കാന്‍ അവരെ അഭയാര്‍ഥി ക്യാമ്പുകളില്‍ വിട്ട് അമ്മമാര്‍ ഓടിപ്പോകാന്‍ നിര്‍ബന്ധിതരായി. സ്ത്രീകളുടെ മാനം തെരുവില്‍ സംഘം ചേര്‍ന്ന് വലിച്ചിഴയ്ക്കുന്നു. ലോകത്തിനു മുന്നില്‍ രാജ്യം നാണംകെട്ടു നിന്ന സംഭവപരമ്പരകളാണ് മണിപ്പൂരില്‍ കണ്ടത്.

വിവിധ ജാതികളെയും മതങ്ങളെയും തമ്മിലടിപ്പിച്ച് രാജ്യത്തെങ്ങും കൂടുതല്‍ കലാപങ്ങളും വര്‍ഗീയ ധ്രുവീകരണവും ഉണ്ടാക്കി അടുത്തു വരാന്‍പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സാമൂഹ്യ ഐക്യം തകര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വിതയ്ക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ ഒന്നിച്ചെതിര്‍ക്കേണ്ടതുണ്ട്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്താന്‍ വളരെ ജാഗ്രതയോടെ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇന്ത്യയിലെ പൊതു സാഹചര്യങ്ങളില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നുമെല്ലാം ഏറെ വ്യത്യസ്തമാണ് കേരളം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരങ്ങളൊരുക്കി, വീടും ഭൂമിയും ആരോഗ്യവും തൊഴിലും നല്‍കി ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ സര്‍ക്കാര്‍. അതി ദരിദ്രരായവരെ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ സമഗ്രമായ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നിതി ആയോഗിന്റെ കണക്കുകളില്‍ ബിഹാറില്‍ 51 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ 38 ശതമാനം പേരും ജാര്‍ഖണ്ഡില്‍ 42 ശതമാനം പേരും അതിദരിദ്രരായിരിക്കെ കേരളത്തിലിത് വെറും 0.052 ശതമാനമാണ്. അവര്‍ക്കുകൂടി മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കി പൊതുസമൂഹത്തിലേക്ക് ഉയര്‍ത്തുന്നതോടെ കേരളം ഇന്ത്യക്ക് വീണ്ടും മാതൃകയാകും.

Also Read: കൊട്ടാരക്കര കരിക്കത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

10 ബിഎക്കാരെ കണ്ടിട്ട് മരിക്കണമെന്ന് ആഗ്രഹിച്ച അയ്യന്‍കാളിയുടെ പിന്മുറക്കാര്‍ക്ക് സംസ്ഥാനത്തും രാജ്യത്തും വിദേശത്തുമൊക്കെ മികച്ച ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ അവസരം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി 425 പേരെ രണ്ടു വര്‍ഷത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ് നല്‍കി അയക്കാനായതില്‍ നമുക്ക് ഏറെ അഭിമാനിക്കാം. പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനവും വില്ലുവണ്ടിയുടെ ചക്രപ്രയാണവും ശ്രീമൂലം പ്രജാസഭയില്‍ മുഴങ്ങിയ ശബ്ദവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഉന്നതിയില്‍ അയ്യന്‍കാളിയുടെ അടയാളപ്പെടുത്തലുകളാണ്. ജാതി -ഉപജാതി, മത ബോധങ്ങള്‍ക്കപ്പുറമുള്ള മനുഷ്യരുടെ നന്മയില്‍ ഊന്നിയുള്ള കൂട്ടായ്മയാണ് നമുക്കു വേണ്ടത്. ആ വഴികള്‍ ഇന്ന് കൂടുതല്‍ തെളിഞ്ഞിരിക്കുന്നു.

നവകേരളത്തിലേക്കുള്ള പ്രയാണത്തില്‍, ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അയ്യന്‍കാളിയുടെ സ്മരണകള്‍ കൂടുതല്‍ ഊര്‍ജമാകുകയാണ്. അദ്ദേഹത്തിന്റെ 160-ാം ജന്മവാര്‍ഷികം ഓര്‍മിപ്പിക്കുന്ന ചരിത്രപാഠങ്ങളും സമത്വാധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും ആ പ്രയാണത്തിന് ഗതിവേഗം നല്‍കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News