രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. ഫൗരീദ് ഹുസൈൻ എന്ന 20 വയസ്സുകാരനായ പശ്ചിമ ബംഗാൾ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഈ മരണത്തോടുകൂടി 2023ലെ കണക്കുപ്രകാരം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 28 ആയി. നീറ്റ് പരീക്ഷാർത്ഥിയാണ് ഹുസൈൻ. വഖഫ് നഗർ ഏരിയയിലെ വാടകമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹുസൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹുസൈന്റെ മുറി അകത്ത് നിന്ന് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സാഹചര്യത്തിലും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കാത്തതിനെ തുടർന്നും നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വിദ്യാർഥിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദ്യാർഥി ആത്മഹത്യ കേസുകളിൽ ഭീകരമായ വർദ്ധനവിനാണ് രാജസ്ഥാൻ കോട്ട സാക്ഷ്യം വഹിച്ചത്. എല്ലാ കോച്ചിംഗ് സെന്ററുകളിലും സീലിംഗ് ഫാനുകളിൽ ആന്റി ഹാംഗിംഗ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുകയും രണ്ട് മാസത്തേക്ക് പരീക്ഷ നടത്തരുതെന്ന് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

മാതാപിതാക്കളാണ് വർദ്ധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ കുട്ടികളുടെ മേൽ അനാവശ്യ സമ്മർദം ചെലുത്തുന്നതിൽ കുറ്റപ്പെടുത്തേണ്ടത് മാതാപിതാക്കളെയാണ് എന്നും സ്ഥാപനങ്ങളെയല്ല എന്നും കോടതി പറഞ്ഞു. സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാത്തത് കൊണ്ടാണ് ആത്മഹത്യകൾ സംഭവിക്കുന്നത് എന്നും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൊണ്ടല്ല എന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥി മരണസംഖ്യകൾ ഇനിയും ഉയർന്നേക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News