വിദ്യാർത്ഥിയെ ബസ്സിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥി ബസ് മാറിക്കയറി എന്നായിരുന്നു കെഎസ്ആർടിസിയുടെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ. കീറിയ നോട്ടിന്റെ പേരിൽ ബസിൽ തർക്കം ഉണ്ടായിട്ടില്ലെന്നും കെഎസ്ആടിസി അധികൃതർ വ്യക്തമാക്കി. 13 വനിതാ കണ്ടക്ടർമാരെ ചീഫ് ഓഫീസിൽ വിളിച്ചുവരുത്തി തെളിവെടുത്തപ്പോഴാണ് വിദ്യാർത്ഥി ബസ് മാറിയതാണെന്ന് മനസ്സിലായത്.ചാക്ക വഴി കടന്നുപോയ ബസ് സർവീസിലെ വനിതാ കണ്ടക്ടർമാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം.
ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് ലുലു മാളിലേക്ക് വന്ന ബസിലെ വനിതാ കണ്ടക്ടറോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ഈ കണ്ടക്ടറെ വിദ്യാർഥി തിരിച്ചറിഞ്ഞു. കുട്ടി ബസിൽ മാറിക്കയറിയതാണെന്ന കണ്ടെത്തലിൽ അന്വേഷണം അവസാനിപ്പിച്ചു. ബസിൽ കയറിയവരെല്ലാം ടിക്കറ്റ് എടുത്തുവെന്നും ലുലു മാളിൽ യാത്ര അവസാനിപ്പിച്ച് മടങ്ങിയെന്നുമാണ് കണ്ടക്ടർ പറഞ്ഞത്.
കഴിഞ്ഞദിവസമായിരിക്കുന്നു ആക്കുളം എം.ജി.എം. സ്കൂളിലെ എട്ടാം ക്ലാസുകാരനെ കീറിയ നോട്ട് നൽകിയതിന്റെ പേരിൽ ബസിൽ നിന്നിറക്കിവിട്ടെന്ന വാർത്ത പുറത്തുവന്നത്. ചാക്ക, പാറ്റൂർ വഴി പോകുന്ന ബസാണെന്ന് കരുതി ആറ്റിങ്ങലിൽനിന്ന് ആക്കുളം ലുലുമാൾ വരെയുള്ള ബസിലാണ് ആക്കുളം എംജിഎം സ്കൂളിനുമുന്നിൽ നിന്ന് വിദ്യാർത്ഥി കയറിയത്. ലുലുമാൾ എത്തിയപ്പോൾ യാത്രക്കാരെല്ലാവരും ഇറങ്ങി. കുട്ടിയും ഇറങ്ങി. അല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here