കാട്ടിലെ കരുത്തനാണ് സിംഹം. വേഗത കൊണ്ടും പ്രഹരശേഷി കൊണ്ടും പിന്നെ, ഘനഗാംഭീര്യമായ ഗര്‍ജനം കൊണ്ടും കാടിനെയൊന്നടങ്കം വിറപ്പിച്ച് നിര്‍ത്തുന്നവന്‍. എന്നാല്‍, ഭയം കൊണ്ട്? ഭയം കൊണ്ട് സിംഹത്തേക്കാള്‍ മറ്റു മൃഗങ്ങള്‍ ഭയക്കുന്നത് ആരെയെന്ന് അറിയാമോ? അത് വേറാരെയുമല്ല. നമ്മള്‍ മനുഷ്യരെയാണത്രെ.! ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ മൃഗങ്ങളില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇപ്രകാരമൊരു കണ്ടെത്തലുള്ളത്. കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റായ മൈക്കല്‍ ക്ലിഞ്ചിയാണ് പഠനം നടത്തിയത്.
10,000-ത്തില്‍ അധികം മൃഗങ്ങളുടെ റിയാക്ഷന്‍ പരിശോധിച്ചതില്‍ നിന്നാണ് അദ്ദേഹം ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 95 ശതമാനത്തില്‍ അധികം മൃഗങ്ങളും സിംഹത്തിന്റെ ശബ്ദം കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭയപ്പെടുന്നത് മനുഷ്യരുടെ ശബ്ദം കേള്‍ക്കുമ്പോഴാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന വിവിധ മൃഗങ്ങളുടെ ശബ്ദം ഇവിടെ പ്ലേ ചെയ്തായിരുന്നു പഠനം. സിംഹത്തിന്റെ ഗര്‍ജനത്തിന് ഇടയിലും മനുഷ്യരുടെ ശബ്ദത്തോടാണ് മൃഗങ്ങള്‍ കൂടുതല്‍ ഭീതിയോടെ പ്രതികരിച്ചതെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. വേട്ടയാടുമെന്നും കൊലപ്പെടുത്തുമെന്നുമുള്ള ഭയമാണ് മൃഗങ്ങളില്‍ ഇത്തരമൊരു പ്രതികരണം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷണ സംഘത്തിലെ ആളുകള്‍ വിലയിരുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here